വയലില്‍ ഒളിഞ്ഞിരിക്കുന്ന നിധിയായ സ്വര്‍ഗ്ഗരാജ്യം കണ്ടെത്താനുള്ള എളുപ്പമാര്‍ഗ്ഗമാണ് ജപമാല- നടന്‍ സിജോയ് വര്‍ഗീസ്

വയലില്‍ ഒളിഞ്ഞിരിക്കുന്ന നിധിയായ സ്വര്‍ഗ്ഗരാജ്യം കണ്ടെത്താനുള്ള എളുപ്പമാര്‍ഗ്ഗമാണ് ജപമാല- നടന്‍ സിജോയ് വര്‍ഗീസ്

പരിശുദ്ധ ജപമാല പോലെ ക്രിസ്തുവിന്റെ ജീവിതത്തോട് ചേര്‍ന്നു നില്ക്കുന്ന മറ്റൊരു പ്രാര്‍ത്ഥന ഇല്ല എന്നതാണ് എന്റെ വിശ്വാസം. ക്രിസ്തുവിന്റെ ജീവിതത്തെ മുഴുവന്‍ ധ്യാനിച്ചുകൊണ്ടാണ് ജപമാലയിലൂടെ നാം കടന്നുപോകുന്നത്.

ചെറുപ്പം മുതല്‍ക്കേ പരിശുദ്ധ അമ്മയോടുള്ള ഭക്തിയിലാണ് ഞാന്‍ വളര്‍ന്നുവന്നത്. അമ്മച്ചിയും വല്യമ്മച്ചിയുമെല്ലാം ജപമാല ഭക്തരായിരുന്നു. ഒരപകടത്തില്‍ പെട്ട് അമ്മച്ചി മരിക്കുമ്പോള്‍ എനിക്ക് പതിനാറ് വയസായിരുന്നു പ്രായം. അമ്മച്ചി നഷ്ടപ്പെട്ട എനിക്ക് പിന്നീട് പരിശുദ്ധ അമ്മ, അമ്മയായി മാറി. മാതാവിന്റെ ഇടപെടലാണ് എന്റെ ജീവിതത്തെ ഇന്നേവരെ വലിയ പരിക്കുകളില്ലാതെ മുന്നോട്ടുനയിച്ചതെന്ന് എനിക്ക് തീര്‍ത്തു പറയാന്‍ സാധിക്കും.

എന്നാല്‍ അപ്പോഴൊന്നും മാതാവിന്റെ സാന്നിധ്യത്തെക്കുറിച്ച് ഞാന്‍ ആഴത്തിലുള്ള ബോധ്യത്തിലേക്ക് വളര്‍ന്നിരുന്നില്ല എന്നതാണ് സത്യം. കരിസ്മാറ്റിക് പ്രസ്ഥാനവുമായി ബന്ധപ്പെട്ട് തുടങ്ങിയപ്പോഴാണ് എന്നെ ഇതുവരെ കൈപിടിച്ചു നടത്തിയ പരിശുദ്ധ അമ്മയുടെ കരത്തിന്റെ ബലം എനിക്ക് മനസ്സിലായത്.

ഭാര്യയാണ് എന്നെ വിശ്വാസത്തിലേക്ക് വളര്‍ത്തിയത്. വിശ്വാസിയായ ഭാര്യ വഴി അവിശ്വാസിയായ ഭര്‍ത്താവ് രക്ഷപ്പെട്ടതിന്റെ കഥയാണ് എന്റെ ജീവിതം എന്ന് ചുരുക്കത്തില്‍ പറയാം. ചെറുപ്പത്തിലേ അള്‍ത്താരബാലനും കെസിഎസ്എല്‍, ഡിസിഎല്‍ എന്നിവയിലെ പ്രതിനിധിയൊക്കെയായിരുന്നുവെങ്കിലും വളര്‍ന്നുവന്നപ്പോള്‍ ലോകത്തിന്റെ പല സ്വാധീനങ്ങളും എന്നില്‍ പിടിമുറുക്കിയിരുന്നു.

