സങ്കടങ്ങള്‍ നല്കി ക്രിസ്തു നമ്മെ സ്‌നേഹിക്കുമ്പോള്‍

സങ്കടങ്ങള്‍ നല്കി ക്രിസ്തു നമ്മെ സ്‌നേഹിക്കുമ്പോള്‍

കുരിശാണ് ക്രിസ്തു നല്കുന്ന സമ്മാനം. സങ്കടങ്ങള്‍
നല്കിയാണ് ക്രിസ്തു നമ്മെ സ്‌നേഹിക്കുന്നത്
-അല്‍ഫോന്‍സാമ്മ.

ഉയിര്‍പ്പിന്റെ മഹിമയെ പ്രാപിക്കുന്ന വേളകളിലെല്ലാം ധ്യാനിക്കാന്‍ ഇതിനെക്കാള്‍ നല്ലൊരു വിഷയം വേറെയില്ല. കാരണം ജീവിതത്തില്‍ ഒരിക്കലും ഓശാന ഞായറിന്റെ അനുഭവം സിദ്ധിക്കാത്ത ഒരാളാണ് അത് പറഞ്ഞിരിക്കുന്നത്.

സ്നേഹിക്കുന്നതിന് ക്രിസ്തു നല്കുന്ന അടയാളമാണ് കുരിശെന്ന് വിശ്വസിക്കുന്നവര്‍ എത്രപേരുണ്ട്? സങ്കടങ്ങളും ദുരിതങ്ങളും രോഗങ്ങളും ദൈവശാപമെന്ന് കരുതുന്ന  കാലത്താണ് നമ്മുടെ ജീവിതം.

ഒരാള്‍ തുടര്‍ച്ചയായി രോഗങ്ങള്‍ക്കും നിന്ദനങ്ങള്‍ക്കും ദാരിദ്ര്യത്തിനും വിധേയനാവുമ്പോള്‍ പൊതുമനസ്സുകള്‍ വിലയിരുത്തുന്നത് ദൈവം അയാളെ ഉപേക്ഷിച്ചുവെന്നുതന്നെയാണ്.  നമ്മുടെ ഒട്ടുമിക്ക ആദ്ധ്യാത്മികതകളും സമൃദ്ധിയെയും ഐശ്വര്യത്തെയും മാത്രമാണ് ദൈവത്തിന്റെ സ്‌നേഹമായും സമ്മാനമായും വിലയിരുത്തുന്നത്. അല്ലാതുള്ളവയെല്ലാം പൈശാചികമെന്ന് വിലയിരുത്തപ്പെടുന്നു.

ദൈവത്തിന്റെ അനുഗ്രഹങ്ങളെ മാത്രമല്ല ദൈവം അനുവദിക്കുന്ന സഹനങ്ങളെയും സമ്മാനങ്ങളായി കരുതുന്നവിധത്തില്‍ നമ്മുടെ ആദ്ധ്യാത്മികതകളെ പുതുക്കിപ്പണിയേണ്ടിയിരിക്കുന്നു. നിഷേധാത്മകതകളെ പ്രസാദത്തോടെ സ്വീകരിക്കാന്‍ അത്തരമൊരു പ്രവണത വഴിതെളിച്ചേക്കും. നമ്മുടെ പ്രാതികൂല്യങ്ങളെല്ലാം മനംകെട്ടും സഹികെട്ടും നാം ചുമക്കുന്നത് സഹനങ്ങളോടുള്ള മേല്പ്പറഞ്ഞവിധത്തിലുള്ള പ്രചാരണം കൊണ്ടാണ്. കുരിശില്ലാതെ കിരീടമില്ലെന്ന വിശ്വാസവും ഇക്കാലത്ത് അപ്രസക്തമാവുന്നു. നീയും ഞാനും എന്ന ഭേദമില്ലാതെ രോഗങ്ങളില്‍നിന്നും ദുരിതങ്ങളില്‍നിന്നുമുള്ള മോചനമാണ് നമ്മളെല്ലാവരും ആഗ്രഹിക്കുന്നത്.

