സീറോ മലബാർ മാതൃവേദി മഹാസംഗമം

സീറോ മലബാർ മാതൃവേദി മഹാസംഗമം

സീറോ മലബാർ സഭ മേജർ ആർച്ച്ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരിയുടെ ആശീർവാദത്താൽ ഇന്ത്യക്കകത്തും പുറത്തുമായി ശുശ്രൂഷ ചെയ്തുകൊണ്ടിരിക്കുന്ന 37 സീറോ മലബാർ രൂപതകളിലെ ലക്ഷക്കണക്കിന് അമ്മമാരെ ഒരേ കൂട്ടായ്മയിൽ കോർത്തിണക്കികൊണ്ട് 2011ൽ രൂപപ്പെടുത്തിയ സീറോ മലബാർ സഭയുടെ ഔദ്യോഗിക സംഘടനയാണു സീറോ മലബാർ മാതൃവേദി. മാതൃവേദിയുടെ മഹാസംഗമം ഇന്നും നാളെയും ഇരിങ്ങാലക്കുടയിൽ നടക്കുകയാണ്.

അമ്മമാരെക്കുറിച്ച് ഫ്രാൻസിസ് മാർപാപ്പയുടെ വാക്കുകൾ വളരെ പ്രസക്തമാണ്: മാതാക്കൾ ഇല്ലാത്ത സഭ വികലാംഗയാണ്, സമൂഹമോ ആർദ്രത നഷ്ടപ്പെട്ടതും നിർവികാരവും. കഴിവുകളുടെ ഭണ്ഡാരമായ അമ്മ സഭയിൽ മാത്രമല്ല, രാഷ്ട്രപുരോഗതിയിലും നിറസാന്നിധ്യമായി കഴിഞ്ഞു.
പുത്തൻ ചൈതന്യവും പ്രസരിപ്പും ആദർശവും ആത്മാർഥതയും ആവേശവും കൈമുതലാക്കി, കരുത്തുറ്റ കരങ്ങളും തളരാത്ത കാലുകളും മടുക്കാത്ത മനസുമായി സമൂഹത്തിന്‍റെ ചാലക ശക്തിയായ ഒരു സംഘടനയായി ഇതിനോടകം മാതൃവേദി മാറിക്കഴിഞ്ഞു. ആത്മീയ സാമൂഹ്യ- രാഷ്ട്രീയ സഭാ മേഖലകളിൽ കഴിഞ്ഞ വർഷങ്ങളിൽ മാതൃവേദി അംഗങ്ങൾ സജീവമായി പ്രവർത്തിച്ചുവരികയാണ്.

സീറോ മലബാർ സഭയുടെ സിനഡിൻറെ അല്മായ കമ്മീഷന്‍റെ ആഭിമുഖ്യത്തിൽ ബിഷപ് മാർ മാത്യു അറയ്ക്കൽ ചെയർമാനായും ബിഷപ് മാർ ജോസ് പുളിക്കൻ മാതൃവേദിയുടെ ലെഗേറ്റ് ആയും റവ.ഡോ. ജോസഫ് കൊച്ചുപറമ്പില്‍ ഡയറക്ടറായും ഡെൽസി ലൂക്കോച്ചൻ -പ്രസിഡൻറ്, ജിജി ജേക്കബ് – ട്രഷറർ, മേരി സെബാസ്റ്റ്യൻ- വൈസ് പ്രസിഡന്‍റ്, സിസിലി ബേബി, ഷൈനി സജി, ട്രീസ സെബാസ്റ്റ്യൻ, റാണി തോമസ് – സെക്രട്ടറിമാർ എന്നിവർ ഭാരവാഹികളുമായുള്ള ശക്തമായ മാതൃനിര ഇപ്പോൾ അന്തർദേശീയ തലത്തിൽ പ്രവർത്തിച്ചുവരുന്നു.

രൂപതകളിൽ മാതൃവേദിയുടെ ആഭിമുഖ്യത്തിൽ സ്ത്രീശക്തീകരണം, കോളജ് – സ്‌കൂൾ തലങ്ങളിൽ ബോധവത്കരണ ക്ലാസുകൾ, ‘നവോമി’ പദ്ധതിയുടെ കീഴിൽ ഓരോ രൂപതയിലുമുള്ള വിധവകളുടെ കൂട്ടായ്മ, ഏകസ്ഥരായ സ്ത്രീകൾക്ക് കാരുണ്യ സാന്പത്തിക സഹായം നൽകൽ, ‘ഹരിതോത്സവ്’ എന്ന പേരിൽ മാതാക്കളിലൂടെ പ്രകൃതിസംരക്ഷണാർഥം വൃക്ഷത്തൈവിതരണം, മിഷൻ പ്രദേശങ്ങൾ സന്ദർശനം, സാമൂഹ്യസമത്വം പ്രഖ്യാപിക്കൽ, സ്ത്രീപീഡനം പോലുള്ള സാമൂഹ്യ വിപത്തുകൾക്കെതിരെ സമരപരിപാടികൾ, സ്ത്രീ അവകാശ ലംഘനത്തിനെതിരെ ഉപവാസ സമരം എന്നിവ നടന്നുവരുന്നു.

