റാണി മരിയ വാഴ്ത്തപ്പെട്ടവളാകുന്പോള്‍ സ്വാമിയച്ചനെയും അറിയണം നമ്മള്‍

റാണി മരിയ വാഴ്ത്തപ്പെട്ടവളാകുന്പോള്‍ സ്വാമിയച്ചനെയും അറിയണം നമ്മള്‍

കേരളസഭയ്ക്ക് അഭിമാനിക്കാനും സന്തോഷിക്കാനും ഒരു ദിനം കൂടി. നാളെ നമ്മുടെ സ്വന്തം സിസ്റ്റര്‍ റാണി മരിയ അള്‍ത്താര വണക്കത്തിനായി ഉയര്‍ത്തപ്പെടുന്നു. വിശുദ്ധിയുടെ സുഗന്ധം പ്രസരിപ്പിക്കുന്ന വിശുദ്ധ സൂനങ്ങള്‍ക്കിടയില്‍  ഒരു മലയാളി കൂടി. അതാണ് സിസ്റ്റര്‍ റാണി മരിയ. ഈ സന്തോഷനിമിഷങ്ങള്‍‍ക്കിടയില്‍ ഒരു ധൂര്‍ത്തപുത്രന്‍റെ മടങ്ങിവരവ് കൂടി നാം ഓര്‍ക്കേണ്ടതുണ്ട്. റാണി മരിയയുടെ കൊലപാതകിയായ സമുന്ദര്‍ സിംഗിന്‍റെ.. ആ പശ്ചാത്താപ കഥ റാണിമരിയയുടെ വിശുദ്ധജീവിതത്തിന്‍റെ അനുബന്ധമാണ്. അതിലേക്ക് സമുന്ദര്‍ സിംഗിനെ രൂപപ്പെടുത്തിയത് സ്വാമിയച്ചന്‍ എന്ന സിഎംഐ സഭാ വൈദികനായിരുന്നു. വാഴ്ത്തപ്പെട്ട രക്തസാക്ഷി സിസ്റ്റര്‍ റാണി മരിയയും സമുന്ദര്‍സിംങും വര്‍ത്തമാനകാലവാര്‍ത്തകളില്‍ നിറയുമ്പോള്‍  ചിലയിടങ്ങളിലെങ്കിലും വിസ്മരിക്കപ്പെട്ടുപോകുന്ന പേരല്ലേ സ്വാമിയച്ചന്‍ എന്ന് വെറുതെ ഒരു സംശയം.

വെളിച്ചത്തിലേക്ക് നീക്കിനിര്‍ത്തുന്നതിലും വലിയ മഹത്തായ പ്രവൃത്തിയെന്താണുള്ളത്? ഒരേ സമയം ദേവനും അസുരനുമായ മനുഷ്യനെ അവന്റെ സാത്വികഗുണത്തെ പുറത്തെടുക്കാന്‍ സഹായിക്കുന്നതിലും വലിയ ദൈവികവേല മറ്റെന്താണുള്ളത്?  ഫാ. മൈക്കിള്‍ പൊറാട്ടുകര സിഎംഐയെ സവിശേഷമായി ഈ കാലത്ത് ,പ്രത്യേകിച്ച്  ഈ വര്‍ത്തമാനകാലത്ത് അടയാളപ്പെടുത്തേണ്ടത് അദ്ദേഹത്തിന്റെ ഏറ്റവും  മഹത്തായ ഈ പ്രവൃത്തിമൂലമാണ്.

കാരണം അദ്ദേഹം ഇല്ലായിരുന്നുവെങ്കില്‍ മധ്യപ്രദേശ് ഇന്‍ഡോറിലെ വാടകക്കൊലയാളിയായ സമുന്ദര്‍സിംങ് ഇന്ന് പ്രകാശത്തിന്റെ വസതിയിലേക്കുള്ള വഴി തിരിച്ചറിയുമായിരുന്നില്ല. മാനസാന്തരപ്പെട്ട കുഞ്ഞാടായി അയാള്‍ ഇന്ന് ലോകത്തിന്റെ മുമ്പില്‍ തലയുയര്‍ത്തിനില്ക്കമായിരുന്നില്ല.

ഫാ. മൈക്കിള്‍ പൊറാട്ടുകര എന്ന സ്വാമിയച്ചന്റെ ജയില്‍ സന്ദര്‍ശനം ഒരു ചരിത്രമായി മാറിയതിന്റെ അനന്തരഫലമായിരുന്നു ഇന്നത്തെ സമുന്ദര്‍സിംങ്. സിസ്റ്റര്‍ സെല്‍മിയുടെ രാഖി ബന്ധനും പുല്ലുവഴിയിലേക്കുള്ള സമുന്ദര്‍സിംഗിന്റെ യാത്രയ്ക്കും പിന്നിലുണ്ടായിരുന്നത് സാത്വികനായ ഈ സന്യാസിയായിരുന്നു.

