മരിയഭക്തനായ വിശുദ്ധ മോണ്‍ഫോര്‍ട്ടിന്റെ ജീവിതത്തിലൂടെ…

മരിയഭക്തനായ  വിശുദ്ധ മോണ്‍ഫോര്‍ട്ടിന്റെ ജീവിതത്തിലൂടെ…

മരിയവിജ്ഞാനീയത്തിന് പുതിയ മുഖം നല്കിയ വിശുദ്ധനാണ് ഫ്രഞ്ചുപുരോഹിതനായ ലൂയിസ് ദ മോണ്‍ഫോര്‍ട്ട്. സുവിശേഷപ്രസംഗകനും മിഷനറിയും എഴുത്തുകാരനും ഗാനരചയിതാവും എല്ലാം ആയി താന്‍ ജീവിച്ച കാലഘട്ടത്തില്‍ ദൈവസ്‌നേഹത്തെ അനേകരിലെത്തിക്കുകയും മരിയഭക്തിയെ വര്‍ദ്ധമാനമാക്കുകയും ചെയ്ത ലൂയിസ് ദ മോണ്‍ഫോര്‍ട്ട്, ജോണ്‍ പോള്‍ രണ്ടാമന്‍ ഉള്‍പ്പടെ മാര്‍പാപ്പമാരെ സ്വാധീനിച്ച വ്യക്തിത്വമായിരുന്നു.

വൈദികനായി വെറും പതിനാറ് വര്‍ഷം മാത്രം ദൈവികശുശ്രൂഷയിലേര്‍പ്പെട്ട ലൂയീസ്, എത്രവര്‍ഷം ജീവിച്ചു എന്നതിലേറെ എങ്ങനെ ജീവിച്ചു എന്ന് ജീവിതം കൊണ്ടും കര്‍മ്മംകൊണ്ടും സ്വജീവിതം കൊണ്ട് പ്രകടമാക്കിയതിലൂടെ നമ്മുടെ കാലഘട്ടത്തിലെ മാത്രമല്ല എല്ലാ കാലത്തെയും വൈദികര്‍ക്കു മാതൃകയാണ്. പൗരോഹിത്യത്തെ ദൈവവിളി എന്നതിലപ്പുറം ദൈവത്തിനുള്ള ദാസ്യവേലയും ആത്മപരിത്യാഗവുമായിട്ടാണ് ലൂയീസ് കരുതിയിരുന്നത്.

മറിയത്തിലൂടെ ദൈവത്തിന് തന്നെ തന്നെ സമര്‍പ്പിക്കാനുള്ള മാര്‍ഗ്ഗമായിരുന്നു അദ്ദേഹത്തിന് പൗരോഹിത്യം.
ജീവിതത്തിന്റെ ഇരുണ്ട വഴികളിലൂടെ തിരസ്‌ക്കരണത്തിന്റെയും തെറ്റിദ്ധാരണകളുടെയും നാളുകളിലൂടെ കടന്നുപോകേണ്ടിവന്നപ്പോള്‍ മറിയം എന്ന പ്രതിഭാസത്തിന്റെ സ്‌നേഹപൂര്‍വ്വമായ തലോടലും ആ നല്ല അമ്മ നല്കിയ ആശ്വാസവുമാണ് ലൂയിസിനെ താങ്ങിയത്. നന്നേ ചെറുപ്പം മുതല്‌ക്കേ പരിശുദ്ധ മറിയത്തെ നല്ല അമ്മയായി സ്വീകരിക്കാന്‍ സാധിച്ച ലൂയിസിന് ആ സവിധത്തില്‍ ആശ്വാസം കണ്ടെത്തുക വളരെ എളുപ്പവുമായിരുന്നു.

മറിയത്തെ ജീവിതത്തിന്റെ നാഥയും ഹൃദയത്തിന്റെ ഉടമയുമായി സ്വീകരിച്ച ലൂയിസിന്റെ പ്രബോധനങ്ങളെക്കുറിച്ചുള്ള നിരീക്ഷണങ്ങളില്‍ ചിലത് ഇങ്ങനെയാണ്.: മൂന്നു വാക്കുകളാണ് അദ്ദേഹത്തിന്റെ പ്രബോധനങ്ങളുടെ സാരാംശം. ജ്ഞാനം, കുരിശ്, കന്യക.. കുരിശിന് വെളിയില്‍ ജ്ഞാനമില്ലെന്നും കന്യകയെകൂടാതെ സഹായമില്ലെന്നും ഈ മൂന്നുവാക്കുകളേ വ്യാഖ്യാനിക്കാവുന്നതാണ്.

