ജോസഫ്

ജോസഫ്

വിവാഹനിശ്ചയം കഴിഞ്ഞ ഒരു ചെറുപ്പക്കാരന്റെ മനസ്സിലെന്താവാം?
ഇന്നലെ വരെ താനെന്തായിരുന്നുവോ അതിലേക്ക് വേറെ ചിലതൊക്കെക്കൂടി കൂട്ടിച്ചേര്‍ക്കപ്പെടുന്നു. വലിയ ഉത്തരവാദിത്വങ്ങള്‍… സ്‌നേഹിക്കാനും പങ്കുവയ്ക്കാനും പ്രതീക്ഷിച്ചുകൊണ്ട് ഒരു തുണ. ഏകസ്വരത്തില്‍ നിന്ന് ബഹുസ്വരതയിലേക്ക് ജീവിതം വഴിമാറുമ്പോള്‍ ഏതൊരുവന്റെയും മനസ്സ് അങ്ങനെ തന്നെയായിരിക്കും സഞ്ചരിക്കുക.

ഇത്തിരി ഉല്‍ക്കണ്ഠകളും അതിനെക്കാളേറെ സ്വപ്നങ്ങളുമായാണ് വിവാഹക്ഷേത്രത്തിലേക്കുള്ള പടവുകള്‍ രണ്ടുപേര്‍ കയറുന്നത്. ജീവിതത്തിന് നിറങ്ങള്‍ കലരുന്നത് ഒരുവന്‍ വിവാഹിതനാകുന്നതോടെയാണ്. അങ്ങനെയിരിക്കെ ഒരു ദിവസം അവന്റെ എല്ലാ സ്വപ്നങ്ങളും തകര്‍ത്തെറിഞ്ഞുകൊണ്ട് ഒരാള്‍ വന്നുപറയുകയാണ് നീ വിവാഹം കഴിക്കാന്‍ പോകുന്ന പെണ്‍കുട്ടി മറ്റൊരാളാല്‍ ഗര്‍ഭിണിയാണെന്ന്.

ദൈവമേ, അതെങ്ങനെയാണ് സഹിക്കാനാവുക? ഏതു ചേറ്റില്‍ കാല്‍വച്ചാലും പെണ്ണിന്റെ കാലില്‍ പൊടിമണ്ണിന്റെ തരിപോലും കാണരുതെന്ന് ആഗ്രഹിക്കുന്ന സങ്കുചിതത്വം പുരുഷനുണ്ടെന്നുള്ളത് വേറൊരു കാര്യം.
പരസ്പരമുള്ള എത്രയെത്ര അന്വേഷണങ്ങള്‍ക്കൊടുവിലാണ് വിവാഹത്തിലൂടെ രണ്ടുപേര്‍ ഒന്നിക്കുന്നത്! ബാഹ്യമായ അത്തരം അന്വേഷണങ്ങള്‍ ചിലപ്പോഴെങ്കിലും പ്രഹസനമാവാറുണ്ട്.

കാരണം ആര്‍ ക്കാണ് മറ്റൊരാളെക്കുറിച്ച് മുഴുവനായി അറിയുക? ഒരാളുടെ ആന്തരികജീവിതം അയാള്‍ക്ക് മാത്രമേ കൃത്യമായറിയാവൂ. എന്നിട്ടും പരസ്യമായി പുകവലിക്കുകയോ മദ്യപിക്കുകയോ അവിഹിതവേഴ്ചകളില്‍ ഏര്‍പ്പെടുകയോ ചെയ്യാത്തതുകൊണ്ട് മാത്രം ഒരു പുരുഷനെ നല്ലവനായി കരുതി വിവാഹക്കമ്പോളത്തില്‍ അയാള്‍ക്ക് നമ്മള്‍ നല്ല മാര്‍ക്കിടുന്നു.

മേരിയുമായുള്ള വിവാഹത്തിനുമുമ്പ് അവളെക്കുറിച്ച് ജോസഫും ചില അന്വേഷണങ്ങള്‍ നടത്താതിരുന്നിരിക്കില്ല. കിട്ടിയ അറിവുകള്‍ തീര്‍ച്ചയായും നല്ലതുതന്നെയായിരുന്നു. അയാളതില്‍ ആശ്വസിച്ചും അഭിമാനിച്ചും ഇരിക്കവെയാണ് ഓര്‍ക്കാപ്പുറത്തെ മഴപോലെ പ്രതിശ്രുതവധുവിനെക്കുറിച്ചുള്ള വാര്‍ത്ത അയാളെ നനച്ചുകളയുന്നത്.