പതിവുപോലെയുള്ള ജയില്‍ സന്ദര്‍ശനത്തിന്റെ ഏതോ ഒരു ദിനമാണ് സമുന്ദര്‍സിംങ് എന്ന കൊടുംകുറ്റവാളി സ്വാമിയച്ചന്റെ ഹൃദയത്തില്‍ ആഞ്ഞുപതിഞ്ഞത്. എന്തോ ഒന്ന് പ്രത്യേകമായി സംഭവിക്കാനുണ്ടെന്ന് അന്നേ അച്ചന്റെ മനസ്സ് പറഞ്ഞിരുന്നു. പിന്നീട് ഒരു നിയോഗം കണക്കെ അദ്ദേഹം തുടര്‍ച്ചയായി സുന്ദര്‍സിംങിനെ സന്ദര്‍ശിച്ചുകൊണ്ടേയിരുന്നു.    അത്തരം സന്ദര്‍ശനങ്ങള്‍ സമുന്ദര്‍സിംങ്ങില്‍ മാറ്റംവരുത്തുകയായിരുന്നു. കരിന്തിരിയില്‍ എണ്ണ നിറച്ച സ്‌നേഹമായി മാറുകയായിരുന്നു സ്വാമിയച്ചന്‍.

അദ്ദേഹത്തിലൂടെ സമുന്ദര്‍ ക്രിസ്തുവിനെ അറിഞ്ഞു..അവിടുത്തെ ക്ഷമിക്കുന്ന സ്‌നേഹം അറിഞ്ഞു. ക്രിസ്ത്യാനിയെന്താണെന്ന് അറിഞ്ഞു. അനുതാപത്തിന്റെ കണ്ണീര് ആദ്യമായി അയാളില്‍ നിന്നൊഴുകി. ആ അനുതാപത്തെ അതിന്റെ പൂര്‍ണ്ണതയില്‍ എത്തിച്ചു സിസ്റ്റര്‍ സെല്‍മിയുടെ സാഹോദര്യത്തിന്റെ രക്ഷാബന്ധന്‍. അതിന് സിസ്റ്ററെ ഒരുക്കിയതും സ്വാമിയച്ചനായിരുന്നു. അതേക്കുറിച്ച് പലയിടങ്ങളിലും സിസ്റ്റര്‍ സെല്‍മി അനുസ്മരിച്ചിട്ടുമുണ്ട്.

അതോടെ പുതിയൊരു ചരിത്രത്തിന് നാന്ദികുറിക്കുകയായിരുന്നു സ്വാമിയച്ചന്‍. ക്ഷമിക്കുന്ന സ്‌നേഹത്തിന്റെ ചരിത്രത്തിന് വര്‍ത്തമാനകാലം ഇതുപോലെ സാക്ഷ്യം വഹിച്ചതിന് മറ്റൊരു ഉദാഹരണവുമില്ല.

സിസ്റ്റര്‍ റാണിമരിയയുടെ മാതാപിതാക്കള്‍ സമുന്ദറിനെ സ്വീകരിച്ചതും മകളുടെ ഘാതകന്റെ കൈകള്‍ ചുംബിച്ചതും കുരിശോളം എത്തുന്ന ക്രിസ്തുസ്‌നേഹത്തിന്റെയും ക്ഷമയുടെയും പുതിയ പദമായി മാറുകയായിരുന്നു. എല്ലാം ക്രമപ്പെടുത്തി അണിയറയിലേക്ക് മാറി നിന്നതേയുള്ളൂ അപ്പോഴും സ്വാമിയച്ചന്‍.

വിദേശമാധ്യമങ്ങള്‍ പോലും വാര്‍ത്തയാക്കി മാറ്റിയ മാനസാന്തരകഥയായിരുന്നു ഇത്. അതാവട്ടെ ഫ്രാന്‍സിസ് മാര്‍പാപ്പയുടെ കാതുകളിലുമെത്തി. വൈകാതെ സ്വാമിയച്ചനെ അദ്ദേഹം വത്തിക്കാനിലേക്ക് ക്ഷണിക്കുകയും സ്വാമിയച്ചന്‍ പാപ്പയെ കാണാന്‍ എത്തുകയും ചെയ്തു. 2015 ല്‍ ആയിരുന്നു ആ കണ്ടുമുട്ടല്‍.

You must be logged in to post a comment Login