നമ്മുടെ പ്രാര്‍ത്ഥനകളെയും പരിത്യാഗപ്രവൃത്തികളെയും എല്ലാം ഒന്നപഗ്രഥിച്ചുനോക്കൂ. ക്രിസ്തുവിന് വേണ്ടിയല്ല നമ്മുടെ ഉപവാസങ്ങള്‍… ക്രിസ്തുവിനോടുള്ള സ്‌നേഹത്തെപ്രതിയല്ല എന്റെ ത്യാഗങ്ങള്‍… അമ്പതു ദിവസത്തെ നോമ്പുകളും ഉപവാസങ്ങളുമെല്ലാം മറ്റൊരര്‍ത്ഥത്തില്‍ നമ്മുടെ തികഞ്ഞ സ്വാര്‍ത്ഥതയില്‍ നിന്നുരിത്തിരിയുന്നതാണെന്ന് പറയാം. ക്രിസ്തുവിന്റെ സഹനത്തില്‍ പങ്കുചേരുകയാണെന്ന വ്യാജേന നാം നമ്മുടെ ഇത്തിരിപോന്ന ചില വര്‍ജ്ജിക്കലുകള്‍ക്ക് ദൈവത്തില്‍നിന്ന് പ്രതിഫലം ആവശ്യപ്പെടുന്നുണ്ട് എന്നതാണ് അതിനെ വിലയില്ലാത്തതാക്കുന്നത്.

ഞാന്‍ അമ്പതു ദിവസം ഇറച്ചിയും മീനും ഉപേക്ഷിക്കുകയും മുട്ട കഴിക്കുകയും ചെയ്തുകൊണ്ട് ദൈവത്തിനോട് ആവശ്യപ്പെടുന്നതെന്താണ്, ഞാന്‍ ഇത്രയുമൊക്കെ സഹനം അനുഭവിക്കുന്നതുകൊണ്ട് എനിക്ക് ചില ഉദ്ദിഷ്ടകാര്യങ്ങള്‍ നിവര്‍ത്തിച്ചുതരണമെന്ന് തന്നെയാണ്. അമ്പതു ദിവസം മുടങ്ങാതെ വിശുദ്ധബലിയില്‍ സംബന്ധിക്കുന്നതും കുരിശിന്റെ വഴിയില്‍ 14 സ്ഥലവും മുട്ടുകുത്തുകയും നിവരുകയും ചെയ്യുന്നതും ചില നിര്‍ദ്ദിഷ്ട താല്പര്യങ്ങളോടെയല്ലേ?

ഉള്ളിന്റെയുള്ളില്‍  ആഗ്രഹിക്കുന്നതും ആവശ്യപ്പെടുന്നതും ചില ഭൗതികനന്മകള്‍ തന്നെ.
ദുഃഖവെള്ളിയാഴ്ചയാചരണത്തില്‍ കയ്പ്പുനീര് കുടിക്കുന്നതില്‍ തന്റെ ഒരുവര്‍ഷത്തെ എല്ലാ പാപകര്‍മ്മങ്ങള്‍ക്കും പ്രായശ്ചിത്തം ഒതുക്കുന്നതില്‍ വ്യാപൃതനായ ഒരാള്‍. ഇത്തരം ചില അനുഷ്ഠാനങ്ങളുടെ പേരില്‍ ദൈവത്തിനോട് ബലം പിടിക്കാന്‍ കഴിയുന്നത്ര നിസ്സാരമാണ് നമ്മുടെ ത്യാഗങ്ങളെന്നത് എന്നെ ലജ്ജിതനാക്കുന്നു.

ദിനംതോറുമുള്ള സമൂഹപ്രാര്‍ത്ഥനകളില്‍ ദൈവത്തിന് മുമ്പില്‍ അര്‍പ്പിക്കുന്ന നിവേദനങ്ങളുടെ ബാഹുല്യവും സ്വഭാവവും ചിലപ്പോഴെ ങ്കിലും അമ്പരപ്പിച്ചിട്ടുണ്ട്. ഒന്നും ആകും വിധത്തില്‍ സ്വീകരിക്കുവാനുള്ള ത്രാണിക്കുവേണ്ടിയല്ല എല്ലാം ഞാന്‍ ആഗ്രഹിക്കുന്നവിധത്തില്‍ വേണമെന്നുള്ള കടുംപിടുത്തങ്ങളാണ് മിക്ക പ്രാര്‍ത്ഥനകളുടെയും സ്വഭാവം.
ഒരാള്‍ എന്നെക്കാള്‍ പലവിധത്തിലും അനുഗ്രഹിക്കപ്പെട്ടിരിക്കുന്നത് ദൈവം എന്നെ തഴഞ്ഞിട്ടിരിക്കുന്നതുകൊണ്ടാണെന്ന് ഞാനിപ്പോള്‍ വിശ്വസിക്കുന്നില്ല.

