ആത്മീയതയെ അളക്കാനുള്ള മാര്‍ഗ്ഗമുണ്ടോ കയ്യില്‍?

ആത്മീയതയെ അളക്കാനുള്ള മാര്‍ഗ്ഗമുണ്ടോ കയ്യില്‍?
  ജോലി ചെയ്തിരുന്ന ഒരു പ്രസിദ്ധീകരണത്തിലേക്ക് ഒരു വ്യക്തിയെ ഇന്റര്‍വ്യൂ ചെയ്താല്‍ കൊള്ളാമെന്ന് തോന്നിയിരുന്നു. അംഗവൈകല്യത്തോടെ ജനിച്ചിട്ടും ജീവിതത്തെ പ്രസാദാത്കമായി കാണുന്ന ഒരു അധ്യാപികയായിരുന്നു വ്യക്തി. ക്രിസ്തീയ നാമധാരിയായതുകൊണ്ട് ഓഫീസില്‍ നിന്ന്അനുവാദം കിട്ടുമെന്നായിരുന്നു പ്രതീക്ഷ.
വിഷയം അവതരിപ്പിച്ചപ്പോള്‍ എച്ച് ഒഡിയുടെ ചോദ്യം ഇങ്ങനെയായിരുന്നു.
ചെയ്യുന്നതൊക്കെ കൊള്ളാം. പക്ഷേ ആള് സ്പിരിച്വലാണോ?
ആ വ്യക്തിയെ പരിചയപ്പെടുത്തിത്തന്നത് ഒരു കപ്പൂച്ചിന്‍ വൈദികനായിരുന്നു. അതുകൊണ്ട് ഞാന്‍ അച്ചനെ വിളിച്ചിട്ട് മറുപടി നല്കാമെന്ന് പറഞ്ഞു.
ഞാന്‍ അച്ചനെ ഫോണ്‍ ചെയ്തു
അച്ചാ..ഫീച്ചര്‍ ചെയ്യുന്നതിന്  കുഴപ്പമില്ല. പക്ഷേ ആള് സ്പിരിച്വലാണോയെന്ന് എച്ച്ഒഡി ചോദിക്കുന്നു.
മറുതലയ്ക്കല്‍ നിന്ന് അച്ചന്‍ ചോദിച്ചു
വിനായകേ നിങ്ങടെ സ്ഥാപനം സ്പിരിച്വാലിറ്റി അളക്കുന്നത് ഏതു അളവുകോലുകൊണ്ടാണ്. എന്തായാലും അങ്ങനെയൊരു കോല്‍ എന്റെ കൈയില്‍ ഇല്ല. ഉണ്ടെങ്കില്‍ അതുമായി വന്ന് നോക്കിയിട്ട് പോകൂ
അന്നുമുതല്‍ അച്ചന്റെ ചോദ്യം മനസ്സിലുണ്ട്. എന്താണ് ആത്മീയതയെ അളക്കാനുള്ള അളവുകോല്‍? ധ്യാനകേന്ദ്രങ്ങളും സുവിശേഷചാനലുകളും പ്രസിദ്ധീകരണങ്ങളും മുട്ടിന് മുട്ടിനുള്ളതുകൊണ്ട് നമുക്കിപ്പോള്‍ വളരെയെളുപ്പത്തില്‍ ആത്മീയരാകാന്‍ കഴിയും.
ചില ചാനല്‍ കണ്ടാല്‍..ചില പ്രസിദ്ധീകരണങ്ങള്‍ വരുത്തിയാല്‍.ചില സ്ഥാപനങ്ങളില്‍ ജോലി ചെയ്താല്‍.. പതുക്കെ പതുക്കെ ആത്മീയതയുടെ ആവരണങ്ങള്‍ അണിഞ്ഞ് നാം ചുറ്റുപാടുകളെ വല്ലാതെയങ് ഇമ്പ്രസ് ചെയ്തുകളയും. ആത്മീയമനുഷ്യന്‍.
