അമ്മയോട് സംസാരിക്കുക, അമ്മയോടെന്ന പോലെയും..

അമ്മയോട് സംസാരിക്കുക, അമ്മയോടെന്ന പോലെയും..

2017 ലെ ലോകയുവജനദിനത്തോട് അനുബന്ധിച്ച് ഫ്രാന്‍സിസ് മാര്‍പാപ്പ നല്കിയ സന്ദേശത്തിലെ ഒരു വാചകം ഹൃദയത്തെ വല്ലാതെ തൊട്ടു. സ്വന്തം അമ്മയോട് എന്നതുപോലെ പരിശുദ്ധ അമ്മയോട് സംസാരിക്കുക എന്നതായിരുന്നു പാപ്പയുടെ ആഹ്വാനം.

ഒരു കുഞ്ഞിന്റെ ആവശ്യങ്ങളും ആവലാതികളും അമ്മയെ പോലെ അറിയുന്ന മറ്റാരുണ്ട്? രണ്ടരവയസുകാരനായ ഒരു ഇളയമകനുണ്ട് എനിക്ക്. അസ്പഷ്ടമായ വാക്കുകളില്‍ അവന്‍ ചിലപ്പോള്‍ പറയുന്നതൊക്കെ എത്ര ശ്രമിച്ചിട്ടും എനിക്ക് വേര്‍തിരിച്ചറിയാന്‍ കഴിയാറില്ല.

എന്താണ് മോനേ പറഞ്ഞത് എന്ന് ഞാന്‍ വീണ്ടും വീണ്ടും ആവര്‍ത്തിക്കുമ്പോള്‍ ഞങ്ങളുടെ സംസാരം മുഴുവന്‍ കേട്ടുകൊണ്ട് അടുക്കളയിലോ മറ്റോ ജോലികളിലായിരിക്കുന്ന ഭാര്യ കൃത്യമായി വിളിച്ചുപറയും അവന്‍ ഇതാണ് പറഞ്ഞതെന്ന്..

ഓരോരോ കാരണം പറഞ്ഞ് അവന്‍ കരയുമ്പോഴും അവള്‍ പറയും കൃത്യമായ കാരണം. ഇതാണ് അവന്‍ കരഞ്ഞതിന്റെ കാരണം.

ഒന്നുകില്‍ അവന് വിശന്നു..അല്ലെങ്കില്‍ അവന് നൊന്തു..അതുമല്ലെങ്കില്‍ അവന് മറ്റെന്തോ ആവശ്യമുണ്ട്. കാരണമറിയാതെയാണെങ്കില്‍ പോലും കരയുമ്പോള്‍ അവള്‍ അതിന്റെ കാരണം കണ്ടെത്തി അത് പരിഹരിക്കാറുണ്ട്.

അതെ അമ്മയെപോലെ കുഞ്ഞിനെ അറിയാവുന്ന ആരുണ്ട്? അമ്മയോളം കുഞ്ഞിനെ കേള്‍ക്കുന്നവര്‍ ആരുണ്ട്? അമ്മയെപോലെ കുഞ്ഞിനെ മനസ്സിലാക്കുന്നവര്‍ ആരുണ്ട്?

ഇതെഴുതുമ്പോള്‍ എന്റെ അമ്മ എണ്‍പതിലേറെ പ്രായത്തിലാണ് എത്തിനില്ക്കുന്നത്. കേള്‍വിക്കുറവെന്നും കാഴ്ചക്കുറവെന്നും അമ്മ പരാതിപ്പെടാറുമുണ്ട്. അതൊക്കെ ശരിയാണ് താനും.

പക്ഷേ ഞാന്‍ ദിനവും സന്ധ്യയ്ക്ക് ഫോണ്‍ ചെയ്യുമ്പോള്‍, അവയെല്ലാം അമ്മ കൃത്യമായി കേള്‍ക്കാറുണ്ട്, ഒന്നും കേള്‍ക്കുന്നില്ല മോനേ എന്ന് പറഞ്ഞുകൊണ്ട് തന്നെ അമ്മ ചോദിക്കുന്നതിനൊക്കെ മറുപടി പറയും.

എന്റെ സ്വരത്തിലെ ചില നേരങ്ങളിലെ ഭാവമാറ്റം മനസ്സിലാക്കി ചിലപ്പോള്‍ ചോദിക്കുകയും ചെയ്യും

ഇന്നെന്താ നിന്റെ സ്വരത്തിന് ഒരു മാറ്റം? ഷീജ( ഭാര്യ) യുമായി വഴക്കുകൂടിയിട്ടാണോ എന്നെ വിളിക്കുന്നത്?

