സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ് കര്‍ദിനാള്‍ മാര്‍ ആലഞ്ചേരി രാജിവയ്ക്കുമോ?

സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ് കര്‍ദിനാള്‍ മാര്‍ ആലഞ്ചേരി രാജിവയ്ക്കുമോ?

സാമൂഹ്യമാധ്യമങ്ങള്‍ രണ്ടു ദിവസത്തോളമായി സീറോമലബാര്‍ സഭയുടെ മേജര്‍ ആര്‍ച്ചുബിഷപ്പിനെ ചെളിവാരിയെറിഞ്ഞും ചവിട്ടിത്തേച്ചും രസിക്കുകയാണ്. തലക്കു സ്ഥിരതയില്ലാത്തവിധം പൗരസ്ത്യപ്രേമം കേറിമൂത്ത ആരോ ഒരാള്‍ അവിടെയും ഇവിടെയും കേട്ടതെല്ലാം കൂട്ടിക്കെട്ടിയുണ്ടാക്കി അര്‍ദ്ധരാത്രിയില്‍ ഫേസ്ബുക്കില്‍ തേച്ചിട്ടുപോയ അമേദ്യത്തില്‍ നിന്നാണ് പ്രശ്‌നങ്ങളുടെ ആരംഭം. മേജര്‍ ആര്‍ച്ചുബിഷപ്പിനെ സംരക്ഷിക്കാനായി പടച്ചുവിട്ട കിംവദന്തി മഞ്ഞപ്പത്രങ്ങള്‍ ഏറ്റു പിടിച്ചതോടെ ആരോപണവിധേയരായി എന്നു തോന്നലുണ്ടായ ചിലര്‍ (ഇക്കാര്യത്തില്‍ രൂപപ്പെട്ട ആഭ്യന്തരരാഷ്ട്രീയത്തിന് ചുക്കാന്‍ പിടിച്ചവര്‍) തങ്ങളുടെ ഭാഗം ന്യായീകരിക്കാനായി മേജര്‍ ആര്‍ച്ചുബിഷപ്പിനെ പരസ്യമായി അധിക്ഷേപിച്ചും കുറ്റപ്പെടുത്തിയും രംഗത്തുവന്നു. അങ്ങനെ കുഞ്ഞാടുകളെ തമ്മില്‍ത്തല്ലിച്ച് ചോര നക്കാന്‍ കാത്തിരിന്ന ചെന്നായ്ക്കള്‍ക്ക് അത് ഇരയായി മാറുകയും ചെയ്തു. എങ്കിലും എറണാകുളം അങ്കമാലി അതിരൂപതയില്‍ നിന്നും കേരളത്തില്‍ നിന്നു തന്നെയും കിലോമീറ്ററുകള്‍ക്കിപ്പുറം നിന്ന് മഞ്ഞപ്പത്രങ്ങളുടെ റിപ്പോര്‍ട്ടുകള്‍ വായിച്ചപ്പോള്‍ ചില സംശയങ്ങളുണ്ടായി. എറണാകുളത്തും ബന്ധപ്പെട്ടവരോടുമെല്ലാം മണിക്കൂറുകള്‍ സംസാരിച്ചു. യാഥാര്‍ത്ഥ്യങ്ങള്‍ ഇങ്ങനെയാണെന്ന് മനസ്സിലായി.

1. എന്തുകൊണ്ട് എറണാകുളം അങ്കമാലി രൂപത പ്രതികരിക്കുന്നില്ല?