അവയെ തൂത്തെറിയാനും അറുത്തുമുറിക്കുവാനും കഴിയത്തക്കവിധത്തിലുള്ള എന്റെ പ്രാര്‍ത്ഥനാജീവിതം ശക്തിപ്പെടുത്തിയതും ആഴപ്പെട്ട ആത്മീയതയിലേക്ക് എന്നെ നയിച്ചതും ഭാര്യയായിരുന്നു. ആദ്യകുഞ്ഞിനെ അവള്‍ ഗര്‍ഭം ധരിച്ചിരിക്കുന്ന വേളയിലാണ് ആദ്യമായി ഒരു കരിസ്മാറ്റിക് ധ്യാനത്തില്‍ ഞാന്‍ പങ്കെടുക്കുന്നത്. മുരിങ്ങൂരായിരുന്നു അത്.

പറയത്തക്ക ഒരു മാറ്റവും എനിക്ക് ആ ധ്യാനം സമ്മാനിച്ചില്ല എന്നതാണ് സത്യം.കത്തോലിക്കനായി ഇത്രയും കാലം ജീവിച്ചിട്ടും ഞാന്‍ മനസ്സിലാക്കാതെ പോയ എന്റെ നല്ലവനായ ദൈവത്തെ മറ്റ് മതസ്ഥര്‍ സാക്ഷ്യങ്ങളിലൂടെ വര്‍ണ്ണിക്കുന്നതു കേട്ടപ്പോള്‍ എനിക്ക് ജാള്യം തോന്നിയിരുന്നു.
പിന്നീട് രണ്ടാമതും മൂന്നാമതും ഭാര്യ ഗര്‍ഭിണിയായപ്പോഴും ഞങ്ങള്‍ ഓരോ ധ്യാനങ്ങളില്‍ സംബന്ധിച്ചു. മൂന്നാമത്തെ ധ്യാനത്തോടെയാണ് ദൈവം എന്നെ തൊടുന്നതായ അനുഭവത്തിലേക്ക് ഞാന്‍ മാറിയത്.

തുടര്‍ന്ന് ഞാന്‍ തുടര്‍ച്ചയായി നാലോ അഞ്ചോ ധ്യാനങ്ങളില്‍ പങ്കെടുത്തു. അവ എന്നെ പരിപൂര്‍ണ്ണമായും മാറ്റിയെടുത്തു. ഇന്ന് കാണുന്ന രീതിയിലുള്ള ഒരു സിജോയി വര്‍ഗ്ഗീസിനെ രൂപപ്പെടുത്തിയത് ആ ധ്യാനങ്ങളാണ്. വിശ്വാസം ദൈവത്തിന്റെ ദാനമാണ്. അങ്ങനെയാണ് ഞാന്‍ വിശ്വസിക്കുന്നത്.

ഭര്‍ത്താവും ഭാര്യയും ഒരുമിച്ച് ചോദിക്കുന്ന ഒരു കാര്യവും ദൈവം തരാതെ പോകില്ല എന്നതാണ് എന്റെ അനുഭവം. നിങ്ങളില്‍ രണ്ടോ മൂന്നോ പേര്‍ എന്റെ നാമത്തില്‍ ഒരുമിച്ചു കൂടുമ്പോള്‍ അവരുടെ മധ്യേ ഞാനുണ്ടായിരിക്കും എന്ന തിരുവചനം ഞാനോര്‍മ്മിക്കുന്നു. എനിക്ക് തോന്നുന്നത് ഈ രണ്ടു പേര്‍ ഭാര്യയും ഭര്‍ത്താവും ആണെന്നാണ്.. മൂന്നുപേരാകുമ്പോള്‍ അത് കുടുംബവും മക്കളുമാകുന്നു. കുടുംബപ്രാര്‍ത്ഥനയുടെ ആവശ്യകതയിലേക്കാണ് ഇത് നമ്മെ കൊണ്ടുപോകുന്നത്. എന്റെ കുടുംബത്തില്‍ കുടുംബപ്രാര്‍ത്ഥനയ്ക്ക് ഇതുവരെയും മുടക്കം വരുത്തിയിട്ടില്ല.  എനിക്ക് എല്ലായ്‌പ്പോഴും കുടുംബപ്രാര്‍ത്ഥനയില്‍ പങ്കെടുക്കാന്‍ സാധിക്കാറില്ലെങ്കിലും മക്കളെയും കൂട്ടി ഭാര്യ ആ കടമ മനോഹരമായി നിര്‍വഹിക്കുന്നുണ്ട്.