നിത്യനായ ദൈവത്തെ-യേശുക്രിസ്തുവിനെ- പരിശുദ്ധ ത്രീത്വത്തിന്റെ രണ്ടാമത്തെ വ്യക്തിയെ, കന്യാമേരിയുടെ ഉദരത്തില്‍ ഉരുവായവനെ അറിയുന്നതാണ് ജ്ഞാനം. സാത്താന്റെ അഹങ്കാരത്തെ അപമാനങ്ങളേറ്റുവാങ്ങിയും ലോകത്തിന്റെ അതിമോഹങ്ങളെ ദാരിദ്ര്യത്തെ സ്വീകരിച്ചും ശരീരത്തിന്റെ ആസക്തികളെ ശരീരത്തില്‍ പീഡകളേറ്റുവാങ്ങിയും സ്‌നേഹിക്കുന്നതാണ് കുരിശ്. ക്രിസ്തുവിലേക്കുള്ള സുനിശ്ചിതവും എളുപ്പമുള്ളതും സന്തോഷപ്രദവുമായ പരിപൂര്‍ണ്ണമായ ഏകവഴിയാണ് കന്യകയായ മറിയം. മാനവരക്ഷയ്ക്കുള്ള സഹരക്ഷകയാണ് മാതാവ്. ലോകത്തിലേക്ക് ക്രിസ്തുവിന് കടന്നുവരാന്‍ മാര്‍ഗ്ഗമായി മാറിയത് പരിശുദ്ധ മറിയമാണ്… പാപത്തിന്റെ അടിമത്തത്തില്‍ നിന്നുള്ള മോചനത്തിന് പരിശുദ്ധ മറിയത്തോടുള്ള ഭക്തി അത്യാവശ്യമാണ്.

കാരണം ദൈവത്തിന്റെ മാതാവാണ് മറിയം.
ജീന്‍ ബാപ്റ്റിസ്റ്റീ ഗ്രിഗ്നിയോണിന്റെയും ജീനി റോബര്‍ട്ടിന്റെയും മകനായി 1673 ജനുവരി 31 നായിരുന്നു ലൂയിസ് ജനിച്ചത്.പതിനെട്ട് മക്കള്‍ക്ക് ജന്മം നല്കിയെങ്കിലും അതിജീവിച്ച പതിനൊന്നുമക്കളില്‍ മൂത്തയാളായിരുന്നു ലൂയിസ്. ജനിച്ചതിന്റെ പിറ്റേന്നു തന്നെ മാതാപിതാക്കള്‍ കുഞ്ഞിന് മാമ്മോദീസാ നല്കി.

കോപശീലനായിരുന്നു പിതാവ്. കോപശീലത്തോടും മാംസത്തിന്റെ വികാരങ്ങളോടുമായിരുന്നു തന്റെ സമരം എന്ന് പില്ക്കാലത്ത് ലൂയിസ് കുമ്പസാരിച്ചിട്ടുണ്ട്. മാനുഷികമായ ഇത്തരം ബലഹീനതകള്‍ ഉള്ളപ്പോള്‍ തന്നെ നാലുവയസു മുതല്‍ അനിതരസാധാരണമായ പുണ്യങ്ങള്‍ ആ കുട്ടിയില്‍ വിളങ്ങിനിന്നിരുന്നു.

അപ്പസ്‌തോലികചൈതന്യം നന്നേ ചെറുപ്പത്തിലേ ലൂയിസിലുണ്ടായിരുന്നു. മറ്റ് കുട്ടികളെ വേദപാഠം പഠിപ്പിക്കുന്നതിനും മരിയ ഭക്തിയിലേക്ക് അവരെ നയിക്കുന്നതിനും അവന്‍ ശ്രദ്ധിച്ചിരുന്നു. തന്റെ നല്ല അമ്മയായി അവന്‍ മാതാവിനെ അന്നുമുതല്‍ സ്വീകരിച്ചു.