രൂപത ഏതാനും മഞ്ഞപ്പത്രങ്ങളുടെ താളത്തിനൊത്തു തുള്ളാനുള്ള സംവിധാനമല്ല. സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിക്കുന്ന വാര്‍ത്തകളിലും ഊഹാപോഹങ്ങളിലും സത്യത്തിന്റെ അംശം എന്നത് തീരക്കുറവാണ്. അസത്യത്തിന്റെ രാജ്സ്ഥാന്‍ മരുഭൂമികളുടെ ഹൈഡെഫനിഷന്‍ ഫോട്ടോയാണ് സാമൂഹ്യമാധ്യമങ്ങള്‍ പോസ്റ്റുചെയ്യുന്നത്. ഇന്ന് ഇത്തരം നാലാംകിട വാര്‍ത്തകളോട് പ്രതികരിച്ചാല്‍ അതിനുമാത്രമേ സമയം കാണൂ. സഭാസംവിധാനങ്ങള്‍ ഔദ്യോഗികവും ആധികാരികവുമായ വാര്‍ത്തകളോട് മാത്രമേ പ്രതികരിക്കാറുള്ളുവത്രേ. . .

2. എന്താണ് പ്രശ്‌നം? കോടികള്‍ നഷ്ടം വന്നു, കള്ളപ്പണം വന്നു എന്നിങ്ങനെയുള്ള ആരോപണങ്ങളുടെ അടിസ്ഥാനമെന്താണ്?

എറണാകുളം അങ്കമാലി രൂപത സ്ഥലക്കച്ചവടം നടത്തി എന്നതും അതില്‍ ചില അബദ്ധങ്ങള്‍ സംഭവിച്ചു എന്നതും സത്യമാണ്. എന്നാല്‍ ഒരിക്കലും അത് കോടികളുടെ നഷ്ടത്തിലൊന്നും കലാശിച്ചിട്ടില്ല. സ്ഥലംവില്പന നടത്തിയത് ശരിയായ നടപടിക്രമങ്ങള്‍ പാലിച്ചുതന്നെയാണ്. എന്നാല്‍ ഇടനിലക്കാരനായി നിന്നയാള്‍ നടത്തിയ ചില ക്രമക്കേടുകള്‍ കാരണം പണം മുഴുവനായി കൈപ്പറ്റാന്‍ സാധിക്കാതെ വന്നു. അതിനു പകരം മറ്റ് രണ്ട് ഭൂമികള്‍ പക്ഷേ ഈടായി വാങ്ങിയിട്ടുമുണ്ട്. ഒരു രീതിയിലുമുള്ള സാന്പത്തികനഷ്ടം രൂപതയ്ക്കുണ്ടായിട്ടില്ല. പക്ഷേ ഇത്തരം ചില ഒത്തുതീര്‍പ്പുകള്‍ (സിവില്‍ നിയമത്തിന് വിരുദ്ധമായവയല്ല എന്ന് പ്രത്യേകം ഓര്‍ക്കണം) രൂപതയില്‍ എല്ലാവരുടെയും ശ്രദ്ധയിലേക്ക് കൊണ്ടുവന്നിരുന്നില്ല. ഇടപാടുകള്‍ തീരുന്‌പോള്‍ എല്ലാവരെയും അറിയിക്കാം എന്ന സദുദ്ദേശം മാത്രമായിരുന്നു അതിനു പിന്നിലുണ്ടായിരുന്നത്.

3. വൈദികര്‍ പിതാവിനെ ഘൊരാവോ ചെയ്തു എന്ന വാര്‍ത്തയുടെ വാസ്തവം എന്താണ്?