മക്കള്‍ക്കു വേണ്ടി മാതാപിതാക്കള്‍ കൂടുതലായി പ്രാര്‍ത്ഥിക്കേണ്ട കാലമാണിത്. മക്കളെ നേര്‍വഴിക്ക് നയിക്കാന്‍ കാവല്‍മാലാഖമാരോട് പ്രാര്‍ത്ഥിക്കണം. ജപമാലയിലൂടെ മറ്റുള്ളവരുടെ നിയോഗങ്ങള്‍ക്ക് വേണ്ടി മാധ്യസ്ഥം പ്രാര്‍ത്ഥിക്കുന്നതാണ് എന്‍റെ ഒരു രീതി.  എനിക്ക് വേണ്ടി മറ്റുള്ളവരുടെ പ്രാര്‍ത്ഥന ഞാന്‍ ചോദിച്ചു വാങ്ങാറുമുണ്ട്.

ദിവസവും ഒരു ജപമാല ഞാന്‍ ചൊല്ലി പ്രാര്‍ത്ഥിക്കാറുണ്ട്. പരിശുദ്ധ അമ്മയുടെ വിശേഷദിവസങ്ങളില്‍ സമ്പൂര്‍ണ്ണ ജപമാല ചൊല്ലും. ജപമാല ചൊല്ലി പ്രാര്‍ത്ഥിച്ച ഒരു നിയോഗവും എനിക്ക് ലഭിക്കാതെ വന്നിട്ടില്ല.

പ്രസിദ്ധമായ മരിയന്‍ തീര്‍ത്ഥാടനകേന്ദ്രമായ മെഡ്ജുഗോറിയ സന്ദര്‍ശിക്കാന്‍ എനിക്ക് ഭാഗ്യം ലഭിച്ചിട്ടുണ്ട്. എല്ലാ കത്തോലിക്കനും ജീവിതത്തില്‍ ഒരിക്കലെങ്കിലും സന്ദര്‍ശിക്കേണ്ട ഇടമാണ് അതെന്നാണ് എനിക്ക് തോന്നുന്നത്. എല്ലാ മാസവും രണ്ടാം തീയതി ഇന്നും പരിശുദ്ധ അമ്മ അവിടെ പ്രത്യക്ഷപ്പെടുന്നു എന്നതാണ് അതിന്റെ പ്രത്യേകത. വിഷനറിയെ കാണാനും വിഷനറി മാതാവുമായി സംസാരിക്കുന്നത് കാണാനും എനിക്ക് ഭാഗ്യം ലഭിച്ചിട്ടുണ്ട്.

ജപമാല പ്രാര്‍ത്ഥനയോടുള്ള സ്‌നേഹമാണ് ദുബായി സെന്റ് മേരീസ് പളളിയില്‍ സോള്‍ജേഴ്‌സ് ഓഫ് ഹോളി റോസറി(പരിശുദ്ധ ജപമാലയുടെ പടയാളികള്‍) എന്ന ജപമാല സഖ്യത്തിന് 2010  ല്‍ രൂപം കൊടുക്കാന്‍ എന്നെ പ്രേരിപ്പിച്ചത്. തുടക്കത്തില്‍ അഞ്ചോ ആറോ പേര്‍ ആയിരുന്നത് ഇന്ന് മുന്നൂറിലധികം ആളുകളായിട്ടുണ്ട്. ഇന്നും അവിടെ ഇത്രയും പേര്‍ ലോകത്തിന്റെയും സഭയുടെയും വിവിധ നിയോഗങ്ങള്‍ക്കുവേണ്ടി എല്ലാ ദിവസവും പ്രാര്‍ത്ഥിക്കുന്നു.