ചാപ്പലില്‍ മണിക്കൂറുകളോളമാണ് മാതാവിനോട് പ്രാര്‍ത്ഥിച്ചും സംസാരിച്ചും അവന്‍ കഴിച്ചുകൂട്ടിയത്. തന്റെ ആത്മീയാവശ്യങ്ങള്‍ക്കുവേണ്ടിയും താല്ക്കാലികമായ എന്തെങ്കിലും ആവശ്യങ്ങള്‍ക്കുവേണ്ടിയും ശിശുസഹജമായ നിഷ്‌ക്കളങ്കതയോടെ മാതാവിന് മുമ്പില്‍ യാചിക്കുക അവന്റെ പതിവായിരുന്നു.

പന്ത്രണ്ടാംവയസില്‍ റെന്നീസിലെ ജസ്യൂട്ട് കോളജായ സെന്റ് തോമസില്‍ അവന്‍ ചേര്‍ന്നു. ഇക്കാലത്താണ് പൗരോഹിത്യത്തിലേക്കുള്ള വിളി ലൂയിസ് തിരിച്ചറിയുന്നത്.പ്രസ്തുത കോളജിലെ ഭക്തിപുരസരമായ പ്രവര്‍ത്തനങ്ങള്‍ അവനിലെ വൈദികവിളിയെ പ്രോത്സാഹിപ്പിച്ചതിനൊപ്പം തന്നെ അന്നാട്ടുകാരനായ ഫാ. ജൂലിയന്‍ ബെല്ലിയറുടെ ജീവിതശൈലിയെക്കുറിച്ചും പ്രവര്‍ത്തനങ്ങളെക്കുറിച്ചുമുളള കേട്ടറിവുകളും ആ തിരഞ്ഞെടുപ്പിന് പിന്നില്‍ മറ്റൊരു ഘടകമായിരുന്നു. 1693 ല്‍ പാരീസ്, സെന്റ് സള്‍പീസിലെ സെമിനാരിയിലേക്ക് ലൂയിസ് യാത്രയായി. പക്ഷേ പാരീസിലെത്തിയപ്പോള്‍ അഹിതകരമായത് ഒന്നു സംഭവിച്ചു.

സാമ്പത്തികചെലവുകള്‍ വഹിക്കാമെന്നേറ്റിരുന്ന അഭ്യുദയാകാംക്ഷി മതിയായ പണം നല്കാന്‍ വിസമ്മതിച്ചു. തന്മൂലം ദരിദ്രര്‍ താമസിക്കുന്ന ഒരു കോളനിയില്‍ താമസിച്ചുകൊണ്ട് സോര്‍ബോണ്‍ യൂണിവേഴ്‌സിറ്റിയിലെ തിയോളജി ക്ലാസുകള്‍ക്ക് വേണ്ടി അവന് പോവേണ്ടിവന്നു. ഇങ്ങനെ രണ്ടുവര്‍ഷം കഴിഞ്ഞപ്പോഴേയ്ക്കും രോഗബാധിതനായി ലൂയീസ് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടു. പിന്നീട് പാരീസിലെ റോമന്‍ കാത്തലിക്ക് പള്ളിയായ സെന്റ് സള്‍പീസില്‍ ഇത്തിരി സ്ഥലം ലഭിച്ചതുകൊണ്ട് അവിടെ താമസിച്ചു തിയോളജി ക്ലാസിനായി പൊയ്‌ക്കൊണ്ടിരുന്നു. ഇതേ കാലത്താണ് ലൈബ്രറേറിയന്റെ ചുമതല ലൂയിസിന് ലഭിക്കുന്നത്.