പലപ്പോഴും അത്ഭുതപ്പെട്ടുപോയിട്ടുണ്ട്, കിലോമീറ്ററുകള്‍ക്കകലെ നിന്നും അമ്മയെന്റെ മനസ്സിന്റെ വ്യാപാരങ്ങളും ശബ്ദത്തിലെ വ്യതിയാനവും തിരിച്ചറിയുന്നുണ്ടല്ലോ എന്നോര്‍ത്ത്..

നേരില്‍ കാണുമ്പോള്‍ മുഖത്തേക്ക് സൂക്ഷിച്ചുനോക്കി അമ്മ പറയും നിന്റെ മുഖമെന്താ ക്ഷീണിച്ചിരിക്കുന്നെ.. വിശക്കുന്നുണ്ടോ.. ഇന്നലെ രാത്രി ഉറങ്ങിയില്ലേ..

എത്രപ്രായം ചെന്നിട്ടും മക്കളെ കാണാനും കേള്‍ക്കാനും അമ്മമാരുടെയെല്ലാം കാതുകള്‍ക്കും കണ്ണുകള്‍ക്കും പ്രാപ്തിയുണ്ടെന്ന് വെറുതെ തോന്നിപോകുന്നു.

ഞങ്ങള്‍ക്കൊപ്പം ഏതാനും ആഴ്ചകള്‍ രാപ്പാര്‍ക്കാന്‍ എത്തിയപ്പോഴും അമ്മ ഞാന്‍ ഓഫീസിലേക്ക് പോകാന്‍ തയ്യാറെടുക്കുമ്പോള്‍ അടുക്കളയിലേക്ക് പ്രാഞ്ചിപ്രാഞ്ചിയെത്തിയിട്ട് ഭാര്യയോട് ചോദിക്കും, ബിജുവിന് ചോറെടുത്തോ.. അവന് കാപ്പി റെഡിയായോ..

അതുപോലെ ഭാര്യ ഫോണ്‍ വിളിക്കുമ്പോഴും അമ്മ ചോദിക്കാറുണ്ടത്രെ ബിജു ഇന്ന് ഓഫീസില്‍ പോയപ്പോ ചോറു കൊണ്ടുപോയോ?

അമ്മ ആദ്യം ചോദിക്കുന്ന ചോദ്യം അതാണെന്ന് എപ്പഴും പറയാറുണ്ട് ഭാര്യ. പിന്നെ എന്നെ ചൊടിപ്പിക്കാനായി ഇത്രയും കൂടി പറയുകയും ചെയ്യും

.മകന് ഞാന്‍ ചോറും വെള്ളവും കൊടുക്കുന്നില്ലെന്നായിരിക്കും അമ്മേടെ പേടി.

അമ്മമാരുടെ മനസ്സില്‍ എപ്പോഴും ഏതു പ്രായത്തിലും മക്കളെക്കുറിച്ചുള്ള ചിന്തയും വിചാരവും തന്നെ. രാത്രികാലങ്ങളില്‍ കിടക്കുമ്പോള്‍ പോലും സുകൃതജപം പോലെ അമ്മ പറയുന്നത് ഞാന്‍ കേള്‍ക്കാറുണ്ട് എന്റീശോയേ എന്റെ കുഞ്ഞുങ്ങളെ കാത്തുകൊള്ളണേ..

അതുപോലെ രാവിലെ എണീറ്റുവരുമ്പോഴും കരുണയുടെ ഈശോയുടെ രൂപത്തെ തൊട്ടുവണങ്ങിക്കൊണ്ട് അമ്മ പ്രാര്‍ത്ഥിക്കുന്നത് കേള്‍ക്കാം, ഈശോയെ എന്റെ കുഞ്ഞുങ്ങള്‍…

സ്വര്‍ഗ്ഗത്തിലെത്തുമ്പോഴും ഞാനെന്റെ മക്കളെയോര്‍ത്തുകൊണ്ടിരിക്കും എന്ന് എന്നോ ഒരിക്കല്‍ അമ്മ പറഞ്ഞതും ഓര്‍ക്കുന്നു ഞാന്‍. സ്വര്‍ഗ്ഗത്തിലുള്ള പ്രിയപ്പെട്ടവരോട് നാം വെറുതെയൊന്നുമല്ല പ്രാര്‍ത്ഥിക്കുന്നതെന്ന് അപ്പോഴാണ് എനിക്ക് തെളിച്ചമുണ്ടായത്.

