പുല്ലുവഴിയില്‍ നിന്ന് ഇന്‍ഡോറിലേക്കുള്ള ദൂരം

പുല്ലുവഴിയില്‍ നിന്ന് ഇന്‍ഡോറിലേക്കുള്ള ദൂരം

ചില അപ്രധാന സ്ഥലങ്ങള്‍ ദൈവത്തിന്റെ പ്രത്യേകമായ ഇടപെടല്‍ വഴി പ്രശസ്തമാകുന്നത് ഇങ്ങനെയാണ്. ലിസ്യുവും പെറുവും ലിമായും പാദുവായും അസ്സീസിയും നമ്മുടെ ഭരണങ്ങാനവും കുടമാളൂരും ഒല്ലൂരും മാന്നാനവും കണക്കെ പരശതം പേരുകള്‍ പോലെ ഇപ്പോഴിതാ പുല്ലുവഴിയും ആഗോള കത്തോലിക്കാസഭയുടെ പുണ്യചരിത്രത്തില്‍ ഇടം തേടിയിരിക്കുന്നു. വാഴ്ത്തപ്പെട്ട രക്തസാക്ഷി സിസ്റ്റര്‍ റാണി മരിയയുടെ വീരോചിതമായ ജീവിതം കൊണ്ട്…

വിശുദ്ധരുടെ ആകാശങ്ങളില്‍ മിന്നുന്ന താരകമായി റാണി മരിയ മാറുമ്പോള്‍ ആ ജീവിതം നമ്മോട് പറയുന്നത് കാല്‍വരിയിലെ ആത്മത്യാഗത്തിന്റെ സമാനമായ കഥ തന്നെയാണ്. സ്വജീവന്‍ അന്യര്‍ക്കായി നല്കിക്കൊണ്ടുള്ള മരണങ്ങള്‍ക്ക് ഇത്രയേറെ ശോഭയുണ്ടെന്ന് വ്യക്തമാക്കി തന്ന സമീപകാല സാക്ഷ്യം റാണി മരിയയുടേത് പോലെ മറ്റൊന്നുണ്ടെന്ന് തോന്നുന്നുമില്ല. നമ്മള്‍ ജീവിച്ചിരിക്കുന്ന കാലഘട്ടത്തില്‍ തന്നെ ജീവിക്കുകയും മരിക്കുകയും പിന്നെ അള്‍ത്താരവണക്കത്തിനായി ഉയര്‍ത്തപ്പെടുകയും ചെയ്യുമ്പോള്‍ റാണി മരിയ നമ്മുക്കിടയിലുള്ള ദൂരങ്ങളെ തന്നെയാണ് ഇല്ലാതാക്കിയത്.

പറഞ്ഞുകേട്ടതോ വായിച്ചുകേട്ടതോ ആയ ഭൂതകാലചരിത്രമല്ല ചോര കിനിയുന്ന വര്‍ത്തമാനകാല സാക്ഷ്യമായി മാറി എന്നതാണ് റാണിമരിയുടെ രക്തസാക്ഷിത്വം നമുക്ക് വിശുദ്ധവും പരിപാവനവുമായ ഓര്‍മ്മയാക്കി മാറ്റിയിരിക്കുന്നത്.പുല്ലുവഴിയില്‍ നിന്ന് ഇന്‍ഡോറിലേക്ക് എത്ര ദൂരമുണ്ടാകും?

അതിന്റെ ദൂരം ആത്മസ്‌നേഹത്തില്‍ നിന്ന് പരസ്‌നേഹത്തിലേക്കുള്ള അകലമാണ്. ഈ ലോകത്തിലെ അനേകായിരം കന്യാസ്ത്രീകളെ പോലെ പ്രാര്‍ത്ഥനയും ഏതെങ്കിലുമൊക്കെ സ്‌കൂളുകളിലെ അധ്യാപനവുമായി റാണിമരിയായ്ക്കും വെറും സാധാ കന്യാസ്ത്രീയായി ഒതുങ്ങിക്കൂടാമായിരുന്നു.

പക്ഷേ തന്റെ വിളി അതല്ലെന്ന് അവള്‍ക്കറിയാമായിരുന്നു. വിളവധികവും വേലക്കാര്‍ ചുരുക്കവുമായ വയലേലകളിലേക്ക് സുവിശേഷത്തിന്റെ പൊന്നരിവാളുമായി കടന്നുചെല്ലാനായിരുന്നു അവള്‍ മോഹിച്ചത്. അതൊരിക്കലും മാമ്മോദീസാ വെള്ളം മുക്കി ക്രൈസ്തവരുടെ എണ്ണം വര്‍ദ്ധിപ്പിക്കാനായിരുന്നില്ല. മതപരിവര്‍ത്തന നിരോധിത ബില്‍ പാസാക്കിയിരിക്കുന്ന ഭാരതത്തിലെ സംസ്ഥാനങ്ങളില്‍ ഒന്നാണ് മധ്യപ്രദേശ് എന്നും അറിഞ്ഞിരിക്കുന്നത് നല്ലതാണ്.