ആധ്യാത്മികഗ്രന്ഥങ്ങളുമായി പരിചയപ്പെടുവാനും പ്രത്യേകിച്ച് ക്രിസ്ത്യന്‍ ജീവിതത്തില്‍ മറിയത്തിനുള്ള സ്ഥാനത്തെക്കുറിച്ച് പഠനം നടത്താനും ഈ അവസരം ലൂയിസ് പ്രയോജനപ്പെടുത്തി. ഈ അറിവാണ് പില്ക്കാലത്ത് ജപമാലയിലേക്കും ജപമാല രഹസ്യങ്ങളിലേക്കും ലൂയിസിനെ നയിച്ചത്. 1700 ല്‍ പുരോഹിതനായി ലൂയിസ് അഭിഷിക്തനായി.

സുവിശേഷപ്രസംഗം നടത്തുന്നതിനായിരുന്നു ഫാ. ലൂയിസ് ആഗ്രഹിച്ചത്. എന്നാല്‍ അദ്ദേഹത്തിന് അതിനുള്ള അവസരങ്ങള്‍ നിഷേധിക്കപ്പെട്ടു. അക്കാലത്തെ അദ്ദേഹത്തിന്റെ എഴുത്തുകള്‍ പ്രസംഗിക്കാന്‍ അവസരം കിട്ടാത്തതിലുള്ള വേദനകള്‍ പ്രകടമാക്കുന്നതായിരുന്നു. വൈദികനായി അഞ്ച് മാസങ്ങള്‍ക്ക് ശേഷം ഡൊമിനിക്കന്‍ മൂന്നാം ഓര്‍ഡറില്‍ അംഗമായി.

പരിശുദ്ധ മാതാവിന്റെ സംരക്ഷണയിലും മേല്‍നോട്ടത്തിലും ദരിദ്രരും നല്ലവരുമായ വൈദികരുമായി ചേര്‍ന്ന് പ്രസംഗങ്ങളും ധ്യാനങ്ങളും നടത്താന്‍ കഴിയണമേയെന്നായിരുന്നു ഫാ.ലൂയിസിന്റെ തുടര്‍ച്ചയായുള്ള പ്രാര്‍ത്ഥനകളെല്ലാം. മേരി സഖ്യം അഥവാ കമ്പനി ഓഫ് മേരിയുടെ രൂപീകരണത്തിലേക്ക് ഫാ.ലൂയീസിനെ കൊണ്ടുചെന്നെത്തിച്ചു. ഇതേ സമയത്താണ് വാഴ്ത്തപ്പെട്ട മേരി ലൂയിസ് ട്രിച്ചറ്റുമായി ഫാ. ലൂയിസ് കണ്ടുമുട്ടുന്നത്

. മുപ്പത്തിനാല് വര്‍ഷത്തെ സാധുജനസേവനത്തിന് മേരി ലൂയിസ് തുടക്കമിട്ടതും ഇതോടെയാണ്. ഡോട്ടേഴ്‌സ് ഓഫ് വിസ്ഡം എന്ന അന്തര്‍ദ്ദേശീയ സംഘടനയുടെ ആരംഭത്തിനും ഈ കണ്ടുമുട്ടല്‍ ഇടയായി. ആ സംഘടനയിലെ ആദ്യ അംഗവുമായിരുന്നു മേരി ലൂയിസ്. ലൂയിസ് മോണ്‍ഫോര്‍ട്ടിന്റെ കീഴില്‍ സന്യാസവ്രതം എടുക്കുന്ന വേളയില്‍ അദ്ദേഹം സന്ന്യാസാര്‍ത്ഥിനികളോട് പറഞ്ഞത് ഇതാണ്: നിങ്ങള്‍ നിങ്ങളെത്തന്നെ ജ്ഞാനത്തിന്റെ പുത്രിമാരെന്ന് വിളിക്കുകയും കുട്ടികളെ പഠിപ്പിക്കുകയും ദരിദ്രരെ പരിഗണിക്കുകയും ചെയ്യുവിന്‍.

സ്ഥലത്തെ മെത്രാന്മാര്‍ ഫാ. ലൂയിസിന് സുവിശേഷപ്രസംഗത്തിനുള്ള അനുവാദം നല്കിയിരുന്നില്ല. അവര്‍ അദ്ദേഹത്തെ അകറ്റിനിര്‍ത്തുകയാണ് ചെയ്തിരുന്നത്. മാര്‍പാപ്പയില്‍ നേരിട്ട് അനുവാദം ലഭിക്കുന്നതിനായി ഫാ. ലൂയീസ് റോമിലേക്ക് യാത്രയായി.ക്ലമന്റ് പതിനൊന്നാമനായിരുന്നു അന്ന് മാര്‍പാപ്പ.