പഠനം കഴിഞ്ഞ് ജോലിയില്‍  പ്രവേശിച്ചതുമുതല്‍ ഇതുവരെയും ജോലി ചെയ്തതു മുഴുവന്‍ ആത്മീയതയുടെ മുഖശ്രീയുള്ള സ്ഥാപനങ്ങളില്‍ തന്നെയായിരുന്നു. മാറിമാറി പലയിടങ്ങള്‍. പക്ഷേ അവിടെ കണ്ടതാണോ ആത്മീയത എന്ന് എനിക്കെന്നും സംശയമുണ്ടായിരുന്നു.
പലപ്പോഴും പലയിടങ്ങളിലും ആത്മീയത അതില്‍ തന്നെ കെട്ടുകാഴ്ചകളായിരുന്നു.. പ്രദര്‍ശനപരതയുടെ മുഖംമൂടികള്‍ അണിഞ്ഞും ശബ്ദകോലാഹലങ്ങള്‍ മുഴക്കിയും ഉള്ളിലുള്ള പ്രശാന്തതയെ എന്നേയ്ക്കുമായി ഭഞ്ജിപ്പിക്കുന്ന വിധത്തില്‍..
എന്നിലെ ഞാന്‍ അവയോടെന്നും നിരന്തരം കലഹിച്ചുകൊണ്ടിരുന്നു. നേതി നേതി നേതി.. എനിക്ക് വേണ്ടത് ആ ആത്മീയതയായിരുന്നില്ല. ഒരു പക്ഷേ അത്, അതില്‍ തന്നെ തെറ്റായിരിക്കില്ല . വലിയൊരു ഗ്രൂപ്പിനെ നയിച്ചുകൊണ്ടുപോകാന്‍ അതൊക്കെ വേണമായിരിക്കാം. ഞാനാരെയും അതിന്റെ പേരില്‍ വിമര്‍ശിക്കുന്നില്ല. അതവരുടെ ഇഷ്ടങ്ങള്‍..
പക്ഷേ ആ ഇഷ്ടങ്ങളെ ഇങ്ങനെ രീതിയില്‍ മറ്റുള്ളവരും അനുവര്‍ത്തിക്കണം എന്ന് വാശിപിടിക്കുകയും ഇതാണ് യഥാര്‍ത്ഥ ആത്മീയത എന്ന് ശഠിക്കുകയും ചെയ്യുമ്പോള്‍ അവിടെ  ആത്മീയതയുടെ പേരിലുള്ള കടുംപിടുത്തങ്ങളോട് മുഖംതിരിച്ചുനില്ക്കാന്‍ തോന്നുന്നു. എണ്ണിത്തീര്‍ക്കുന്ന ജപമാലകളും ദിനേനയുള്ള ബലിയര്‍പ്പണങ്ങളും നിങ്ങളെ ബാഹ്യമായി മാത്രമാണ് ആത്മീയരാക്കുന്നതെങ്കില്‍ യഥാര്‍ത്ഥ ദൈവത്തെ അനുഭവിക്കാനോ ആസ്വദിക്കാനോ കഴിയുന്നില്ല എങ്കില്‍ അവിടെയെന്തോ പ്രശ്‌നമുണ്ട്.
അടുത്തുനില്ക്കുന്നവനെ സ്‌നേഹിക്കാനോ സഹായിക്കാനോ സാധ്യതകളും അവസരങ്ങളും ഉണ്ടായിരുന്നിട്ടും അതിന് മെനക്കെടാതെ ജപമണികള്‍ ഉരുട്ടിക്കൊണ്ടിരിക്കുന്നതിന്റെ പേരില്‍ നിങ്ങളെങ്ങനെ ആത്മീയനാകും? അടുത്തുവീണുകിടക്കുന്നവനെ പിടിച്ചെണീല്പിക്കാതെ അകലെയുള്ളവനെ സഹായിക്കാന്‍ ആംബുലന്‍സ് പിടിച്ചുപോകുന്ന നിങ്ങളെങ്ങനെ ആത്മീയനാകും?
വളര്‍ത്താനും സ്‌നേഹിക്കാനും ദൈവം നിങ്ങളുടെ അടുക്കലേക്ക് കൂട്ടിചേര്‍ത്തുതന്നിരിക്കുന്നവരെ അന്യായമായി പീഡിപ്പിച്ചുകൊണ്ട് വിധി പ്രസ്താവങ്ങള്‍ നടത്തുമ്പോള്‍ എവിടെയാണ് നിങ്ങളില്‍ ആത്മീയതയുള്ളത്?