ഞങ്ങളുടെ പഴയ താമസസ്ഥലത്തിന് അടുത്തായി ഒരു മത്സ്യമാര്‍ക്കറ്റുണ്ടായിരുന്നു. സമീപത്തായി ഒരു പോലീസ് സ്‌റ്റേഷനും. അവിടെയുള്ള ഏതോ ഒരു പോലീസുകാരന് എന്റെ രൂപമാണെന്ന തോന്നിക്കൊണ്ട് മത്സ്യവില്പനക്കാരിയായ മല്ലികചേച്ചി ആദ്യമെന്നെ സാറേ എന്ന് വിളിച്ചാണ് അടുപ്പം സ്ഥാപിച്ചത്.

പോലീസല്ല എന്ന് ഞാന്‍ പറഞ്ഞപ്പോള്‍ മുതല്‍ മോനേ എന്നായി വിളി. അത്തരമൊരു ദിവസമാണ് അവര്‍ തന്റെ കഥ എന്നോട് പറഞ്ഞത്.

മകനും മരുമകള്‍ക്കും അവരുടെ മക്കള്‍ക്കും കൂടി താന്‍ പണിയെടുത്ത് അന്നം കൊടുക്കണമെന്ന്.. എന്നിട്ടും ഒരുനേരം കുറഞ്ഞുപോയാല്‍ മകനും മരുമകളും അവര്‍ക്കെതിരെ ശണ്ഠ കൂടും. കയ്യാങ്കളി വരെയെത്തുന്ന ദിവസങ്ങളും ഉണ്ടത്രെ. അത്തരമൊരു ദിവസം മകന്‍ പറഞ്ഞുവത്രെ ഒരൊറ്റ ചവിട്ടുവച്ചുതരും ഞാന്‍ എന്ന്.

കേട്ടപ്പോള്‍ ചങ്കു പൊടിഞ്ഞുവെന്നാണ് അവര്‍ പറഞ്ഞത്. ആ ചങ്കുപൊടിയല്‍ ഒരു ശാപമായി മകനെ പിന്തുടരുമോയെന്നാണ് അവരുടെ ഇപ്പോഴത്തെ പേടി. എന്റെ ഭഗവാനേ എന്റെ മകന്റെ കാലിന് ഒരു കുഴപ്പവും വരുത്തല്ലേ എന്ന് അവര്‍ കൈകള്‍ കൂപ്പി കണ്ണുനീരൊഴുക്കുന്നു.

മറ്റൊരിടത്ത് മറ്റൊരമ്മയുടെ കഥകൂടിയുണ്ട്. രോഗകിടക്കയിലാണ് അവര്‍. ആവശ്യം കണ്ടറിഞ്ഞ് പ്രവര്‍ത്തിക്കാന്‍ മരുമകള്‍ക്കെന്തോ അത്ര ഉത്സാഹമില്ല. അത്തരമൊരു ദിവസം വിശന്ന് തളര്‍ന്ന് കിടക്കുമ്പോള്‍ വൈകിക്കിട്ടിയ അത്താഴത്തിന് മുമ്പില്‍ വച്ച് ആ അമ്മ മരുമകളോട് ഇങ്ങനെ പറഞ്ഞു,

എല്ലാവര്‍ക്കും ഇങ്ങനെയൊരു അനുഭവം ഉണ്ടാകുമ്പോഴേ പഠിക്കൂ.

അമ്മയുടെ വാക്കിനെ ശാപമെന്നാണ് മരുമകള്‍ വിധിയെഴുതിയത്.

മോനേ,ഞാന്‍ അവളെ ശപിക്കുകയാണോ ചെയ്തത്? ഞാനെന്റെ സങ്കടം പറഞ്ഞുപോവുകയല്ലേ ചെയ്തത്? സ്വയം ആശ്വസിക്കാനായി ആ അമ്മ എന്നോട് ചോദിച്ചു.

അറിയാതെ പറഞ്ഞുപോയ ആ വാക്കിന്റെ പേരില്‍ ആ അമ്മയ്ക്ക് രാത്രികളില്‍ ഉറക്കം നഷ്ടപ്പെടുന്നു. ഞാന്‍ എന്റെ മരുമകളെ ശപിച്ചുവോ?

മക്കള്‍ സംസാരിക്കാത്തതിന്റെ പേരില്‍ വിഷമം അനുഭവിക്കുന്ന എത്രയോ വൃദ്ധമാതാക്കളുണ്ട് നമ്മുക്കിടയില്‍.. ചോറും കറിയും കിട്ടിയാല്‍ മാത്രം പോരാ ഒരു വര്‍ത്തമാനം..ഒരു തലോടല്‍.. അതിനാണ് ഓരോ അമ്മയും ആഗ്രഹിക്കുന്നത്.