ഫാ. ലൂയിസിന്റെ യഥാര്‍ത്ഥ ദൈവവിളി തിരിച്ചറിഞ്ഞ അദ്ദേഹം അപ്പസ്‌തോലിക്ക് മിഷനറി എന്ന എന്ന പേരു നല്കി ഫ്രാന്‍സിലെ വിവിധ സ്ഥലങ്ങളില്‍ സുവിശേഷപ്രഘോഷണത്തിനായി ലൂയിസിനെ അയച്ചു. ബ്രിട്ടനി മുതല്‍ നാന്റേസ് വരെയുള്ള സ്ഥലങ്ങളില്‍ അനേകവര്‍ഷം സുവിശേഷപ്രഘോഷണം നടത്തിയ ഫാ. ലൂയിസ് മോണ്‍ഫോര്‍ട്ടിലെ നല്ല അച്ചന്‍ എന്ന ഖ്യാതി സാധാരണക്കാര്‍ക്കിടയില്‍ നേടി. ഒരിടത്ത് നിന്ന് മറ്റൊരിടത്തേക്ക് നഗ്നപാദനായി സുവിശേഷതീക്ഷ്ണതയാല്‍ എരിഞ്ഞ് യാത്ര ചെയ്യുമ്പോഴും മറിയത്തെക്കുറിച്ചുള്ള കൃതികളും ഗീതങ്ങളും രചിക്കുവാനും അദ്ദേഹം സമയം കണ്ടെത്തിയിരുന്നു.

പുരോഹിതര്‍ക്കിടയിലെ കവി കൂടിയായിരുന്ന അദ്ദേഹം 20000 ത്തോളം ഗീതകങ്ങള്‍ രചിച്ചിട്ടുണ്ട്.അവയില്‍ ഏറിയ പങ്കും മറിയത്തിന് ആദരം അര്‍പ്പിക്കുന്നവയുമായിരുന്നു. പ്രചോദനാത്മകം എന്നും പ്രബോധനാത്മകം എന്നുമാണ് ആ ഗീതകങ്ങളെ ചില പണ്ഡിതര്‍ അപഗ്രഥനം ചെയ്തിരിക്കുന്നത്. ഇടവകയിലെ സുവിശേഷവല്ക്കരണമാധ്യമം എന്ന നിലയിലാണ് ഇവയുടെ രചന അദ്ദേഹം നിര്‍വഹിച്ചത്.

ചില മെത്രാന്മാര്‍ അദ്ദേഹത്തെ അകറ്റിനിര്‍ത്തിയിരുന്നുവെങ്കിലും ലാ റോച്ചെല്ലെയിലെ മെത്രാന് ലൂയിസ് മോണ്‍ഫോര്‍ട്ടിന്റെ പ്രവര്‍ത്തനങ്ങളോട് മതിപ്പായിരുന്നു. ലാ റോച്ചല്ലയില്‍ ഒരു സ്‌കൂള്‍ ലൂയിസ് മോണ്‍ഫോര്‍ട്ട് ആരംഭിച്ചത് അദ്ദേഹം ആവശ്യപ്പെട്ടതുപ്രകാരമായിരുന്നു. കഠിനാദ്ധ്വാനവും രോഗങ്ങളുമാണ് മോണ്‍ഫോര്‍ട്ടിന്റെ മരണത്തിന് കാരണമായത്. 1716 ഏപ്രില്‍ 28 ന് മരിക്കുമ്പോള്‍ ഫാദര്‍ ലൂയിസ് മോണ്‍ഫോര്‍ട്ടിന് നാല്പത്തിമൂന്ന് വയസായിരുന്നു പ്രായം. ഈശോയും ദൈവത്തിന്റെ മനുഷ്യാവതാരമെടുത്ത ജ്ഞാനവും എന്ന വിഷയത്തിലായിരുന്നു ഫാ.ലൂയിസിന്റെ അവസാനപ്രസംഗം.