അപ്പോള്‍ ഭൗതികമായി ക്രൈസ്തവരുടെ എണ്ണം വര്‍ദ്ധിപ്പിക്കുന്ന ഒരു മിഷനറിയായിത്തീരുക എന്നതിലപ്പുറം ക്രിസ്തുവിന്റെ മൂല്യങ്ങള്‍ക്കനുസരിച്ച് ജീവിക്കുകയും ക്രിസ്തീയ സന്ദേശങ്ങള്‍ പ്രചരിപ്പിക്കുകയും ചെയ്തുകൊണ്ട് പ്രവൃത്തിയിലൂടെ ക്രിസ്തുവിനെ നല്കുന്ന മിഷനറിയായി മാറുകയാണ് റാണി മരിയ ചെയ്തത്. ദേവാലയത്തിലെ കച്ചവടങ്ങള്‍ക്കെതിരെ ചാട്ടവാറെടുക്കുന്ന ക്രിസ്തുവിന്റെ പൗരോഹിത്യത്തിന്റെ മറ്റൊരു സ്ത്രീമുഖമായിരുന്നു ഇന്‍ഡോറിലെ ഉദയനഗറില്‍ റാണി മരിയ കാഴ്ചവച്ചത്.

ചൂഷണത്തിനും നീതിരാഹിത്യങ്ങള്‍ക്കും ഇരകളായി ജീവിക്കുന്ന ഒരുപറ്റം ഗ്രാമീണ ജീവിതങ്ങളുടെ നിലനില്പിനും അവരുടെ അവകാശങ്ങള്‍ക്കും വേണ്ടി ഉയര്‍ന്നുവന്ന സ്ത്രീസ്വരം ജന്മിത്വത്തിന്റെ അധികാരശിലകളെ വിറളിപിടിപ്പിക്കുകയായിരുന്നു. ദരിദ്രരോടും നിസ്സഹായരോടും ചേര്‍ന്നുനടക്കാനും അവരെ ചേര്‍ത്തുപിടിക്കാനും കഴിയുന്ന വിധത്തിലുള്ള ആ സ്ത്രീനന്മയുടെ പ്രസന്നമുഖം റാണിമരിയ പ്രദര്‍ശിപ്പിച്ചപ്പോള്‍ ആ മുഖം മറച്ചുവയ്‌ക്കേണ്ടത് തങ്ങളുടെ നിലനില്പിന്റെ ആവശ്യമാണെന്ന് ജന്മിമാര്‍ക്ക് തോന്നി. അതിന് അവര്‍ തിരഞ്ഞെടുത്ത നിന്ദ്യമായ വഴിയായിരുന്നു സമുന്ദര്‍സിംങ്.

പക്ഷേ ഇപ്പോള്‍ മുഖം നഷ്ടപ്പെട്ടത് ആര്‍ക്കാണ്.. നന്മയുടെയും നിസ്വാര്‍ത്ഥതയുടെയും മുമ്പില്‍ കളങ്കപ്പെടുന്നത് എപ്പോഴും ഉപജാപവൃന്ദങ്ങള്‍ക്ക് തന്നെയാണ്. ചിലപ്പോള്‍ ചിലകാലങ്ങളില്‍ ചിലരെ അവര്‍ക്ക് കബളിപ്പിക്കാനും തെറ്റിദ്ധരിപ്പിക്കാനും സാധിച്ചേക്കും. പക്ഷേ അത് സ്ഥിരമല്ല. റാണി മരിയയുടെ രക്തസാക്ഷിത്വം വാഴ്ത്തപ്പെട്ടപദവിയിലേക്ക് വളരെ ഹ്രസ്വമായ കാലത്തിനുള്ളില്‍ തന്നെ ഉയര്‍ത്തപ്പെടുമ്പോള്‍ അവള്‍ നമ്മോട് പറയുന്നതും മറ്റൊന്നുമല്ല.