ജീവിതത്തില്‍ തന്റേതല്ലാത്ത കാരണങ്ങളാല്‍ ഏറ്റുവാങ്ങേണ്ടിവരുന്ന, പ്രതികൂലമായി വരുന്ന എല്ലാത്തിനെയും സന്തോഷത്തോടെ സ്വീകരിക്കുന്ന… അങ്ങനെ വരുന്ന അവസ്ഥയിലെ കുരിശുകള്‍ക്കേ ദൈവത്തിന്റെ പ്രതിഫലം ഉണ്ടാവു. ജീവിതഭാഗം മുഴുവന്‍ പലതരത്തിലുള്ള വിപരീതാനുഭവങ്ങളിലൂടെയും കടന്നുപോയിട്ടും വെറുമൊരു കന്യാസ്ത്രീ വിശുദ്ധയായി മാറിയതിന്റെ രസതന്ത്രം അല്‍ഫോന്‍സാമ്മയില്‍ തിരയുമ്പോള്‍ കണ്ടെത്തുന്നതും ഇതാണ്.
സ്‌നേഹവും സഹനവും തമ്മില്‍ ബന്ധമുണ്ട്. ഒരേ നാണയത്തിന്റെ ഇരുപുറങ്ങള്‍ പോലെയാണത്. ആത്മാര്‍ത്ഥമായി സ്‌നേഹിക്കുന്നവര്‍ സഹനത്തിന്റെ വഴികളിലൂടെ പോയേ തീരൂ.

ക്രിസ്തു എന്തുകൊണ്ട് സഹനവഴികളിലൂടെ സഞ്ചരിച്ചു? മറിയം എന്തുകൊണ്ട് ആത്മാവില്‍ പീഡകളേറ്റു? ഉത്തരം ക്രിസ്തുവും മറിയവും സ്‌നേഹത്തിന്റെ ഉടമകളായിരുന്നുവെന്നാണ്.
ഒരു സ്‌നേഹവും നിന്നെ വേദനിപ്പിച്ചിട്ടില്ലെന്നോ… സ്‌നേഹത്തിന്റെ പേരില്‍ നീ ഇന്നേവരെ സഹിച്ചിട്ടില്ലെന്നോ… ആത്മസംഘര്‍ഷങ്ങളിലൂടെയും അത് നല്കുന്ന വേദനകളിലൂടെയും നീ കടന്നുപോയിട്ടില്ലെന്നോ… എങ്കില്‍ നീ ആരെയും സ്‌നേഹിച്ചിട്ടില്ല എന്ന് പറയേണ്ടിവരും.  സ്‌നേഹിക്കുക എന്നത് ആത്മാവിനോളം വേദന സഹിക്കുന്ന അനുഭവമാണ്. സ്‌നേഹത്തിന്റെ പേരില്‍ കുരിശുകള്‍ ചുമന്ന ഒരാള്‍ക്കേ സ്‌നേഹത്തിന്റെ ഉയിര്‍പ്പുകളിലേക്ക് പ്രവേശനമുള്ളൂ. വേദനകളുടെ രാത്രികളില്‍ നീയെന്തു ചെയ്യും എന്ന് ബിഷപ്പിന്റെ ചോദ്യത്തിന് ഞാന്‍ അപ്പോഴും സ്‌നേഹിക്കുകയാണെന്നാണല്ലോ അല്‍ഫോന്‍സാമ്മ പറഞ്ഞത്.

ഒരാള്‍ തനിക്ക് കിട്ടിയതാണ് മറ്റുള്ളവര്‍ക്ക് കൈമാറുന്നത്.  നാട്ടിന്‍ പ്പുറങ്ങളിലെ ചില അമ്മായിയമ്മ പോരുകള്‍ അടുത്ത തലമുറയിലേക്ക് കൈമാറുന്നതുപോലെയും റാംഗിംങിന് വിധേയനായവന്‍ അടുത്ത വര്‍ഷം റാംഗിംങ് വീരന്‍ ആകുന്നതുപോലെയും നമ്മുടെ മിക്ക അനുഭവങ്ങള്‍ക്കും ചില നൈരന്തര്യങ്ങളോ ആവര്‍ ത്തനങ്ങളോ ഉണ്ട്. അപൂര്‍വ്വമായി മാത്രമേ ഇതിനപവാദമുള്ളൂ. ലോകത്തിലേക്കും വച്ചേറ്റവും മുറിവേറ്റവനായ ക്രിസ്തു താന്‍ സ്‌നേ ഹിക്കുന്നവര്‍ക്കും തന്നെ സ്‌നേഹിക്കുന്നവര്‍ക്കും കുരിശുകള്‍ സമ്മാനിക്കുന്നത് താനേറ്റ പീഡനങ്ങള്‍ മറ്റൊരാള്‍ക്ക് കൈമാറു ന്നതിന്റെ ഭാഗമാണെന്ന് കരുതുന്നത് മാനുഷികമായിരിക്കാം. പക്ഷേ അത് കുറെയൊക്കെ ശരിയുമാണ്. അത്തരമൊരു വിശ്വാസമായിരിക്കാം അല്‍ഫോന്‍സാമ്മയെക്കൊണ്ട് മുകളില്‍പറഞ്ഞത് പറയിപ്പിച്ചത്.

