മദര്‍ തെരേസയുടെ സൗന്ദര്യം മങ്ങുമോ?

മദര്‍ തെരേസയുടെ സൗന്ദര്യം മങ്ങുമോ?

ഒരാള്‍ ഈ ഭൂമിയില്‍ ജീവിച്ചിരുന്നു എന്നതിന് തെളിവെന്താണ്? അയാള്‍ ജീവിതത്തിന് കൊടുത്ത അര്‍ത്ഥം എന്തായിരുന്നുവെന്നും അയാള്‍ തന്റെ ജീവിതംകൊണ്ട് മറ്റുള്ളവര്‍ക്ക് എന്താണ് സമ്മാനിച്ചതെന്നുമാണ് അതിന്റെ രേഖ. തെളിവുകള്‍ ചിലപ്പോള്‍ ദുര്‍ബലമായിരിക്കാം. മറ്റ് ചിലപ്പോള്‍ ശക്തവും. അതെന്തായാലും അവശേഷിപ്പിക്കാന്‍ ഒരു തെളിവെങ്കിലും ബാക്കിയുണ്ട് എന്നതാണ് ഏതൊരു ജീവിതത്തെയും കാലത്തിന്റെ ചുവരില്‍ അടയാളപ്പെടുത്തുന്നത്.

ജീവിതത്തെ കാറ്റിനോട് ചില ഉപമിക്കാമെന്ന് തോന്നിയിട്ടുണ്ട്. നമ്മുടെയൊക്കെ ഉള്ളില്‍ ഒരു കാറ്റുണ്ട്. ഊര്‍ദ്ധ്വന്‍ എന്നാണ് നാട്ടിന്‍ പുറങ്ങളിലെ പറച്ചില്‍. മരണവായുക്കളിലൊന്നാണ് ഊര്‍ദ്ധ്വന്‍. ഉള്ളിലെ കാറ്റ് നിശ്ചലമാവുമ്പോള്‍ ദേഹി ദേഹത്തില്‍നിന്ന് വിട്ടകലുന്നു. അതാണ് മരണം. മരണത്തിലൂടെ കടന്നുപോയിട്ടും ചിലരുടെ ഓര്‍മ്മകള്‍ ബാക്കിനിര്‍ത്തുന്നതെന്താണ്?
കാറ്റിന്റെ പ്രത്യേകതകളിലൊന്ന് അത് എന്താണോ വഹിക്കുന്നത്, അതിന്റെ ഉള്ളടക്കം വീശിക്കഴിഞ്ഞിട്ടും പിന്നെയും അവശേഷിപ്പിക്കുന്നു എന്നതാണ്.

അതുപോലെയാണ് കടന്നുപോയ ചില ജീവിതങ്ങളും. ഒരു സുഗന്ധത്തെയാണ് കാറ്റ് കൊണ്ടു പോകുന്നതെങ്കില്‍ വഴികളിലെല്ലാം കാറ്റിനൊപ്പവും കാറ്റില്‍നിന്ന് വേര്‍പെട്ടും അത് പരന്നുകിടക്കുന്നു. കടന്നുപോകുന്ന വഴികള്‍ ക്കെല്ലാം അത് ആനന്ദം സമ്മാനിക്കുകയും അനുഭൂതി പ്രദാനം ചെയ്യുകയും ചെയ്യുന്നു. മദര്‍ തെരേസ അത്തരമൊരു കാറ്റാണ്. സുഗന്ധവാഹിയായ കാറ്റ്.
സത്യം പറയാമല്ലോ മദര്‍ തെരേസയ്ക്ക് അധികമൊന്നും ചിന്തകളില്‍ ഇടം കൊടുത്തിട്ടില്ല. മനുഷ്യനസാധ്യമായ ചില കാര്യങ്ങള്‍ സാധ്യമാക്കിക്കാണിച്ച, സേവനതല്പരയായ, ജീവിച്ചിരിക്കുമ്പോള്‍ തന്നെ വിശുദ്ധയെന്ന് അപദാനങ്ങള്‍ കേട്ട ഒരു ജീവിതം. ആദരവുകളില്‍ കലര്‍പ്പില്ലാതെയും ബഹുമാനങ്ങളില്‍ അളവുഭേദങ്ങളൊന്നും നടത്താതെയും അങ്ങനെയേ ആ ജീവിതത്തെ വീക്ഷിച്ചിട്ടുള്ളൂ.