അമ്മമാരുടെ ഹൃദയമാണ് മക്കളുടെ പഠനഗൃഹമെന്നു പറയാറുണ്ട്. ലോകത്തിനുതന്നെ നല്ലപാഠങ്ങൾ ഒരുക്കുകയാണ് മാതൃത്വമെന്ന് നിസ്തർക്കം പറയാവുന്നതാണ്. ഈ അർത്ഥത്തിൽ ദൈവം ലോകത്തിനായൊരുക്കിയ സ്‌നേഹത്തിന്‍റെ മടിത്തട്ടാണ് അമ്മ എന്ന യാഥാർത്ഥ്യം. മാതൃത്വത്തിൽ ദൈവം നിക്ഷേപിച്ചുറപ്പിച്ചിരിക്കുന്ന വൈവിധ്യമാർന്ന കഴിവുകളെ ചുറ്റുമുള്ളവരിലേക്ക് അനുഗ്രഹദായകമാംവിധം എത്തിക്കുന്നതിനുള്ള ചുവടുവയ്പായിരുന്നു ന്ധകത്തോലിക്ക മാതൃസംഘം’ എന്ന സംഘടനയുടെ ഉത്ഭവം.

പുണ്യശ്ലോകനായ ബഹു. ജോസഫ് മാവുങ്കൽ അച്ചനായിരുന്നു ഈ സംഘടനയുടെ ആരംഭകൻ. എറണാകുളം അതിരൂപതയിൽ സെന്‍റ് മേരീസ് കത്തീഡ്രൽ ഇടവകയിൽ 1939 ൽ ആണ് മാതൃസംഘം’ സ്ഥാപിതമായത്. മാതാക്കൾക്കു മാത്രമായിട്ട് ഒരു സംഘടന സഭയിൽ ഇല്ലായിരുന്ന ഒരു കാലത്താണ് ഇതു സ്ഥാപിതമായതും ആദ്യത്തെ പ്രസിഡന്‍റായി മറിയക്കുട്ടി ജോർജ് വളവി നിയമിതയായതും. ക്രമേണ മാതൃസംഘം’ സീറോ മലബാർ സഭയിലെ എല്ലാ രൂപതകളിലും സ്ഥാപിതമായി. സഭയുടെ വളർച്ചയ്‌ക്കൊപ്പം മാതൃസംഘവും വളർന്ന് ഇന്ന് സീറോ മലബാർ മാതൃവേദി’ യിൽ പൂർണത പ്രാപിച്ചിരിക്കുന്നു.
സീറോ മലബാർ സഭയിലെ എല്ലാ രൂപതകളിലും വിവിധ രാജ്യങ്ങളിലുള്ള മിഷൻ കേന്ദ്രങ്ങളിലും മാതൃവേദി ഉദാത്തവും സജീവവും ഊർജസ്വലവുമായ പ്രവർത്തനങ്ങളാൽ ലോകത്തിനു മാതൃകയാവുന്നു.

മാതാക്കളോടൊപ്പം എല്ലാ വനിതകളെയും ഉൾപ്പെടുത്തിക്കൊണ്ട് 2013 മേയ് മാസത്തിൽ സീറോ മലബാർ വനിതാ ഫോറത്തിനു രൂപം കൊടുത്തു. രൂപതകളിൽ പ്രവർത്തിക്കുന്ന എല്ലാ വനിതാ സംഘടനകളുടെയും അന്തർദേശീയ തലത്തിലുള്ള ഏകോപനമാണ് ഇതിലൂടെ ലക്ഷ്യം വച്ചത്. എന്നാൽ വനിതാ ഫോറത്തിന്‍റെ പ്രവർത്തനങ്ങളുമായി മുന്നോട്ടുപോയപ്പോൾ ചില പ്രായോഗിക ബുദ്ധിമുട്ടുകൾ അനുഭവിക്കേണ്ടി വന്നു. അതിന്‍റെ വെളിച്ചത്തിൽ എല്ലാ വനിതാ സംഘങ്ങളുടെയും ഒരു പൊതുസംഘടന ആശയതലത്തിൽ മാത്രമേ പ്രായോഗികമാകൂ എന്നു മനസിലാക്കാൻ സാധിച്ചു. അതിനാൽ സീറോ മലബാർ വനിതാ ഫോറത്തിനു പകരമായി സീറോ മലബാർ സഭയിലെ മാതാക്കളുടെ മാത്രമായ ഒരു സംഘടനയ്‌ക്കേ സഭാതലത്തിൽ പ്രസക്തിയുള്ളൂ എന്നു തിരിച്ചറിയാൻ കഴിഞ്ഞു.

താമസിയാതെ സീറോ മലബാർ സഭയിലെ എല്ലാ മാതാക്കളെയും ഉൾക്കൊള്ളുന്ന മാതൃവേദി’ക്കു രൂപം കൊടുത്തു. മാതൃവേദിക്കു അന്തർദേശീയ തലത്തിൽ ഒരു നേതൃസമിതിയുണ്ട്. കൂടാതെ രൂപതാതലങ്ങളിലും ഫൊറോന തലങ്ങളിലും ഇടവകതലങ്ങളിലും സമിതികളുണ്ട്.

ഫാ. വിൽസൻ എലുവത്തിങ്കൽ കൂനൻ
(സീറോ മലബാർ മാതൃവേദിയുടെ നിയുക്ത ഡയറക്ടറാണ് ലേഖകൻ)

You must be logged in to post a comment Login