മനസ്സും ശരീരവും ഒരാള്‍ക്ക് മാത്രമായി അര്‍പ്പിക്കുന്ന ബലിവേദിയാണ് വിവാഹം. അവിടെ തനിക്കായി അര്‍പ്പിക്കപ്പെടുന്നതിന് മുമ്പ് എവിടെയോ തൂവിപ്പോയ ഒരു ഹവിസാണ് താന്‍ തന്റെ യാഗകര്‍മ്മത്തില്‍ ഉപയോഗിക്കുന്നതെന്ന അറിവ് ഏതു കാര്‍മ്മികനെയാണ് വേപഥുവാക്കാത്തത്? എന്നിട്ടും ദൈവം കൂട്ടിയോജിപ്പിച്ചതിനെ അവിശ്വസിക്കാതിരിക്കാനുള്ള ഹൃദയവിശാലത അയാള്‍ പ്രകടമാക്കുന്നു. ദൈവത്തിന്റെ വാക്കുകളെ അവഗണിക്കാതിരിക്കാനുള്ള സന്മനസ്സും അയാള്‍ ദൃശ്യമാക്കുന്നു.

നമ്മുടെയൊക്കെ കുടുംബങ്ങളില്‍ സംശയരോഗം ഒരുപാട് ദമ്പതികളെ അകറ്റുകയും തളര്‍ത്തുകയും ചെയ്യുന്നുണ്ട് എന്നറിയുമ്പോഴാണ് ഇണയെക്കുറിച്ചും തുണയെക്കുറിച്ചുമുള്ള എല്ലാ ആരോപണങ്ങളെയും അവിശ്വസിച്ചുകൊണ്ട് മേരിയുടെ കൈപിടിക്കാന്‍ ജോസഫ് തയ്യാറാകുന്നതിലെ ധൈര്യം നമ്മെ അമ്പരപ്പിക്കുന്നത്. ദൈവം തനിക്കായി തിരഞ്ഞെടുത്ത് തരുന്നത് തനിക്ക് മാത്രം അവകാശപ്പെട്ടതും താന്‍ മാത്രം വഹിക്കേണ്ടതുമായ ഒരു സാധ്യതയാണെന്ന് ജോസഫ് തിരിച്ചറിഞ്ഞിരുന്നു.

ലോകവീക്ഷണത്തില്‍ പ്രതീക്ഷിക്കാനോ സ്വപ്നം കാണാനോ ഒന്നുമില്ലാത്ത ഒരവസ്ഥയില്‍ നിന്നാണ് ജോസഫിന്റെയും മേരിയുടെയും ദാമ്പത്യം തുടങ്ങുന്നത്. എന്നിട്ടും ദൈവം വാഴ്ത്തിയ ഒരു കുടുംബമായി അത് മാറുന്നു. നാട്ടിന്‍പ്പുറങ്ങളില്‍ വിദ്യാഭ്യാസമോ ജീവിതനിലവാരമോ ഭേദമില്ലാതെ എല്ലാവരും പറഞ്ഞുപോരുന്ന ഒരു കാര്യമുണ്ട്, വിവാഹത്തില്‍ ഒന്നാകുന്ന രണ്ടുപേരുടെയും പേരുകള്‍ ജോസഫും മറിയവും എന്നാണെങ്കില്‍ ആ ദമ്പതികള്‍ ഒരുപാട് തിക്താനുഭവങ്ങളിലൂടെ കടന്നുപോവേണ്ടി വരുമെന്ന്. പെണ്‍കുട്ടിയുടെ പേര് മേരിയല്ലല്ലോ എന്നാല്‍ കുഴപ്പമില്ല എന്ന് മാതൃതുല്യയായ ഒരമ്മ വിവാഹദിനങ്ങളില്‍ പറഞ്ഞത് അദ്ഭുതപ്പെടുത്തിക്കളഞ്ഞു…

നസ്രത്തിലെ തിരുക്കുടുംബത്തെപോലെ എന്ന് സന്ധ്യാപ്രാര്‍ത്ഥനകളില്‍ ചൊല്ലാറുണ്ടായിരുന്നത് കാലക്രമേണ താന്‍ നിര്‍ത്തിക്കളഞ്ഞുവെന്ന് ഒരാള്‍ പറഞ്ഞിട്ടുണ്ട്. അത് മറ്റൊന്നും കൊണ്ടുമല്ല, താണ്ടാന്‍ കിടക്കുന്ന ജീവിതദുരിതങ്ങളോടുള്ള വിപ്രതിപത്തി കൊണ്ടുതന്നെ. കഷ്ടങ്ങള്‍ക്കും നഷ്ടങ്ങള്‍ക്കും അപ്പുറം ആ കുടുംബത്തിന് മീതെ ദൈവമരത്തിന്റെ തണല്‍ ഉണ്ടായിരുന്നുവെന്ന് നാം എത്ര കണ്ട് മനസ്സിലാക്കിയിട്ടുണ്ട്?