പക്ഷേ ‘ഉറങ്ങിക്കിടന്നവനെ വിളിച്ചുണര്‍ത്തിയപോലെ’ ഇപ്പോള്‍ മദര്‍ തെരേസ ചിന്തകളില്‍ പരിമളം പരത്തുന്നു. ഈ നൂറ്റാണ്ടില്‍ ചരിത്രം കണ്ട ഏറ്റവും ധീരയായ ഒരു വനിതയായിരുന്നു മദര്‍ തെരേസ. ഇത്രമാത്രം സ്വപ്രത്യയസ്ഥൈര്യവും ധീരതയും പ്രകടമാക്കിയ മറ്റൊരു വനിതയെ നമ്മുടെ നൂറ്റാണ്ട് കണ്ടിട്ടുണ്ടോ?

അപവാദങ്ങള്‍ കണ്ടെന്നുവന്നേക്കാം. പക്ഷേ അവര്‍ക്കൊക്കെ ശക്തമായ ചില രാഷ്ട്രീയനേതൃത്വങ്ങളുടെയും സമുദായത്തിന്റെയും സമൂഹത്തിന്റെയും പിന്തുണയുണ്ടായിരുന്നില്ലേ എന്ന് കൂടി ചിന്തിക്കണം. മദറിന് അത് കിട്ടിയിരുന്നില്ലെന്നല്ല, പക്ഷേ സാമൂഹ്യസേവനത്തിനുവേണ്ടി ആദ്യമായി ഇറങ്ങിത്തിരിക്കുമ്പോള്‍ അതായിരുന്നില്ലല്ലോ അവസ്ഥ.

പണവും പ്രശസ്തിയും നേടിക്കഴിയുമ്പോള്‍ ഒരുകാലത്ത് തള്ളിക്കളഞ്ഞവരൊക്കെ അംഗീകരിക്കുകയും ബന്ധുത്വം സ്ഥാപിക്കുകയും ചെയ്യുന്നത് സാമാന്യലോകത്തുപോലും നടക്കുന്നതാണ്. സേവനങ്ങളുടെ മൂല്യം നിശ്ചയിക്കാനാവാത്തതാണെന്ന് തിരിച്ചറിഞ്ഞപ്പോള്‍ മുതല്‍ കൈത്താങ്ങലുകളും പിന്തുണകളും അംഗീകാരവും മദറിന് ആവോളം കിട്ടിയിരുന്നു.
എന്നാല്‍ ഒന്നുമില്ലായ്മയിലേക്ക് ഇറങ്ങിപ്പുറപ്പെടുമ്പോള്‍ എന്തായിരുന്നു മദറിന് കൈമുതലായുണ്ടായിരുന്നത്? സ്വന്തം മനസ്സാക്ഷിയുടെ സ്വരമെന്ന് മാത്രം അതിനെ പറയാം. മനസ്സാക്ഷിയെന്നത് ദൈവസ്വരമാകുന്നു. പക്ഷേ ദൈവമെന്നത് നഗ്നനേത്രങ്ങള്‍ക്ക് ഗോചരമായ പ്രതിഭാസ മല്ല.

എന്നിട്ടും ദൈവത്തെ വിശ്വസിച്ച് ഒരാള്‍ ശൂന്യതയിലേക്ക് ഇറങ്ങിത്തിരിക്കണമെങ്കില്‍ ആ വ്യക്തിക്ക് ദൈവത്തില്‍ എന്തുമാത്രം വിശ്വാസമുണ്ടായിരിക്കണം! അല്ലെങ്കില്‍ ദൈവത്തെ എത്രമാത്രം അനുഭവിക്കാന്‍ കഴിഞ്ഞിരിക്കണം. ഒരനുഭവവും കിട്ടാത്തവര്‍ക്ക് സാധിച്ചെടുക്കാവുന്ന ആത്മീയമേഖലയൊന്നുമല്ലത്. ചില നേരങ്ങളില്‍ ദൈവവിശ്വാസമെന്നത് ‘അന്ധ’വിശ്വാസമാണ് സുഹൃത്തേ…

അതോടൊപ്പം ബൈബിളിനെ ഇത്രമാത്രം പ്രവൃത്തിപഥത്തിലെത്തിച്ച മറ്റൊരാളും ഈ നൂറ്റാണ്ടില്‍ ഉണ്ടായിട്ടില്ല. ക്രിസ്തുവിനെ കൊടുക്കുന്നത് ഓരോരുത്തരും ഓരോ രീതിയിലാവാം. എല്ലാവരും മദര്‍ തെരേസമാരാവണമെന്ന് ക്രിസ്തുപോലും ആഗ്രഹിക്കുന്നുണ്ടാവില്ല. എങ്കിലും ചില്ലുമേടകളിലിരുന്നുകൊണ്ടാണ് നമ്മുടെ മിക്ക സുവിശേഷപ്രചാരണവുമെന്ന് ഓര്‍ക്കുക.