സ്‌നേഹിക്കുന്നവരില്‍നിന്ന് കുരിശു സ്വീകരിക്കുക… സ്‌നേഹി ക്കപ്പെടുന്നവര്‍ക്ക് കുരിശുകള്‍ സമ്മാനിക്കുക… ആര്‍ക്കു സാധിക്കുമത്?

ഓശാന ഞായറില്‍നിന്ന് ദുഃഖവെള്ളിയിലേക്ക് കുറെ അകലമുണ്ടായിരിക്കും. പക്ഷേ ദുഃഖവെള്ളിയില്‍നിന്ന് ഉയിര്‍പ്പുഞായറിലേക്ക് അധികം ദൂരമില്ലെന്നറിയണം. ദുഃഖവെള്ളിയെ താണ്ടാന്‍ പ്രേരണയാകുന്നത് ഉയിര്‍പ്പുഞായറിലേക്കുള്ള ദൂരക്കുറവും ദുഃഖവെള്ളിയിലെത്താന്‍ വിമുഖത കാണിക്കുന്നത് ഓശാനഞായറിന്റെ ആഘോഷങ്ങളില്‍ നിന്ന് മുക്തി നേടാത്ത അവസ്ഥയുമാണ്.

ക്രിസ്തുവിന്റെ ഉയിര്‍പ്പ് ക്രിസ്തുവിന്റെ മാത്രം ഉയിര്‍പ്പാണെന്ന് ഞാന്‍ കരുതുന്നില്ല. അത് മറിയത്തിന്റെ കൂടി ഉയിര്‍പ്പാണ്… അത് ക്രിസ്തുവിനോട് ബന്ധപ്പെടുകയും ക്രിസ്തുവിനോടൊത്തുള്ള വഴികളില്‍ സഞ്ചരിക്കുകയും ചെയ്ത ഓരോരുത്തരുടെയും ഉയിര്‍പ്പാണ്.

മറിയം അനുഭവിച്ച സഹനങ്ങളെക്കാള്‍ വേദന അനുഭവിക്കുന്ന, അനുഭവിച്ച എത്രയോ സ്ത്രീകള്‍ നമുക്ക് ചുറ്റിനുമുണ്ട്. എന്നിട്ടും അവരാരുമെന്തേ മറിയമാകാത്തത്? ചില രാഷ്ട്രീയസംഭവവികാസങ്ങളെ പരിശോധിക്കൂ… തങ്ങളുടെ കണ്‍മുമ്പില്‍വച്ച് തങ്ങളുടെ എത്രയോ പ്രിയപ്പെട്ടവരാണ് ആ സ്ത്രീകള്‍ക്ക് നഷ്ടമായത്? ഭര്‍ത്താക്കന്മാര്‍, മക്കള്‍, സഹോദരന്‍… പിതാക്കന്മാര്‍… എന്നിട്ടും ഇനിയൊരു മറിയം അവരില്‍ നിന്നു രൂപപ്പെടില്ല. എന്തുകൊണ്ടാണത്?
എത്രയോ തെറ്റിദ്ധാരണകളിലൂടെയും നിന്ദനങ്ങളിലൂടെയും പീഡനങ്ങളിലൂടെയും കടന്നുപോയിട്ടും എന്തേ നമുക്ക് മറ്റൊരു ക്രിസ്തുവാകാന്‍ കഴിയാത്തത്?

എന്തിന്, ദിനംപ്രതി വചനപ്രഘോഷണങ്ങളും സ്തുതിപ്പും പ്രാര്‍ത്ഥനകളും നടത്തിയിട്ടും ക്രിസ്തുവിന്റെ കരുണയുടെയും കരുതലിന്റെയും ഒരംശംപോലും നമുക്കിടയില്‍ പരസ്പരം ഉടലെടുക്കാത്തത് എന്തുകൊണ്ട്?

പീഡനങ്ങളുടെയും അവഗണനകളുടെയും കുരിശില്‍ കിടന്നിട്ടും  ഒരു ഉയിര്‍പ്പ് നമുക്കുണ്ടാകാത്തത് എന്തുകൊണ്ട്?

ക്രിസ്തുവിനെ പോലെയാകാന്‍ കഴിഞ്ഞില്ലെങ്കിലും ക്രിസ്തുവിലേക്കെത്താനുള്ള വഴികളെക്കുറിച്ചെങ്കിലും ധ്യാനിക്കാന്‍
നമുക്ക് കഴിഞ്ഞെങ്കില്‍…

വിനായക് നിര്‍മ്മല്‍

You must be logged in to post a comment Login