മേല്‍പ്പറഞ്ഞ ഇടപാടുകള്‍ പൂര്‍ത്തിയാകുന്നതിനു മുന്പ് ഇതിനെക്കുറിച്ചറിഞ്ഞ വൈദികര്‍ തങ്ങളുടെ ആശങ്കകള്‍ പരിഹരിക്കുന്നതിനുവേണ്ടി മേജര്‍ ആര്‍ച്ചുബിഷപ്പിനെ കാണാന്‍ അദ്ദേഹത്തിന്റെ അനുവാദത്തോടെതന്നെ അരമനയിലെത്തിയിരുന്നു. കാര്യങ്ങള്‍ വിശദീകരിച്ച് അവരെ തൃപ്തരാക്കിയാണ് വലിയ പിതാവ് പറഞ്ഞയച്ചത്. എന്നാല്‍ ഇക്കാര്യങ്ങളെ വളച്ചൊടിച്ച് വെടക്കാക്കാന്‍ ശ്രമിക്കുന്ന ചിലരെങ്കിലും ഈ പ്രശ്‌നങ്ങളുടെയെല്ലാം പിന്നില്‍ പ്രവര്‍ത്തിക്കുന്നുവെന്ന് അതിരൂപത സംശയിക്കുന്നുമുണ്ട്. ഇത്തരം സന്ദര്‍ഭങ്ങളില്‍ വൈദികര്‍ മെത്രാനെ കാണുന്നതും തങ്ങളുടെ ആശങ്കകള്‍ പരിഹരിക്കുന്നതും സഭയില്‍ സാധാരണമാണ്. സഭയുടെ ആഭ്യന്തരകാര്യങ്ങളെ ചന്തയില്‍ ചര്‍ച്ചയാക്കുന്‌പോള്‍ അതിന്റെ അര്‍ത്ഥതലങ്ങള്‍ വല്ലാതെ നഷ്ടപ്പെടുമെന്നത് തീര്‍ച്ച.

4. ഈ കച്ചവടത്തിലെ കള്ളപ്പണത്തെക്കുറിച്ചുള്ള ആരോപണം? ഒപ്പം തന്നെ കോടികള്‍ നഷ്ടം വന്നുവെന്ന ആക്ഷേപം വാസ്തവമെന്താണ്?

ഈ ഭൂമിയിടപാടില്‍ കള്ളപ്പണം കൈപ്പറ്റിയെന്ന ആക്ഷേപം വസ്തുതാവിരുദ്ധമാണ്. അതേസമയം ഇടപാടില്‍ കോടികള്‍ നഷ്ടം വന്നുവെന്ന ആരോപണത്തില്‍ അല്പം കഴന്പുമുണ്ട്. നാട്ടില്‍ നടക്കുന്ന എല്ലാ സ്ഥലമിടപാടുകളിലും വലിയ തുകകള്‍ കള്ളപ്പണമായിട്ടാണ് കൈമാറുന്നതും സ്വീകരിക്കുന്നതും. വലിയപിതാവിന്റെ അറിവോടു കൂടി നടന്ന ഈ ഇടപാടുകളില്‍ കള്ളപ്പണം സ്വീകരിക്കാന്‍ അതിരൂപത തയ്യാറാകാതിരുന്നതിനാല്‍ വൈറ്റ്മണി മാത്രം സ്വീകരിച്ച് കച്ചവടം നടത്തേണ്ടതായി വരികയും ബ്ലാക്ക് മണി ഉള്‍പ്പെടുന്ന കച്ചവടത്തില്‍ ലഭിക്കേണ്ടിയിരുന്നത്ര തുക ലഭിക്കാതെ പോവുകയും ചെയ്തു. ഇത്തരത്തില്‍ കോടികളുടെ നഷ്ടം സംഭവിച്ചു എന്ന് ആക്ഷേപിക്കുന്നതില്‍ ചില കാര്യങ്ങളുണ്ട്. ബ്ലാക്ക് മണി വേണ്ടാ എന്നു വച്ചതിലൂടെ അതിരൂപതയ്ക്ക് പക്ഷേ സാന്പത്തികമായ ബാദ്ധ്യതകള്‍ യാതൊന്നും തന്നെയുണ്ടാവുകയില്ല എന്ന് രൂപതാധികൃതര്‍ക്ക് ഉറപ്പുണ്ടായിരുന്നു.

5. വലിയ പിതാവിന്റെ അസുഖം എന്തായിരുന്നു? അദ്ദേഹത്തിന് ഹൃദയാഘാതം വന്നിരുന്നുവോ?