ദൈവം ദമ്പതികളുടെ കൂടെ നടക്കാത്ത ഒരു ദാമ്പത്യവും ഫലം നല്കിയിട്ടില്ല. ആദ്യ ദമ്പതികളായ ആദത്തിനും ഹവ്വയ്ക്കും ഒപ്പം ദൈവം ഉലാത്തിയിരുന്നതായി വിശുദ്ധ ഗ്രന്ഥത്തില്‍ നാം വായിക്കുന്നു. പിന്നെ നിഷേധത്തിന്റെ മേച്ചില്‍പ്പുറങ്ങളില്‍ അലയുമ്പോഴാണ് അവര്‍ക്ക് ദൈവസാന്നിധ്യം നഷ്ടമാകുന്നത്. പക്ഷേ തിരുക്കുടുംബത്തിന്റെ ചാരെ മഴയത്തും വെയിലത്തും ദൈവം കുടയായി മാറിയിരുന്നു. ആ കുടയാണ് ഭിന്നിച്ചുപോകാമായിരുന്ന കുടുംബജീവിതത്തെ ചേര്‍ത്തുനിര്‍ത്തിയിരുന്നതും.

ജോസഫ് വൃദ്ധനായിരുന്നോ? വൃദ്ധനായ ജോസഫിനെയാണ് നമുക്ക് പരിചയം. എന്നാല്‍ ജോസഫ് യൗവനയുക്തനായിരുന്നുവെന്ന് ചില വായനകളുണ്ട്. ലോകത്തിലേക്കും വച്ചേറ്റവും സുന്ദരിയായ ഒരു സ്ത്രീയെ ഭാര്യയായി സ്വീകരിച്ചിട്ടും അവളുടെ ഉടലിനെ അയാള്‍ സ്പര്‍ശിച്ചിട്ടേയില്ല എന്ന് പറയുമ്പോള്‍ അതുള്‍ ക്കൊള്ളാന്‍ കഴിയാതെവരുന്ന സംശയമനസ്‌ക്കരെ തൃപ്തിപ്പെടുത്തുന്നതിന്റെ ഭാഗമാവാം ജോസഫിനെ വൃദ്ധനായി ചിത്രീകരിച്ചിരിക്കുന്നതെന്ന് ഊഹിക്കുന്നതില്‍ സാംഗത്യമുണ്ട്.

ക്രിസ്തുവിന്റെ ജനനത്തിനുശേഷം അവന്‍ അവളെ അറിഞ്ഞു എന്നത് ദാമ്പത്യധര്‍മ്മം അനുഷ്ഠിച്ചതിന്റെ തെളിവാണെന്നും അങ്ങനെ മറിയം കന്യകയല്ലെന്നും ചില മേരീവിമതര്‍ വാദിക്കുന്നുണ്ടല്ലോ? ചെറുപ്പക്കാര്‍ക്ക് ആത്മസംയമനം ഇല്ലെന്ന് അല്ലെങ്കില്‍ എല്ലാ പുരുഷന്മാരും സ്ത്രീകളെ കാണുന്നത് ഒരേ രീതിയിലാണെന്ന് കരുതുന്ന സങ്കുചിത്വത്തിന്റെ ബാലിശതകള്‍ ആരെയും വിട്ടൊഴിയാറില്ല. അതിനുവേണ്ടി അവര്‍ ജോസഫിനെ വൃദ്ധനാക്കി. മറ്റൊരുതരത്തില്‍ പറഞ്ഞാല്‍ ജോസഫ് സ്വയം കൈവരിച്ച ബ്രഹ്മചര്യത്തിന്റെ പ്രതീകാത്മകമായ സൂചനയാണ് ആ വാര്‍ദ്ധക്യം.