നീതിക്ക് വേണ്ടി പോരാടുക.. ദരിദ്രരോട് പക്ഷം ചേരുക. നീതിക്ക് വേണ്ടിയുള്ള പോരാട്ടം സഭയുടെ വെളിയില്‍ മാത്രമല്ല സഭയ്ക്കുള്ളില്‍ തന്നെ എത്രയോ നീതിരാഹിത്യങ്ങളും നീതിനിഷേധങ്ങളുമുണ്ട്. സഭാധികാരികള്‍ക്കിടയില്‍ മാത്രമല്ല അല്മായപ്രമുഖര്‍ക്ക് ഇടയില്‍ പോലും..

അപ്പോള്‍ റാണി മരിയയുടെ വാഴ്ത്തപ്പെട്ട പദവി ആഘോഷിക്കുന്ന ഈ ദിനത്തില്‍ നമ്മുടെ മുമ്പിലുള്ള വെല്ലുവിളിയും മറ്റൊന്നുമല്ല അനീതികള്‍ക്ക് വേണ്ടി ശബ്ദിക്കുക എന്നുള്ളതാണ്. ചൂഷണങ്ങള്‍ക്കെതിരെ പ്രതികരിക്കുക എന്നതാണ്. അത്തരമൊരു മഹത്വത്തിലേക്ക് നമുക്ക് ഇറങ്ങണമെങ്കില്‍ അതിന് നമ്മുടെ ഉള്ളില്‍ സ്വാര്‍ത്ഥത ഉണ്ടായിരിക്കരുത് എന്നും മറക്കരുത്.

ആര്‍ക്കുവേണ്ടി റാണി മരിയ പൊരുതിയോ അവര്‍ക്കെന്താണ് തിരികെ നല്കാനുണ്ടായിരുന്നത്. ഒന്നുമില്ല. പക്ഷേ ആരോടാണ് റാണി മരിയ പോരാടിയത് അവര്‍ക്ക് നല്കാന്‍ പലതുമുണ്ടായിരുന്നില്ലേ.. ബൈബിളിലെ ആ തിരുവചനത്തോട് ചേര്‍ന്നുനിന്ന് പറയുമ്പോള്‍

പൊതുസമൂഹത്തില്‍ ബഹുമാന്യത.. തെരുവോരങ്ങളില്‍ നിന്ന് വന്ദനം.. അധികാരങ്ങള്‍.. പദവികള്‍..കാഴ്ചവസ്തുക്കള്‍.. അതിനോടെല്ലാം വേണ്ടെന്ന് വയ്ക്കാന്‍ ആര്‍ജ്ജവതം ഉള്ളവര്‍ക്കേ കഴിയൂ..വിശുദ്ധിയുടെ പൊന്‍തിളക്കമുള്ളവര്‍ക്കേ സാധിക്കൂ. തന്നെ പ്രധാനപ്പെട്ടതായി പരിഗണിക്കാത്തവര്‍ക്ക് സാധിക്കുന്ന പൊന്‍പീഠമാണത്.

സ്വാര്‍ത്ഥതയാണ് നമ്മെ നീതിക്ക് വേണ്ടി പോരാടുന്നതില്‍ നിന്ന് വിലക്കുന്നത്..ഞാന്‍ നിനക്ക് എതിരെ വിരലുയര്‍ത്തുമ്പോള്‍, നിന്റെ ചിലതിനോടെല്ലാം അരുത് എന്ന് പറയുമ്പോള്‍ എനിക്ക് നഷ്ടമാകുന്നത് നിന്റെ പ്രീതി..നീ വഴി എനിക്ക് ലഭിക്കാവുന്ന കസേരകള്‍..നിന്റെ ചങ്ങാത്തം.അതുകൊണ്ട് ഞാന്‍ നിന്റെ അനീതികളുടെ നിഴലില്‍ ഒതുങ്ങിപ്പോകുന്നു.

ഇതല്ല വേണ്ടത്. ക്രിസ്തു അതായിരുന്നില്ല നമുക്ക് കാണിച്ചുതന്നത്. അവിടുന്ന നീതിക്ക് വേണ്ടി നിലകൊണ്ടു..ദരിദ്രരെ ജീവിതത്തില്‍ പ്രധാനപ്പെട്ടവരായി കണ്ടു. റാണിമരിയ ഉള്‍പ്പെടെയുള്ളവിശുദ്ധരും അതാണ് ചെയ്തത്. നമുക്ക് എളുപ്പം സാധിക്കുന്ന വഴിയായിരിക്കില്ല അത്. പക്ഷേ ശ്രമിക്കുക.അതിനായി റാണി മരിയയുടെ മാധ്യസ്ഥം തേടി പ്രാര്‍ത്ഥിക്കുകയും ചെയ്യാം.

വിനായക് നിര്‍മ്മല്‍

You must be logged in to post a comment Login