അമ്മയെ പോലെ അധികമായി നമ്മെ കൈകളിലെടുത്തവര്‍ ആരുമില്ല. അമ്മയില്‍ നിന്ന് കിട്ടിയതുപോലെ സ്‌നേഹം നമുക്കാരും തന്നിട്ടില്ല. അമ്മ യുടെ അത്രമാധുര്യമുള്ള ഉമ്മ മറ്റാരില്‍ നിന്നും നമുക്ക് കിട്ടിയിട്ടില്ല. നമ്മോട് അമ്മ സംസാരിച്ചതുപോലെ ആരു ംസംസാരിച്ചിട്ടില്ല. എല്ലാം ഏറ്റവും നല്കിയത് അമ്മയായിരുന്നു. എന്നിട്ടും എവിടെയും ഏറ്റവും കുറവ് ലഭിച്ചിട്ടുള്ളതും അവള്‍ക്ക് തന്നെ. അത്താഴമേശയില്‍ പോലും എത്ര കുറവാണ് അവളുടെ പാത്രങ്ങളില്‍!

എല്ലാ അമ്മമാരുടെയും മനസ്സുകളില്‍ എന്നും മക്കളെയോര്‍ത്തുള്ള വേദനകളുണ്ട്.. അവര്‍ ആരോടും പറഞ്ഞിട്ടില്ലാത്ത ചില പരാതികളുമുണ്ട്. അമ്മയുടെ മനസ്സിന്റെ ആഴം അറിയാന്‍ മാത്രം ഒരു മകനും ഈ പാരില്‍ മനുഷ്യനായി ജനിച്ചിട്ടുണ്ടെന്ന് എനിക്ക് തോന്നുന്നില്ല.

നാം അറിഞ്ഞതിനും മനസ്സിലാക്കിയതിനും അപ്പുറമാണ് എല്ലാ അമ്മമാരും.. അമ്മയെ മനസ്സിലാക്കിവരുമ്പോഴേയ്ക്കും അമ്മ നമ്മെ വേര്‍പിരിഞ്ഞുപോയിട്ടുണ്ടാവും.

ലോകത്തിലുള്ള എല്ലാ അമ്മമാരും ഇങ്ങനെ സര്‍വ്വംസഹകളും സ്‌നേഹമയികളുമാണെങ്കില്‍ നമ്മുടെയെല്ലാം അമ്മയായ പരിശുദ്ധ മറിയത്തിന്റെ കാര്യം പ്രത്യേകമായി പറയാനുണ്ടോ? പരിശുദ്ധ മറിയത്തിന്റെ ഗര്‍ഭഗൃഹത്തില്‍ നിന്ന് ഉണ്ണീശോ പിറവിയെടുത്തുവെങ്കില്‍ അവളുടെ മാനസഗര്‍ഭത്തില്‍ നിന്നാണ് നാമെല്ലാം പിറവിയെടുത്തിരിക്കുന്നത്. അതുകൊണ്ട് നാം എല്ലാം അവളുടെ മക്കളാണ്.

അവള്‍ക്ക് നമ്മെ മനസ്സിലാവും.മറ്റാരെക്കാളുമേറെ..പറയാതെ പോകുന്ന നമ്മുടെ സങ്കടങ്ങള്‍..ഹൃദയത്തിലെ വേദനകള്‍..വിങ്ങലുകള്‍..ആവശ്യങ്ങള്‍..

പരിശുദ്ധ മറിയത്തെക്കുറിച്ച് ചിന്തിക്കുമ്പോഴൊക്കെ മനസ്സിലേക്ക് കടന്നുവരുന്നത് നിത്യസഹായമാതാവിന്റെ രൂപമാണ്.എന്റെ ആദ്യ ഇടവകയായ ളാലം പള്ളിയിലെ നിത്യസഹായമാതാവിന്റെ രൂപം..

നിത്യസഹായമായി അവള്‍ എന്നും എന്റെ കൂടെയുണ്ട് എന്നതാണ് എന്റെ ആത്മീയതയിലെ ഏക ആശ്വാസം.. അത് ഞാന്‍ നല്ലവനായതുകൊണ്ടല്ല അവള്‍ എന്റെ അമ്മയായതുകൊണ്ടാണ്.. അവള്‍ എന്നെ സ്‌നേഹിക്കുന്നതുകൊണ്ടാണ്..

അതെ, അവളെ വിളിക്കുക..അവളോട് സംസാരിക്കുക.. സ്വന്തം അമ്മയോടെന്നതുപോലെ..അവള്‍ നമുക്ക് ഉത്തരം നല്കും എപ്പോഴും.

വിനായക് നിര്‍മ്മല്‍

You must be logged in to post a comment Login