ഒരിക്കലുമില്ല. വലിയപിതാവ് വിദേശയാത്ര കഴിഞ്ഞുവന്നതിനുശേഷം അവിടുത്തെ കാലാവസ്ഥയുടെ പ്രശ്‌നങ്ങള്‍ കാരണം ചെറിയ പനിയും അസ്വസ്ഥതകളുമായിട്ടാണ് ലിസ്സി ഹോസ്പിറ്റലില്‍ ചെന്നത്. അവിടെ പിതാവിന്റെ പ്രായം പരിഗണിച്ച് നടത്തിയ വിശദമായ പരിശോധനയിലാണ് ഹൃദയവാല്‍വുകളില്‍ രണ്ട് ബ്ലോക്ക് കണ്ടെത്തുകയും അഞ്ചിയോപ്ലാസ്റ്റി ചെയ്യുകയും ചെയ്തത്. അതിനുശേഷം ആവശ്യമായ വിശ്രമം ആശുപത്രിയില്‍ത്തന്നെ തുടര്‍ന്നതിനുശേഷം ഇപ്പോള്‍ പിതാവ് ആരോഗ്യവാനായി മടങ്ങിയെത്തിയിട്ടുണ്ട്.

6. എറണാകുളം അങ്കമാലി അതിരൂപതയുടെ സാന്പത്തികാടിസ്ഥാനം ആലഞ്ചേരി പിതാവ് തകര്‍ത്തു എന്നതിനോട് എങ്ങനെ പ്രതികരിക്കുന്നു?

ശുദ്ധ അസംബന്ധം. ഈ ഭൂമിയിടപാടുകളില്‍ മാത്രമല്ല രൂപതയുടെ സാന്പത്തികാടിസ്ഥാനം എന്നത് രൂപതയെപ്പറ്റി സാമാന്യം അറിവുള്ളവര്‍ക്ക് വ്യക്തമാണല്ലോ.

ഇത്രയും കാര്യങ്ങള്‍ എറണാകുളം അങ്കമാലി അതിരൂപതയിലെ വേണ്ടപ്പെട്ടവരുമായി നടത്തിയ സംഭാഷണങ്ങളിലൂടെ മനസ്സിലായെങ്കിലും മഞ്ഞപ്പത്രങ്ങള്‍ നിരത്തിയ ചില വാദഗതികളിലെ തമാശകള്‍ കൂടി ചൂണ്ടിക്കാട്ടാതിരുന്നാല്‍ അതീ പ്രതികരണത്തിന്റെ വളര്‍ച്ചക്കുറവായിപ്പോകും. മഞ്ഞപ്പത്രങ്ങള്‍ ആരോപിക്കുന്ന തലക്കെട്ടുകളിലെ ചില നാറ്റംബോംബുകളെക്കുറിച്ച് . . .

1. സീറോ മലബാര്‍ സഭയില്‍ വന്‍ പൊട്ടിത്തെറി
(തീപിടിച്ചത് അണക്കുവാന്‍ ഫയര്‍ഫോഴ്‌സ് എന്നെഴുതാത്തത് ഭാഗ്യം)

ഈ തലക്കെട്ടെഴുതിയ മാധ്യമപ്രവര്‍ത്തകന്‍ ഈ പൊട്ടിത്തെറിയുടെ ഒച്ച എവിടെ നിന്നാണാവോ കേട്ടിട്ടുണ്ടാവുക. വൈദികരും സന്ന്യസ്തരും അല്മായരുമൊക്കെയടങ്ങുന്ന ലക്ഷക്കണക്കിന് സീറോമലബാര്‍ വിശ്വാസികളാരും തന്നെ ഈ പൊട്ടിത്തെറിയുടെ ഒച്ച കേട്ടില്ല. എറണാകുളം അങ്കമാലി അതിരൂപതയിലെ ചില വൈദികര്‍ക്ക് രൂപതയുടെ സാന്പത്തികക്രമീകരണങ്ങളെക്കുറിച്ച് സംശയമുണ്ടായത് എങ്ങനെയാണ് സീറോമലബാര്‍ സഭയിലെ പൊട്ടിത്തെറിയാവുക??? ന്യായമായ ചില സംശയങ്ങളാണേ???