കണ്‍വന്‍ഷന്‍ പന്തലുകളില്‍ തടിച്ചുകൂടുന്ന ആയിരങ്ങള്‍ക്ക് രോഗസൗഖ്യം നേടിക്കൊടുക്കുന്നതില്‍ മാത്രമായി പോയി നമ്മുടെ മിക്ക ബൈബിള്‍ പ്രഘോഷണവുമെന്ന് പറയുമ്പോള്‍ അത് നിര്‍ദ്ദിഷ്ടമായ ലക്ഷ്യത്തോടെയുള്ള വിമര്‍ശനമൊന്നുമല്ല. ക്രിസ്തുവിനെപോലെ ദരിദ്രര്‍ക്കും രോഗികള്‍ക്കും ആകുലര്‍ക്കും ഒപ്പം സഞ്ചരിക്കാന്‍ നമുക്ക് കഴിയുന്നില്ല. അവരെ മാറോട് ചേര്‍ത്തണയ്ക്കാനോ ആശ്വസിപ്പിക്കാനോ കഴിയുന്നുമില്ല. മദര്‍ ചെയ്ത സുവിശേഷപ്രഘോഷണം അതായിരുന്നു.

ഒരു തരത്തിലുള്ള പുറപ്പാടായിരുന്നു, സ്വന്തം സഭാസമൂഹം, സ്വന്തം രാജ്യം അങ്ങനെ സ്വന്തമെന്ന് കരുതി ഒരാള്‍ എപ്പോഴും കൊണ്ടുനടക്കുന്ന പലതും വിട്ട് മദര്‍ തെരേസ ഇറങ്ങിപോയപ്പോള്‍ സംഭവിച്ചതെന്ന് തോന്നുന്നു. നാളെ എന്ത് സംഭവിക്കുമെന്ന് ഉറപ്പില്ല… എവിടെയെങ്കിലും എത്തിച്ചേരുമെന്നും തീര്‍ച്ചയില്ല. എന്നിട്ടും ദൈവത്തിനുവേണ്ടി ചില പരീക്ഷണങ്ങളിലേര്‍പ്പെടാന്‍,

ജീവിതത്തെതന്നെ പരീക്ഷണമാക്കാന്‍ ചിലരൊക്കെ തയ്യാറെടുക്കുന്നു. ഒരു ചൂതാട്ടം പോലെയാണത്. കിട്ടിയാല്‍ കിട്ടി. ഇല്ലെങ്കില്‍… ”അവന്റെ കൈയ്ക്ക് പിടിച്ച് അവനോടുകൂടി നടക്കുക” എന്ന് അമ്മ ആഗ്നസിന് നല്കിയ ഉപദേശം ജീവിതത്തിന്റെ എല്ലാ നിമ്‌നോന്നതങ്ങളിലും കൈമോശം വരാതെ അവള്‍ കാത്തുസൂക്ഷിച്ചുവെന്നും അതായിരുന്നു അവളുടെ ജീവിതവഴികളെ പ്രകാശപൂരിതമാക്കിയതെന്നും അറിയുക. അങ്ങനെ ഉപദേശം നല്കി യാത്രയാക്കിയ അമ്മയെ അവസാനമായി കാണാന്‍ കൂടി, വിട്ടുപോന്ന വഴികളിലേക്ക് മടങ്ങിച്ചെല്ലാനും ആഗ്നസിന് കഴിഞ്ഞില്ല എന്ന് വായിക്കുമ്പോള്‍ ഉള്ളില്‍ വിഷാദത്തിന്റെ സംഗീതം മുഴങ്ങുന്നു.