ജോണ്‍ പോളിനെ കൂടാതെ, പോപ്പ് ലിയോ പതിമൂന്നാമന്‍, പോപ്പ് പയസ് പത്താമന്‍, പോപ്പ് പയസ് പതിനൊന്നാമന്‍ എന്നിവരെയെല്ലാം സ്വാധീനിക്കാന്‍ 1700 കളില്‍ ഇഹലോകവാസം വെടിഞ്ഞ ഫാ ലൂയിസ് മോണ്‍ഫോര്‍ട്ടിന് സാധിച്ചുവെന്നതാണ് ചരിത്രം രേഖപ്പെടുത്തിയിരിക്കുന്നത്. മാതാവിന്റെ അമലോത്ഭവത്വം വിശ്വാസസത്യമായി പ്രഖ്യാപിച്ചതിന്റെ പതിനഞ്ചാം വാര്‍ഷികവേളയില്‍ മാതാവിനെ മനുഷ്യകുലത്തിന്റെ സഹരക്ഷയും മാധ്യസ്ഥയുമായി ലിയോ പതിമൂന്നാമന്‍ വിശേഷിപ്പിച്ചതിന് പിന്നിലെ പ്രചോദനം മോണ്‍ഫോര്‍ട്ടിന്റെ വാക്കുകളായിരുന്നു. എല്ലാ മനുഷ്യരെയും ക്രിസ്തുവുമായി ബന്ധിപ്പിക്കുന്നതില്‍ ഏറ്റവും എളുപ്പമുള്ളതും തീര്‍ച്ചയുള്ളതുമായ ഒരേയൊരു വഴി മേരിയാണ് എന്ന് പിയൂസ് പത്താമനെക്കൊണ്ട് പറയിപ്പിച്ചതിന് പിന്നിലും മരിയന്‍ പോപ്പ് എന്ന് അറിയപ്പെടുന്ന പിയൂസ് പന്ത്രണ്ടാമന്റെ മരിയഭക്തിക്ക് പിന്നിലും ഈ വിശുദ്ധ സാന്നിധ്യമുണ്ടായിരുന്നു.

1947 ല്‍ ഇദ്ദേഹമാണ് ലൂയീസ് മോണ്‍ഫോര്‍ട്ടിനെ വിശുദ്ധനായി പ്രഖ്യാപിച്ചത്. സെമിനാരിക്കാലത്ത് മോണ്‍ഫോര്‍ട്ടിന്റെ കൃതികള്‍ വീണ്ടും വീണ്ടും വായിച്ചിരുന്ന ഒരു കാലത്തെ ജോണ്‍ പോള്‍ പാപ്പയും അനുസ്മരിക്കുന്നുണ്ട്. അദ്ദേഹത്തിന്റെ അപ്പസ്‌തോലിക് തിരുവെഴുത്തായ റൊസാറിയം വിര്‍ജിന്‍സ് മേരി യില്‍ ആദര്‍ശവചനമായി ടോട്ടസ് ടിയൂസ്- പൂര്‍ണ്ണമായി അങ്ങയുടേത്- സ്വീകരിക്കാനും വിശുദ്ധ ലൂയിസിന്റെ മരിയഭക്തി പ്രചോദനമായിട്ടുണ്ട്.

ലൂയിസ് മോണ്‍ഫോര്‍ട്ടിന്റെ വിശുദ്ധപദ പ്രഖ്യാപനത്തിന്റെ അമ്പതാം വാര്‍ഷികം ആഘോഷിച്ച 1997 ല്‍ ജോണ്‍പോള്‍ രണ്ടാമന്‍ അദ്ദേഹത്തിന്റെ ആത്മീയതയെ അഞ്ചു ഘട്ടങ്ങളായി വിശദീകരിക്കുകയുണ്ടായി.