ആത്മീയ നേതാവെന്നു ലോകം വാഴ്ത്തുന്ന പലരുടെയും വിചാരം തന്റെയോ തന്റെ സ്ഥാപനത്തിന്റെ ഒപ്പമോ മാത്രമേദൈവം ഉള്ളൂ എന്നാണ്. തനിക്ക് ശേഷം പ്രളയം എന്ന് അവര്‍ കരുതുന്നു.. ആശയപരമായി വിയോജിച്ചുനില്ക്കുന്നവരെ എത്ര കണ്ടാണ് അവര്‍ സ്വാധീനമുപയോഗിച്ച് പീഡിപ്പിക്കുന്നത്! പല ആത്മീയമനുഷ്യരും  പരസ്പരം ചെളി വാരിയെറിയുന്നത് കാണുന്നത് അമ്പരപ്പിച്ചിട്ടുണ്ട്. അകലെ കാണുമ്പോള്‍ വലുതായി തോന്നിയവര്‍ എത്ര പെട്ടെന്നാണ് അടുത്തെത്തിയപ്പോള്‍ ചെറുതായി പോയത്! ഇത് ഏതെങ്കിലും ഒരു വ്യക്തിയുടെ മാത്രം സങ്കടമാണെന്ന് തോന്നുന്നില്ല ആത്മീയതയുമായി ബന്ധപ്പെട്ട നമ്മുടെ ഒട്ടുമിക്ക ആളുകള്‍ക്കും സംഭവിക്കാവുന്ന തിരിച്ചറിവാണ്.
എന്താണ് ആത്മീയത എന്ന് പറയുന്നതിനെക്കാള്‍ എളുപ്പമാണ് എന്തല്ല ആത്മീയത എന്ന് പറയുന്നത്.
ആകാശങ്ങളെ മുട്ടുന്ന സ്തുതിപ്പുകളും കാലുമാറിചവിട്ടിയും മുഖം നോക്കിചിരിച്ചുമുള്ള സ്തുതിആരാധനകളും .അതൊക്കെയാണ് ആത്മീയതയെന്ന് ലേബല്‍ ചെയ്യപ്പെടുന്നത് കഷ്ടമല്ലേ? ആരവങ്ങള്‍ മുഴക്കി ഒരു മാസ് സിനിമ കണ്ട് ഇറങ്ങുന്നതുപോലെ വളരെ ഉപരിപ്ലവമായി തോന്നിയിട്ടുണ്ട് അത്തരം ഭക്ത്യാഭ്യാസങ്ങള്‍.
 പ്രാര്‍ത്ഥനയുടെ ഏതൊക്കെ രീതികളും അതില്‍ തന്നെ നല്ലതാകുമ്പോളും നിങ്ങള്‍ക്ക് ആന്തരികമായ ദൈവത്തെ അനുഭവിക്കാന്‍ കഴിയുന്നുണ്ടോ? കരിസ്മാറ്റിക് പ്രസ്ഥാനങ്ങള്‍ ലോകത്തിനും കേരളത്തിനും നല്കിയ വലിയ സംഭാവന അനേകരെ കൂടുതല്‍ ആത്മീയ മനുഷ്യരാക്കാന്‍ സഹായിച്ചു എന്നതാണ്.എത്രയോ നന്മകള്‍ അതുവഴി ഉണ്ടായിട്ടുമുണ്ട്. പക്ഷേ ഏതെങ്കിലും ഒരുധ്യാനത്തില്‍ കൂടിയതുകൊണ്ട് മാത്രം ആത്മീയനായി എന്ന് സ്വയം നടിക്കുന്നതും ധ്യാനംകൂടാത്തവരെല്ലാം മോശക്കാരാണെന്ന് കരുതുന്നതും അത്ര നല്ലതാണോ?
