കുട്ടികളുടെ സഹനം ഹൃദയത്തിലെ മുറിവ്: മാര്‍പാപ്പ

കുട്ടികളുടെ സഹനം ഹൃദയത്തിലെ മുറിവ്: മാര്‍പാപ്പ

മെഡെലിന്‍: കുട്ടികള്‍ അനുഭവിക്കുന്ന സഹനങ്ങള്‍ ഹൃദയത്തിലെ മുറിവാണ്. അവര്‍ നേരിടുന്ന പരിഗണനയില്ലായ്മയും അവര്‍ക്ക് ലഭിക്കാതെ പോകുന്ന മതിയായ ചികിത്സകളും നമുക്കൊരിക്കലും അംഗീകരിക്കാനാവില്ല. കാരണം കുട്ടികള്‍ ക്രിസ്തുവിന്റെ പ്രിയപ്പെട്ടവരാണ്. പ്രത്യാശാഭരിതമായ ഒരു ഭാവികാലത്തിലേക്ക് നയിക്കപ്പെടാന്‍ അവര്‍ക്ക് നമ്മുടെ സംരക്ഷണം ആവശ്യമാണ്. കൊളംബിയ സന്ദര്‍ശനത്തില്‍ ചില്‍ഡ്രന്‍സ് ഹോമിലെത്തിയതായിരുന്നു ഫ്രാന്‍സിസ് മാര്‍പാപ്പ.

മാര്‍പാപ്പ കുട്ടികളോടും അവരെ പരിചരിക്കുന്നവര്‍, അധ്യാപകര്‍ എന്നിവരോടും സംസാരിച്ചു. വിവിധ കാരണങ്ങളാല്‍ അനാഥരോ ദരിദ്രരോ ആയ 630 കുട്ടികളെയാണ് അഞ്ച് സ്ഥലങ്ങളിലായി ഇവിടെ സംരക്ഷിക്കുന്നത്.

ഹേറോദോസിന്റെ വാള്‍മുനയില്‍ നിന്ന് ഉണ്ണീശോയെ രക്ഷിച്ച യൗസേപ്പിതാവ് നിങ്ങളെയും സംരക്ഷിക്കുമെന്ന് പാപ്പ കുട്ടികളോട് പറഞ്ഞു. ആ വിശുദ്ധന്‍ നിങ്ങളെ സംരക്ഷിക്കും..നിങ്ങളുടെ ഒപ്പമുണ്ടാകും. ഒപ്പം ഈശോയും മാതാവും കൂടെയുണ്ടാകും. പാപ്പ ആശ്വസിപ്പിച്ചു.

ക്രൈസ്തവ വ്യക്തിത്വത്തിന്റെ രണ്ടു ഭാഗങ്ങളെയാണ് കുട്ടികളുടെ സംരക്ഷണം ഓര്‍മ്മിപ്പിക്കുന്നതെന്നും പാപ്പ അവരുടെ സംരക്ഷരോട് പറഞ്ഞു. ദുര്‍ബലരിലും ചെറിയവരിലും ക്രിസ്തു എങ്ങനെയാണ് സന്നിഹിതനായിരിക്കുന്നത് എന്നതാണ് അതിലൊന്ന്. മറ്റൊന്ന് ക്രിസ്തുവിന് കുഞ്ഞുങ്ങളെ എങ്ങനെ സമര്‍പ്പിക്കാന്‍ കഴിയും എന്നതാണ്. കുഞ്ഞുങ്ങളെ സംരക്ഷിക്കുന്നതില്‍ യൗസേപ്പിതാവില്‍ നിന്ന് പാഠം പഠിക്കണമെന്നും പാപ്പ അവരോട് പറഞ്ഞു.

You must be logged in to post a comment Login