1 ദൈവം മാത്രം: തന്റെ ആദര്‍ശവാക്യമായി ലൂയിസ് മോണ്‍ഫോര്‍ട്ട് സ്വീകരിച്ചത് ഈ വാക്യമായിരുന്നു. തന്റെ ഒരു ഗാനത്തില്‍ മോണ്‍ഫോര്‍ട്ട് ഇങ്ങനെ പാടുന്നു. അലിയുന്ന എന്റെ ഹൃദയത്തിന് ദൈവം മാത്രം.. എനിക്ക് പൂര്‍ണ്ണ പിന്തുണയും ദൈവം മാത്രം.. എന്റെ എല്ലാ നല്ല പ്രവൃത്തികള്‍ക്കും ദൈവം മാത്രം.. എന്റെ ജീവിതവും എന്റെ സമ്പത്തും ദൈവം മാത്രം.” അദ്ദേഹത്തിന് ദൈവത്തോടുള്ള സ്‌നേഹം പൂര്‍ണ്ണമായിരുന്നു. ദൈവത്തോടൊത്തും ദൈവത്തിന് വേണ്ടിയുമായിരുന്നു അദ്ദേഹം നടത്തിയ എല്ലാ ദൗത്യയാത്രകളും.

 

2 മനുഷ്യാവതാരം: മനുഷ്യാവതാരം എന്ന വാക്ക് പൂര്‍ണ്ണമായും കേന്ദ്രയാഥാര്‍ത്ഥ്യമായിരുന്നു അദ്ദേഹത്തിന്. ” നിത്യവും മനുഷ്യാവതാരം സ്വീകരിച്ചതുമായ ജ്ഞാനമേ, നിന്നെ ഞാന്‍ ആരാധിക്കുന്നു.

3. പരിശുദ്ധ കന്യകയോടുള്ള സ്‌നേഹം: പരിശുദ്ധ മറിയത്തോടുള്ള യഥാര്‍ത്ഥഭക്തി കര്‍ത്താവായ ദൈവത്തോടുള്ള ഭക്തിയും ക്രിസ്തുവിലേക്കെത്തുന്ന മൃദുവും ഉറപ്പുള്ളതുമായ വഴിയാണ്.

4 കുരിശിനോടുള്ള ആത്മാര്‍ത്ഥത: അന്ധമായ സ്‌നേഹമായിരുന്നു മോണ്‍ഫോര്‍ട്ടിന് കുരിശിനോടുണ്ടായിരുന്നത്. ഓരോ ദിനവും ക്രിസ്തുവിനെ അനുകരിക്കാനുള്ള ശ്രമമായിരുന്നു അദ്ദേഹത്തിന്റെ ജീവിതം. വിശുദ്ധിയിലേക്കുള്ള സാക്ഷ്യപത്രമായിരുന്നുവത്. രക്ഷിക്കുന്ന സ്‌നേഹം ഈ ലോകത്തിന് വെളിപ്പെട്ടുകിട്ടിയത് കുരിശിലൂടെയാണ്.

5 മിഷനറി ചൈതന്യം. അനിതരസാധാരണമായ വ്യാപ്തിയും സ്വാധീനവുമുള്ള ഒരു മിഷനറിയായിരുന്നു മോണ്‍ഫോര്‍ട്ട്. അഭിഷിക്തനായതിന്റെ പിറ്റേന്ന് അദ്ദേഹം ഇങ്ങനെ എഴുതി, നമ്മുടെ കര്‍ത്താവിനോടും അവിടുത്തെ പരിശുദ്ധയായ മറിയത്തോടും ഉള്ള സ്‌നേഹത്താല്‍ പ്രേരിതനായി ലളിതവും വിനീതവുമായ രീതികളിലൂടെ ദരിദ്രര്‍ക്ക് സുവിശേഷം നല്കാന്‍ ഞാനാഗ്രഹിക്കുന്നു…” ഈ വിളിയോട് പരിപൂര്‍ണ്ണ വിശ്വസ്തതയാണ് അദ്ദേഹം പുലര്‍ത്തിയിരുന്നത്.

ദൈവത്തിന് വേണ്ടി നാം റിസ്‌ക്ക് ഏറ്റെടുക്കുന്നില്ലെങ്കില്‍ അവിടുത്തേയ്ക്കായി നാം മഹത്തായതൊന്നും ചെയ്യുന്നില്ല എന്ന വിശ്വാസപ്രമാണമായിരുന്നു വിശുദ്ധ ലൂയിസിന് ഉണ്ടായിരുന്നത്.

വിനായക്

You must be logged in to post a comment Login