ചില പുറപ്പാടുകള്‍, ചില കുടിയേറ്റങ്ങള്‍ അതൊക്കെ എന്തിനുവേണ്ടിയാണെന്ന് അമ്പരക്കാറുണ്ട്. മറ്റുള്ളവരുടെ വീക്ഷണത്തിലെ സങ്കുചിതത്വങ്ങള്‍ കൊണ്ട് വിലയിരുത്തേണ്ടവയല്ല ചിരുടെയൊക്കെ അന്യദേശപ്രവേശങ്ങള്‍. കുടിയേറ്റം കുടിയേറ്റക്കാരന്റെ മാത്രമല്ല കുടിയേറുന്ന നാടിന്റെ കൂടി ആവശ്യമാണെന്ന് മനസ്സ് വിശാലമാക്കിയാല്‍ അതൊരു സുന്ദരമായ സങ്കല്പമാകും.

മധ്യതിരുവിതാംകൂറില്‍ നിന്നുള്ള കുടിയേറ്റം മലബാറിന്റെ മുഖച്ഛായ മാറ്റി മറിച്ചത് ചരിത്രം. രണ്ടുകൂട്ടരും അതില്‍നിന്ന് ഫലം കൊയ്യുകയും ചെയ്തു. എന്നിട്ടും മലബാറാണ് നിങ്ങള്‍ക്ക് ജീവിതം തന്നതെന്ന് ധാര്‍ഷ്ട്യത്തോടെ അവരുടെ നേര്‍ക്ക് ചീറരുത്. കാരണം ജീവിതം കിട്ടിയവര്‍ ജീവിതം ഹോമിച്ചതും ഈ മണ്ണില്‍ തന്നെയായിരുന്നു.

അതുപോലെയായിരുന്നു യുഗോസ്ലാവ്യക്കാരി ആഗ്നസിന്റെ ജീവിതവും. ജനിച്ചുവളര്‍ന്ന മണ്ണില്‍ ദരിദ്രരോ പാവപ്പെട്ടവരോ ഇല്ലാതിരുന്നിട്ടൊന്നുമായിരുന്നില്ല ഇവിടേക്ക് അവര്‍ വണ്ടി കയറിയത്. അവരെ ഈ മണ്ണിനായിരുന്നു കൂടുതല്‍ ആവശ്യം. ദൈവം അനുവദിക്കാതെയോ അനുഗ്രഹിക്കാതെയോ ഒരാളും തന്റെ ദേശം വിട്ട് മറ്റൊരിടത്തേക്ക് പോകുന്നില്ലെന്നും ഓര്‍ക്കണം. ഉദാഹരണത്തിന് ഒരു ഗള്‍ഫ് യാത്രപോലും. ഒരാള്‍ക്ക് ചിലപ്പോഴെങ്കിലും സ്വദേശത്തെക്കാളും വ്യക്തിമുദ്ര പതിപ്പിക്കാനും സേവനം നടത്താനും കഴിയുക അന്യദേശങ്ങളിലുമാണ്.

ഒരാള്‍ തന്റെ നാടും വീടും വിട്ട് മറ്റൊരിടത്തേക്ക് കുടിയേറുന്നതിനെ ജീവിതപ്രാരാബ്ധം എന്ന പേരില്‍ വിലകുറച്ച് കാണുന്ന പ്രവണത ചില തദ്ദേശീയര്‍ക്കുണ്ട്. തമിഴ്‌നാട്ടുകാരെ നമ്മളും നമ്മളെ അന്യരാജ്യക്കാരും ഇങ്ങനെയല്ലേ കാണുന്നത്? അവരെക്കാള്‍ നന്നായി ചെയ്യാനും അവര്‍ക്ക് ചെയ്യാന്‍ കഴിയാത്തത് ചെയ്യാനും തനിക്ക് മാത്രം കഴിയുന്നത് ചെയ്യാനുമാണ് ഓരോ അന്യനാട്ടുകാരുടെ ചേക്കേറലും എന്ന് തിരിച്ചറിഞ്ഞാല്‍ എല്ലാം ഭദ്രമായി.