സ്ത്രീകള്‍ ഭക്തസംഘടനകളുമായി കൂടുതല്‍ ചാര്‍ച്ചപ്പെടുകയും ക്രിയാത്മകരാകുകയും ചെയതുമാണ് മറ്റൊരു സല്‍ഫലം. നല്ല കാര്യം തന്നെ, പക്ഷേ മാതൃവേദിക്കും  കുടുംബകൂട്ടായ്മയ്ക്കും പോകുന്നതില്‍ മാത്രമായി ഒതുങ്ങിപ്പോകരുത് അവരുടെ ആത്മീയത. ഭര്‍ത്താവിനെയും മക്കളെയും പ്രായമായ മാതാപിതാക്കളെയും അവഗണിച്ചിട്ട് പ്രാര്‍ത്ഥനാക്കൂട്ടായ്മയെന്ന പേരില്‍ നടക്കുന്ന എത്രയോ സ്ത്രീകളുണ്ട്. ഒരു പക്ഷേ അവര്‍ ന്യൂനപക്ഷമായിരിക്കാം. അത്തരക്കാരുടെ ആത്മീയതയെക്കുറിച്ച് എനിക്ക് സംശയമുണ്ട്.
അതുപോലെ ഭര്‍ത്താവിനെ വേദനിപ്പിച്ച് സംസാരിക്കുകയും  ഭര്‍ത്താവിന്റെ ചുമലില്‍ മാത്രം എല്ലാ കുറ്റങ്ങളും ചുമത്തുകയും   ഭര്‍ത്താവിനോട് മിണ്ടാതിരിക്കുകയും ചെയ്തിട്ടും കുര്‍ബാന സ്വീകരിക്കുകയും സന്ധ്യാസമയത്ത് പരിശുദ്ധാത്മാവിന്റെ ഗാനമാലപിച്ച് കുടുംബപ്രാര്‍ത്ഥന നടത്തുകയും ചെയ്യുന്നതുകാണുമ്പോള്‍ അതൊക്കെ നമ്മള്‍ ദൈവത്തെ പോലും വിലകുറച്ചുകാണുന്നതിന്റെ പ്രകടമായ തെളിവായി മാറുകയല്ലേ? അതൊക്കെ ആത്മീയതയാണോ?
ഇനി മേലില്‍ ഞാന്‍ നിങ്ങളെ ദാസരെന്ന് വിളിക്കുകയില്ല സ്‌നേഹിതരെന്നേ വിളിക്കൂ എന്നാണല്ലോ ദൈവവചനം പറയുന്നത്. അതിനോട് ചേര്‍ന്ന് ഇങ്ങനെ പറയാന്‍ ഞാന്‍ നിര്‍ബന്ധിതനാകുന്നു. നാം ആരെയും ആത്മീയരെന്ന് വിളിക്കരുത്.. ആത്മീയ ലേഖനങ്ങള്‍ എഴുതുന്നവരോ ആത്മീയപ്രഭാഷണങ്ങള്‍ നടത്തുന്നവരോ അതുകൊണ്ട് മാത്രം ആത്മീയരാകുന്നില്ല. ആകാം.അങ്ങനെയൊരു സാധ്യതയുണ്ട് എന്ന് മാത്രം.
പക്ഷേ ബാഹ്യമായ അത്തരം അടയാളങ്ങളല്ല ഒരാളുടെയും ആത്മീയതയുടെ നിദര്‍ശനം. മറ്റൊരാളെ ആത്മീയരെന്ന് വിളിക്കുന്നതിന് പകരം നാം ഓരോരുത്തരും ആത്മീയരാവുക.  ആത്മാവില്‍ െൈചതന്യമുള്ളവരാകുക.. സ്‌നേഹം കൊണ്ടും കരുണകൊണ്ടും സൗഹൃദം കൊണ്ടും സന്മനസു് കൊണ്ടും സഹായമനസ്‌ക്കതകൊണ്ടും ഈ ലോകത്തെ നമുക്ക് പ്രകാശിപ്പിക്കാന്‍ കഴിയുന്നുവെങ്കില്‍ അതിലും വലിയ ആത്മീയത മറ്റൊന്നുണ്ടാവില്ലെന്ന് തോന്നുന്നു.
