സിസ്റ്റര്‍ റാണി മരിയ; വാഴ്ത്തപ്പെട്ട രക്തസാക്ഷി പ്രഖ്യാപനം നാളെ

സിസ്റ്റര്‍ റാണി മരിയ; വാഴ്ത്തപ്പെട്ട രക്തസാക്ഷി പ്രഖ്യാപനം നാളെ

ഇൻഡോർ:  സെന്റ് ഫ്രാൻസിസ് അസീസി കത്തീഡ്രലിനു സമീപത്തെ സെന്റ് പോൾ ഹയർസെക്കൻഡറി സ്‌കൂൾ ഗ്രൗണ്ടിലെ  വേദിയിൽ നാളെ രാവിലെ പത്തിന് ആരംഭിക്കുന്ന ചടങ്ങുകള്‍ക്കിടയില്‍ സിസ്റ്റര്‍ റാണി മരിയയെ  വാഴ്ത്തപ്പെട്ട രക്തസാക്ഷിയായി പ്രഖ്യാപിക്കും. . വത്തിക്കാനിലെ നാമകരണ നടപടികൾക്കായുള്ള തിരുസംഘത്തിന്റെ പ്രീഫെക്ട് കർദ്ദിനാൾ ആഞ്ചലോ അമാത്തോയുടെ മുഖ്യകാർമികത്വത്തിലാണ് ചടങ്ങുകള്‍.

സിസ്റ്റർ റാണി മരിയയെ വാഴ്ത്തപ്പെട്ട രക്തസാക്ഷിയാക്കി ഉയർത്തിക്കൊണ്ടുള്ള ഫ്രാൻസിസ് മാർപാപ്പയുടെ കല്പന, കർദ്ദിനാൾ ആഞ്ചലോ അമാത്തോ ലത്തീനിലും സീറോ മലബാർ സഭ മേജർ ആർച്ച്ബിഷപ് കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരി ഇംഗ്ലീഷിലും വായിക്കും. റാഞ്ചി ആർച്ച് ബിഷപ്പ് ഡോ. ടെലസ്‌ഫോർ ടോപ്പോ മാർപാപ്പയുടെ പ്രഖ്യാപനം ഹിന്ദിയിൽ പരിഭാഷപ്പെടുത്തും. തുടർന്നു വാഴ്ത്തപ്പെട്ട രക്തസാക്ഷിയുടെ ശില്പം, തിരുശേഷിപ്പ്, ഛായാചിത്രം എന്നിവയേന്തി അൾത്താരയിലേക്കു പ്രദക്ഷിണം.

സിബിസിഐ പ്രസിഡന്റ് മേജർ ആർച്ച്ബിഷപ് കർദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാബാവ, ബോംബൈ ആർച്ച്ബിഷപ് കർദിനാൾ ഡോ. ഓസ്വാൾഡ് ഗ്രേഷ്യസ്, ഇന്ത്യയിലെ വത്തിക്കാൻ സ്ഥാനപതി ആർച്ച്ബിഷപ് ഡോ. ജാംബറ്റിസ്റ്റ ദിക്കാത്രോ, ഇൻഡോർ ബിഷപ് ഡോ. ചാക്കോ തോട്ടുമാരിക്കൽ എന്നിവർ ദിവ്യബലിയിൽ മുഖ്യ സഹകാർമികരാകും. രാജ്യത്തും പുറത്തും നിന്നുമായി അമ്പതോളം മെത്രാന്മാർ ശുശ്രൂഷകളിൽ പങ്കെടുക്കും.

പൊതുസമ്മേളനത്തിൽ മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാൻ, ലോക്‌സഭാ സ്പീക്കറും ഇൻഡോർ എംപിയുമായ സുമിത്ര മഹാജൻ തുടങ്ങി രാഷ്ട്രീയ, സാമൂഹ്യ, മതരംഗങ്ങളിലെ പ്രമുഖർ പങ്കെടുക്കും. കേരളത്തിൽ നിന്നും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും മെത്രാന്മാർ, വൈദികർ, സമർപ്പിതർ, അല്മായർ തുടങ്ങി 12000ത്തിലധികം പേര്‍ വാഴ്ത്തപ്പെട്ട രക്തസാക്ഷിത്വ പദവി പ്രഖ്യാപന ചടങ്ങുകളിൽ പങ്കെടുക്കാനെത്തും.

You must be logged in to post a comment Login