2. മേജര്‍ ആര്‍ച്ചുബിഷപ്പ് രാജി വെക്കുമെന്ന വ്യാജറിപ്പോര്‍ട്ടുകള്‍

ഇത്തരം റിപ്പോര്‍ട്ടുകളുടെ ഒരു പകര്‍പ്പോ മഞ്ഞപ്പത്രങ്ങളല്ലാതെ വേറെവിടെങ്കിലും ഇതിനൊരടിസ്ഥാനമോ കാണിച്ചുതരാന്‍ ആര്‍ക്കാണ് കഴിയുക. ലോകം മുഴുവനിലുമായി വളര്‍ന്നുപന്തലിക്കുന്ന അതിതീക്ഷ്ണമായ മിഷനറി ചൈതന്യമുള്ള സീറോ മലബാര്‍ സഭയുടെ പിതാവും തലവനുമായി മാര്‍ ജോര്‍ജ്ജ് ആലഞ്ചേരി മെത്രാപ്പോലീത്ത രാജിവെക്കാന്‍ പോകുന്നുവെന്നൊക്കെ പറയുന്ന തരംതാണ പുളുവടികള്‍ മലയാളത്തിലായത് മഞ്ഞപ്പത്രങ്ങളുടെ ഭാഗ്യം എന്നല്ലാതെന്തു പറയാന്‍. ഇതിലും വലിയ പ്രതിസന്ധികളെ മുഖത്തോടുമുഖം നേരിട്ട മെത്രാന്മാരും വൈദികരും സഭാതനയരും ഇപ്പോഴും ഇതിലേ പുല്ലുപോലെ നടക്കുന്നുണ്ട്. ഐ.എസ്. ഭീകരരുടെ തോക്കിന്‍തുന്പില്‍ നിന്ന് ചിരിച്ചുകൊണ്ട് ഇറങ്ങിപ്പോന്ന ടോമച്ചനൊക്കെ ഈ സഭയില്‍ ഇങ്ങനെ നിക്കുന്‌പോള്‍ എവിടെയോ പൊട്ടിയ ബീഡിപ്പടക്കത്തിന്റെ ഒച്ചകേട്ട് ഞങ്ങളുടെ മേജര്‍ ആര്‍ച്ചുബിഷപ്പ് രാജിവെക്കുമന്നൊക്കെപ്പറയാന്‍ നാണമില്ലേ . . . . . (മഞ്ഞയെഴുത്തുകാരുടെ പേരുകള്‍ വച്ചു പൂരിപ്പിക്കുക)

3. വടക്ക്‌തെക്ക് തിരിഞ്ഞുള്ള സഭാതര്‍ക്കം എന്ന ആക്ഷേപം

അല്പമായ ചരിത്രബോധത്തിന്റെ വിവരണമാണ് ഇത്. സീറോ മലബാര്‍ സഭയില്‍ ആരാധനാക്രമത്തേക്കുറിച്ച് നിലനില്ക്കുന്ന വ്യത്യസ്ത അഭിപ്രായങ്ങളെ എങ്ങനെയാണ് സഭാതര്‍ക്കം എന്നു വിശേഷിപ്പിക്കുന്നത്. ഇത് സഭാതര്‍ക്കമല്ല. ആരാധനാക്രമകാര്യങ്ങളില്‍ വ്യത്യസ്ത ശൈലികള്‍ പിന്തുടര്‍ന്നിരുന്ന രൂപതകള്‍ അവയുടെ ഏകീകരണത്തിലേക്കു വന്നപ്പോള്‍ പ്രായോഗികബുദ്ധിമുട്ടുകള്‍ കാരണം പലരീതികളിലേക്ക് വഴിമാറുകയുണ്ടായി. അതിനെത്തുടര്‍ന്ന് ഇരുപതാം നൂറ്റാണ്ടിന്റെ അന്ത്യത്തിലുണ്ടായിരുന്ന ആശയക്കുഴപ്പങ്ങളെല്ലാം നീങ്ങി ഇന്ന് സഭ ഈ വിഷയത്തില്‍ പൊതുവായ ധാരണകളിലാണ് മുന്‌പോട്ടു പോകുന്നത്. ആരാധനാക്രമം ഒരുപോലെയാകും എന്ന ശുഭപ്രതീക്ഷയിലാണ് സഭാമക്കളെല്ലാവരും. അതിനിടയില്‍ വീണ്ടു കുത്തിത്തിരിപ്പുണ്ടാക്കാനുള്ള സഹജസ്വഭാവമാണ് പത്രാധിപരും സംഘവും അവരുടെ റിപ്പോര്‍ട്ടുകളിലൂടെ പുറത്തുകൊണ്ടുവരുന്നത്.