ഏതു മതത്തിലും അതിന്റെ ആത്മീയതയില്‍ കാലാനുസൃതമായ അപചയങ്ങള്‍ ഉണ്ടാകാറുണ്ട്. അതുപോലെ കാലാനുസൃതമായ നവീകരണങ്ങളും. സഭയുടെ വലിയൊരു അപചയകാലഘട്ടത്തിലാണ് അസ്സീസിയിലെ വിശുദ്ധ ഫ്രാന്‍സിസ് രൂപപ്പെട്ടതെന്ന് ചരിത്രം. ഇന്നത്തെ ഗ്ലോബല്‍ കാലത്ത് സ്‌നേഹവും സൗഹൃദവും കരുണയും നഷ്ടമായിക്കൊണ്ടിരിക്കുമ്പോള്‍ അങ്ങകലെ വത്തിക്കാനില്‍ നിന്ന് മറ്റൊരു ഫ്രാന്‍സിസ് പറയുന്ന ചിലകാര്യങ്ങളുണ്ട്.
കരുണ..സ്‌നേഹം.സാഹോദര്യം..
അതെ, അതുതന്നെയാണ് ആത്മീയത. ഒരാളെ സ്‌നേഹിക്കുമ്പോള്‍, അയാളോട് ആത്മാര്‍ത്ഥമായ സൗഹൃദപ്പെടുമ്പോള്‍ അവിടെ നമുക്ക് സ്വാര്‍ത്ഥത നഷ്ടപ്പെടുന്നു.. നിന്റെ കണ്ണില്‍ നോക്കുമ്പോള്‍, നീയെന്റെ ചാരത്തിരിക്കുമ്പോള്‍, നിന്റെ വിരലുകള്‍ കോര്‍ത്ത് ഞാന്‍ നടന്നുപോകുമ്പോള്‍  എനിക്ക് ദൈവത്തെ ഓര്‍മ്മിക്കാന്‍ കഴിയുന്നുവെങ്കില്‍ നീയാണ് എന്റെ ആത്മീയമനുഷ്യന്‍.. നിന്നിലൂടെയാണ് ഞാന്‍ ദൈവത്തെ കാണുന്നത്.. പ്രസംഗങ്ങളല്ല പ്രവൃത്തിയിലൂടെ ആത്മീയരാകേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.
ആത്മീയരെന്ന് പരക്കെ പ്രശംസിക്കപ്പെടുന്ന പലരെയുംക്കാള്‍ ബാഹ്യമോടിയൊന്നുകൊണ്ടും തിട്ടപ്പെടുത്താനാവാതിരുന്നിട്ടും ആത്മീയതയുടെ പേരില്‍ എന്നെ ഞെട്ടിച്ചുകളഞ്ഞ ഒരുപിടി മനുഷ്യരുണ്ട്. കടന്നുപോകുമ്പോള്‍ ഒരു ഭണ്ഡാരപ്പെട്ടിയിലും നേര്‍ച്ചയിടാതെയും ഒരു ആരാധനാലയങ്ങളെയും താണുവണങ്ങാതെയും അമിതമായ ഭക്തിയുടെ പാരവശ്യം പ്രകടിപ്പിക്കാതെയും ഈലോകത്തിലൂടെ ദൈവവിചാരത്തോടും ക്രിസ്തുവിചാരത്തോടും കൂടി സൗമ്യമായി വെറുമൊരു പോക്കിരിമട്ടില്‍ നടന്നുപോകുന്നവര്‍.സത്യമായും അവരുടെ ഒപ്പമുള്ള സംസാരങ്ങളില്‍ ഞാന്‍ ദൈവത്തെ അറിഞ്ഞിട്ടുണ്ട്. ഒരു കണ്‍വന്‍ഷന്‍ പന്തലിലോ ധ്യാനകേന്ദ്രത്തിലോ വച്ചുണ്ടായതിനെക്കാളുംവലുതായ അനുഭവത്തില്‍..  അത്തരം ചങ്ങാതിമാരെ ഞാനെന്റെ വക്ഷസോട് ചേര്‍ത്തുപിടിക്കട്ടെ.
ഒരാളുടെയും ആത്മീയത അളക്കാനുള്ള അളവുകോലെനിക്കില്ല.  അതുകൊണ്ട് തുടക്കത്തിലെഴുതിയ  ആ വ്യക്തിയുടെ അഭിമുഖം ഞാന്‍ ചെയ്തില്ല. ദയവായി എന്നെ ആത്മീയനെന്ന് വിളിക്കരുതെന്ന അപേക്ഷയോടെ..
വിനായക് നിര്‍മ്മല്‍

You must be logged in to post a comment Login