ഇടപ്പള്ളി ഇടവകാംഗമാണെങ്കിലും ഞാന്‍ തൃപ്പൂണിത്തുറയിലാണ് താമസം. ആത്മീയമായി പക്വത പ്രാപിച്ചവരും തീക്ഷ്ണമതികളുമാണ് എന്റെ അയല്‍ക്കാര്‍. ഇവിടെ താമസമാക്കിയപ്പോള്‍ മുതല്‍ മാതാവിന്റെ വിശേഷദിവസങ്ങളില്‍ അയല്‍ക്കാരുമായി ചേര്‍ന്ന് ഞങ്ങള്‍ സമ്പൂര്‍ണ്ണ ജപമാല ചൊല്ലി പ്രാര്‍ത്ഥിക്കാറുണ്ട്. കുട്ടികളും വളരെ തീക്ഷ്ണമായി ഇത്തരം പ്രാര്‍ത്ഥനകളില്‍ പങ്കെടുക്കാറുണ്ട്.

വയലില്‍ ഒളിഞ്ഞിരിക്കുന്ന നിധിയായ സ്വര്‍ഗ്ഗരാജ്യം കണ്ടെത്താനുള്ള എളുപ്പമാര്‍ഗ്ഗമാണ് ജപമാല. ആ നിധി കണ്ടെത്താന്‍ നാം ജപമാലയുടെ പാതയിലൂടെ ധ്യാനാത്മകമായി സഞ്ചരിക്കണം.  പരിശുദ്ധ അമ്മയും സകല വിശുദ്ധരും സകല മാലാഖമാരും ക്രിസ്തുവിനെ കണ്ടെത്താന്‍ നമ്മെ സഹായിക്കും.

ജീവിതത്തിലെ പല സഹനങ്ങളിലൂടെയും കടന്നുവന്നിട്ടുള്ള വ്യക്തിയാണ് ഞാന്‍. പക്ഷേ എനിക്ക് മനസ്സിലായ ഒരു കാര്യമുണ്ട്. വെളിപ്പെടാനിരിക്കുന്ന മഹത്വത്തോട് തുലനം ചെയ്യുമ്പോള്‍ നമ്മുടെ സഹനങ്ങളെല്ലാം നിസ്സാരമാണ്. വളരെ നല്ല ഒരു ഗാനമില്ലേ ഇലപൊഴിയും കാലങ്ങള്‍ക്കപ്പുറം തളിരിടുന്ന കാലമുണ്ട് അതോര്‍ക്കണം എന്ന്. അതുപോലെയാണ് ജീവിതത്തിലെ വിഷമതകളും. ഓരോ സഹനങ്ങള്‍ക്ക് പിന്നിലും ഒരു മഹത്വം ഒളിഞ്ഞിരിപ്പുണ്ട്.

ഭയപ്പെടേണ്ട എന്നാണല്ലോ ക്രിസ്തു നമ്മോട് പറഞ്ഞിരിക്കുന്നത്. ജപമാല ചൊല്ലി പ്രാര്‍ത്ഥിക്കുമ്പോള്‍ പിശാചിന് നമ്മെ ഉപദ്രവിക്കാനാവില്ല. ഒരോ ജപമാല പ്രാര്‍ത്ഥനയും നമ്മെ കോട്ട കെട്ടി സംരക്ഷിച്ചുകൊണ്ടിരിക്കുകയാണ്. ജപമാല അണിഞ്ഞിരിക്കുന്ന വ്യക്തിയെ കാണുന്നത് എനിക്ക് ദൈവികമായ ഒരു അനുഭവമാണ് സമ്മാനിക്കുന്നത്.
പരിശുദ്ധ അമ്മയോടുള്ള സ്‌നേഹം കാരണമാണോ എന്നറിയില്ല എനിക്കേറെ ഇഷ്ടപ്പെട്ട നിറങ്ങള്‍ നീലയും വെള്ളയുമാണ്.