ഡാര്‍ജിലിംങിലേക്കുള്ള ആ യാത്രയില്‍ മദര്‍ കേട്ട ദൈവസ്വരത്തെക്കുറിച്ച് ചിന്തിക്കൂ. ഒരുപക്ഷേ ദൈവം എല്ലാവരോടും ഏതെങ്കിലുമൊക്കെ തരത്തില്‍ അവരില്‍നിന്ന് പ്രതീക്ഷിക്കുന്ന വിധത്തില്‍ സംസാരിക്കുന്നുണ്ടാവാം. പക്ഷേ അവിടുത്തെ ഹൃദയത്തോട് കാതോര്‍ക്കാത്തതുകൊണ്ട് പലരും ആ സ്വരം കേള്‍ക്കുന്നില്ലെന്നേയുള്ളൂ. ഇനി കേട്ടാല്‍ തന്നെ അതില്‍ എത്രപേര്‍ക്ക് മറുസ്വരമേകാന്‍ കഴിയുന്നുണ്ട്. നിസ്സാരമായവപോലും ചില പ്രലോഭനങ്ങളുടെയും ആസക്തികളുടെയും പേരില്‍ ദൈവത്തിനുവേണ്ടി ത്യജിക്കാന്‍ കഴിയുന്നില്ലെന്ന് ആത്മനിന്ദയോടെ മാത്രമേ ഓര്‍മ്മിക്കാനാവൂ.
വിളക്ക് എത്ര ചെറുതാണെങ്കിലും അതിന്റെ നാളങ്ങളില്‍നിന്ന് അനേകം വിളക്കുകളിലേക്ക് വെളിച്ചം പകരപ്പെടാറുണ്ട്.

ഇന്നത്തെ
ഒട്ടുമിക്ക ഉപവിപ്രവര്‍ത്തനങ്ങളും പ്രചോദനം സ്വീകരിച്ചത് മദര്‍ തെരേസയില്‍ നിന്നായിരുന്നു. ഇത്തരം പ്രവര്‍ത്തനങ്ങളെ പോഷിപ്പിക്കുന്ന നിരവധി മറ്റ് ഘടകങ്ങള്‍ ഉണ്ടായിട്ടുണ്ടാവാം. എങ്കിലും അവര്‍ക്കെല്ലാം ഒരേയൊരു റോള്‍ മോഡല്‍ വര്‍ത്തമാനകാലത്തില്‍ മദര്‍ മാത്രമായിരുന്നു.

ഒരാള്‍ വെട്ടിത്തെളിച്ച പാത എത്രപേര്‍ക്ക് വഴിയായി പ്രയോജനപ്പെട്ടു എന്നറിയുമ്പോഴാണ് വഴികള്‍ ശ്രദ്ധാര്‍ഹമാകുന്നതും വഴി തെളിച്ച ആള്‍ ആദരം നേടുന്നതും. മദര്‍ അത്തരമൊരു വഴിയായിരുന്നു, വഴികാട്ടിയും.

വിശുദ്ധരെയൊക്കെ സൗന്ദര്യത്തോടെ മാത്രം ചിത്രീകരിക്കുന്ന ഒരു രീതി നമുക്കുണ്ട്. ”ശ്രദ്ധാര്‍ഹമായ രൂപഭംഗിയോ ഗാംഭീര്യമോ ആകര്‍ഷകമായ സൗന്ദര്യമോ അവനുണ്ടായിരുന്നില്ല. അവനെ കണ്ടവര്‍ മുഖം തിരിച്ചുകളഞ്ഞു” എന്നൊക്കെ ഏശയ്യായുടെ പുസ്തകത്തില്‍ ക്രിസ്തുവിനെക്കുറിച്ച് നാം വായിക്കുമ്പോഴും ക്രിസ്തുവിനെ സൗന്ദര്യത്തോടെ തന്നെ അവതരിപ്പിക്കാനാണ് നമ്മുടെ മിക്ക ക്രൂശിതചിത്രങ്ങളും ശ്രമിച്ചിട്ടുള്ളതെന്ന് കാണാം.

ഒരു നൂറ്റാണ്ട് കഴിയുമ്പോഴേക്കും നമ്മുടെ ചിത്രകാരന്മാര്‍ മദറിനെ വാര്‍ദ്ധക്യത്തിന്റെ ചുളിവുകള്‍ ഒഴിവാക്കി സുന്ദരിയായി ചിത്രീകരിക്കുമോയെന്ന ഭയമെനിക്കുണ്ട്. പ്രായത്തിന്റെ സൗന്ദര്യം എത്രയധികമാണെന്ന് എനിക്കോര്‍മ്മ വരിക മദര്‍ തെരേസയെ കാണുമ്പോഴാണ്.

വിനായക് നിര്‍മ്മല്‍

You must be logged in to post a comment Login