വാര്‍ദ്ധക്യത്തെയും ശരീരത്തിന്റെ ഒരവസ്ഥയെക്കാളേറെ മനസ്സിന്റെ അവസ്ഥയായി കരുതുന്നതാണ് ഉചിതമെന്ന് തോന്നിയിട്ടുണ്ട്. മുപ്പതുവയസില്‍ മനസ്സിന് വാര്‍ദ്ധക്യം ബാധിച്ച ചിലരെ, എണ്‍പത്തിരണ്ട് വയസിലും ജീവിതത്തെ ഉത്സവച്ഛായയാക്കി മാറ്റിയിരിക്കുന്നവര്‍ ലജ്ജിപ്പിച്ചുകളഞ്ഞിട്ടുണ്ട്. അങ്ങനെ വരുമ്പോള്‍ വളരാത്ത അവസ്ഥയാണ് വാര്‍ദ്ധക്യം. വളര്‍ച്ച മുരടിച്ച അവസ്ഥയും. ഇനി ജോസഫില്‍ ഒരാസക്തിയും വളരില്ല… ഇനി ഒരു മോഹവും അയാളില്‍ തല പൊക്കില്ല. ശരീരത്തിന്റെ എല്ലാ അവസ്ഥകളെയും നിര്‍മ്മമതയോടെ വീക്ഷിക്കാന്‍ അയാളിലെ സന്ന്യാസിക്ക് കഴിയുന്നു. അതിന്റെ ബാഹ്യമായ അടയാളമാണ് ജോസഫിന്റെ നര. നരച്ച മുടി ജ്ഞാനത്തിന്റെ അടയാളമായി പ്രഭാഷകന്‍ വ്യാഖ്യാനിക്കുന്നുണ്ട്.

ജ്ഞാനവും നീതിയും തമ്മില്‍ ബന്ധമുണ്ട്. ബൈബിളില്‍ ഒരാളെ മാത്രമേ നീതിമാന്‍ എന്ന് വിളിക്കുന്നുള്ളൂവെന്നും അത് ജോസഫിനെയാണെന്നതും എത്ര പഴകിയാലും പ്രസക്തി നഷ്ടപ്പെടാത്ത ആശയമാണ്. ജോസഫ് നീതിയുടെ വന്‍കരയിലെത്തിയത് ജ്ഞാനത്തിന്റെ പാലങ്ങള്‍ പിന്നിട്ടായിരുന്നു.

ഭാര്യയുടെ കന്യകാത്വം ഭര്‍ത്താവ് അവളെ എങ്ങനെ സ്വീകരിക്കുകയും എങ്ങനെ കൈക്കൊള്ളുകയും ചെയ്യുന്നു എന്നതനുസരിച്ചാണ്. തന്നെ മാംസമായി കാണാത്ത, തന്നെ അംഗീകരിക്കുകയും സ്‌നേഹിക്കുകയും ചെയ്യുന്ന ഭര്‍ത്താവിന് മുമ്പില്‍ വര്‍ഷമെത്ര കഴിഞ്ഞാലും ഒരു ഭാര്യ കന്യക തന്നെയായിരിക്കും. അല്ലാതുള്ള ഭാര്യയാവട്ടെ ജീവിതത്തിലൊരിക്കലും കന്യകയായിരുന്നിട്ടുമില്ല, അവള്‍ അങ്ങനെ ആണെങ്കില്‍ തന്നെ.

ഉടലിനോടുള്ള നമ്മുടെ സമീപനങ്ങളാണ് ഉടലിനെ വിശുദ്ധമാക്കുന്നത്. അതാവട്ടെ നമ്മുടെ മനസ്സിന്റെ ഭാവങ്ങളെ പ്രകാശിപ്പിക്കുകയും ചെയ്യുന്നു. ജോസഫ് മേരിയുടെ ഉടലിനോട് കൈക്കൊണ്ട പ്രസാദാത്മകമായ സമീപനമാണ് മേരിയുടെ കന്യകാത്വത്തിന് അലങ്കാരമായത്. സ്ത്രീയുടെ കന്യകാത്വം വിലമതിക്കപ്പെടുന്നത് അവള്‍ ഏകസ്ഥ യായി ജീവിക്കുമ്പോള്‍ മാത്രമല്ല, അനുകൂലമായ പുരുഷസാമീപ്യങ്ങളിലും സാഹചര്യങ്ങളിലും അവളിലെ കന്യകാത്വം ഭഞ്ജിക്കപ്പെടാതിരിക്കുമ്പോള്‍ കൂടിയാണ്.

കന്യകാത്വത്തെ കേവലം മാനുഷികപ്രകൃതമായി മാത്രം കാണരുത്. അതൊരു മാനസികപ്രതിഭാസം കൂടിയാണ്. കന്യകാത്വം എന്ന സങ്കല്പം സ്ത്രീക്ക് മാത്രം ആരോപിക്കപ്പെടുന്ന ഒന്നാണെന്ന് അറിയണം. അത് അവളുടെ സുരക്ഷയ്ക്ക് എന്നതിനൊപ്പം തന്നെ പുരുഷന്റെ ആവശ്യമോ അവകാശമോ ആയിരുന്നു. അല്ലെങ്കില്‍ പുരുഷന്‍ അടിച്ചേല്പിക്കുന്നതല്ലാതെ പുരുഷനില്‌മേല്‍ അടിച്ചേല്പിക്കുന്ന ഒന്നല്ലല്ലോ കന്യകാത്വം?