ചലച്ചിത്ര മേഖലയെന്നാല്‍ വളരെ മോശപ്പെട്ട ഒരു ഫീല്‍ഡാണെന്ന് പലര്‍ക്കും ഒരു തെറ്റിധാരണയുണ്ട്. നല്ല കുടുംബപാരമ്പര്യമുള്ള, വിദ്യാഭ്യാസമുള്ളവര്‍ കടന്നുവരുന്ന ഒരു മേഖലയായി ഇന്ന് സിനിമാരംഗം മാറിയിട്ടുണ്ട്. മറ്റൊരു ഫീല്‍ഡില്‍ സംഭവിക്കാവുന്ന വഴിപിഴയ്ക്കലുകള്‍ മാത്രമേ ഇവിടെയുമുള്ളൂ. സിനിമയില്‍ വന്നതിന്റെ പേരില്‍ മാത്രം ഇവിടെ ആരും വഴിപിഴച്ചുപോയിട്ടില്ല. എന്നാല്‍ സിനിമയ്ക്ക് മനുഷ്യരെ വലിയ തോതില്‍ സ്വാധീനിക്കാന്‍ സാധിക്കും എന്നത് സത്യമാണ്. അതുകൊണ്ട് മറ്റുള്ളവരുടെ ഇടര്‍ച്ചയ്ക്ക് കാരണമാകാത്ത രീതിയില്‍ നിലനില്ക്കുക എന്നതാണ് സിനിമാ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഒരു വ്യക്തിയെന്ന നിലയില്‍ എനിക്ക് മുമ്പിലുള്ള വെല്ലുവിളി.

സമൂഹ നന്മയ്ക്ക് ഉതകുന്ന വിധത്തിലുള്ള നല്ല കഥാപാത്രങ്ങള്‍ക്ക് വേണ്ടിയാണ് ഞാന്‍ കാത്തിരിക്കുന്നത്.  ലഭിക്കുന്ന അത്തരം കഥാപാത്രങ്ങള്‍ എന്‍റെ വിശ്വാസത്തിന് ഉതകുന്ന വിധത്തിലുള്ളതായിരിക്കണേ എന്നതാണ് എന്‍റെ  പ്രാര്‍ത്ഥന.

( സിജോയ് വര്‍ഗീസ് : നടന്‍, ആഡ് ഫിലിം മേക്കര്‍ എന്നീ നിലകളില്‍ പ്രശസ്തന്‍. ഏബിസിഡി, തിര, ബാംഗ്ലൂര്‍ ഡെയ്‌സ്, അവതാരം, രാജാധിരാജ, അയാള്‍ ഞാനല്ല, ജമ്‌നാപ്യാരി, ജെയിംസ് ആന്റ് ആലീസ് എന്നീ സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്.ഇതില്‍ ബാംഗ്ലൂര്‍ ഡേയ്സിലെ കോച്ചും ജെയിംസ് ആന്റ് ആലീസിലെ പീറ്ററും ഏറെ ശ്രദ്ധിക്കപ്പെട്ട കഥാപാത്രങ്ങളായിരുന്നു.   ഇടപ്പള്ളി കേളം പറമ്പില്‍ കുടുംബാംഗം. ഭാര്യ ടെസി, മക്കള്‍: ആദിത്യ വര്‍ഗീസ്, എമി മറിയം, ആനി മറിയം, ആന്റണി റാഫേല്‍).

You must be logged in to post a comment Login