ജോസഫ് എന്ന വാക്കിന്റെ എല്ലാ അര്‍ത്ഥങ്ങളെക്കാളും അതിന് കരുതല്‍ എന്ന അര്‍ത്ഥം കൂടുതലായുണ്ട്. പഴയനിയമത്തില്‍ കാണുന്ന ജോസഫ് മുതല്‍ പുതിയനിയമത്തിലെ ജോസഫ് വരെ ആ പേരിന്റെ മഹത്വം വ്യക്തമാക്കുന്നു. ക്രൂരതകള്‍ ചെയ്തിട്ടും സ്വസഹോദരന്മാരോട് അവരുടെ ജീവിതവരള്‍ച്ചകളുടെ കാലങ്ങളില്‍ കരുതല്‍ വ്യക്തമാക്കുന്നവനാണ് പൂര്‍വ്വയൗസേപ്പ്. സാധാരണപോലുള്ള ഒരു ദാമ്പത്യബന്ധം അനുഷ്ഠിക്കാതിരുന്നിട്ടും ദൈവം ഭാര്യയായി കൂട്ടിയോജിപ്പിച്ചവളെയും തന്റേതല്ലാത്ത കുഞ്ഞിനെയും തന്റെ മരണംവരെ കാത്തുസംരക്ഷിക്കുന്നതില്‍ ജോസഫ് എത്ര ജാഗരൂകനായിരുന്നു!

ബൈബിള്‍ പരിമിതമായി രേഖപ്പെടുത്തിയിരിക്കുന്ന സംഭവങ്ങളിലെല്ലാം മറിയത്തെപോലെതന്നെ ആകുലതകളും ഉല്‍ക്കണ്ഠകളും യേശുവിനെപ്രതി ജോസഫും അനുഭവിച്ചിരിക്കാം എന്നതിന് ചരിത്രതെളിവുകളുടെയൊന്നും ആവശ്യമില്ല, മനസ്സിന്റെ ചില സഞ്ചാരങ്ങളെ അറിയാനുള്ള നിരീക്ഷണങ്ങള്‍ മാത്രം മതി.

കുഞ്ഞുങ്ങളെല്ലാം ദൈവത്തിന്റേതാണെന്ന ദാര്‍ശനികസൗന്ദര്യമാണ് ജോസഫ് വ്യക്തമാക്കുന്ന മറ്റൊരുതലം. തന്റേതല്ലാത്ത കുഞ്ഞിനെ ലോകത്തിനും കാലത്തിനും വേണ്ടി കാത്തുപരിപാലിച്ച് വളര്‍ത്തുന്നതില്‍ കാണിക്കുന്ന കരുതല്‍ എല്ലാ അച്ഛന്മാരും പഠിക്കേണ്ടതാണ്. കുഞ്ഞു ങ്ങളെ കൂടുതല്‍ താലോലിക്കുന്നതും ശുശ്രൂഷിക്കുന്നതും അമ്മമാരാണെങ്കിലും മക്കളുടെ ജീവസന്ധാരണത്തിനുള്ള എല്ലാ ഉത്തരവാദിത്വങ്ങളും അപ്പന്മാരുടെ ചുമലിലാണെന്നും മറക്കരുത്.

മറിയത്തിന്റെ പ്രഭാപൂര്‍ണ്ണതയില്‍ മങ്ങിപ്പോയ ഒരു നക്ഷത്രമായിരുന്നു അടുത്തകാലം വരെ ജോസഫ്. മറിയത്തിന്റെ പ്രഭയെ ഒട്ടുംകുറയ്ക്കാതെ തന്നെ ജോസഫിനും പ്രഭയുണ്ടെന്ന്, ഇത്തിരി വൈകിയെങ്കിലും നമ്മള്‍ തിരിച്ചറിഞ്ഞിരിക്കുന്നു.

മരിയവിജ്ഞാനീയം പോലെ ഇനിമുതല്‍ ജോസഫ് വിജ്ഞാനീയവും പ്രബലപ്പെടുന്ന കാലം അതിവിദൂരത്തല്ലെന്ന് ഞാന്‍ സ്വപ്നം കാണുന്നു.

വിനായക് നിര്‍മ്മല്‍

You must be logged in to post a comment Login