4. അടിയേ തകര്‍ന്ന് സീറോ മലബാര്‍ സഭ സഭയുടെ സ്ഥാവരജംഗമ വസ്തുക്കള്‍ വിറ്റുതുലച്ചു
(സീറോ മലബാര്‍ സഭ എന്തോ പെട്ടിക്കടയാണെന്ന് മുതലാളിമാര്‍ ധരിച്ചവെന്ന് സാരം)

എറണാകുളം അങ്കമാലി അതിരൂപതയുടെ സാന്പത്തികക്രമീകരണങ്ങളെക്കുറിച്ചുള്ള ആശയക്കുഴപ്പങ്ങള്‍ ചര്‍ച്ച ചെയ്യുന്‌പോള്‍ (സാമൂഹ്യമാധ്യമങ്ങളിലെ ചര്‍ച്ച തന്നെ അനാവശ്യമാണ്. രൂപതയുടെ ആഭ്യന്തരപ്രശ്‌നങ്ങള്‍ അവിടെ തീരേണ്ടതാണ്) അത് സീറോമലബാര്‍ സഭയുടെ അടിത്തറ മാന്തിയെന്നാരോപിക്കുന്നതിലെ വൃത്തികെട്ട യുക്തി സാമാന്യസഭാജ്ഞാനമുള്ളവര്‍ക്ക് മനസ്സിലാവില്ല. ഭാരതം മുഴുവനിലും യൂറോപ്പിലും അമേരിക്കയിലും ലോകമെമ്പാടുമായി വ്യാപിച്ചു കിടക്കുന്ന സീറോ മലബാര്‍ സഭയ്ക്ക് 34 രൂപതകളും, കാനഡായിലെ എക്‌സാര്‍ക്കേറ്റും, യൂറോപ്പിലും ന്യൂസിലന്റിലും അപ്പസ്റ്റോലിക് വിസിറ്റേഷനുകളുമുണ്ട്. അമ്പതുലക്ഷത്തോളം വിശ്വാസികളും, 62 മെത്രാന്മാരും ഒന്‍പതിനായിരത്തോളം വൈദികരും, ഇരുനൂറോളം സന്യാസ സഹോദരന്മാരും, മുപ്പത്താറായിരത്തോളം സന്യാസിനികളുമടങ്ങിയ ഈ സഭയുടെ മേജര്‍ ആര്‍ച്ചുബിഷപ്പ് സഭയുടെ പാരന്പര്യപ്രകാരം എറണാകുളം അങ്കമാലി അതിരൂപതയുടെ മെത്രനായിരിക്കും എന്നതാണ് സത്യം. മാര്‍പാപ്പ റോം രൂപതയുടെ മെത്രാനായിരിക്കുന്നതുപോലെ. റോം രൂപതയില്‍ സാന്പത്തികപ്രശ്‌നമുണ്ടായാല്‍ അത് ആഗോളകത്തോലിക്കാസഭയെ തകര്‍ക്കും എന്നുപറയുംപോലുള്ള മണ്ടത്തരമാണ് അറിവുകേടുകളുടെ വെളിച്ചത്തില്‍ മഞ്ഞപ്പത്രങ്ങള്‍ പടച്ചുവിടുന്നത്.

5. ഐ.എസ്. ഇടപെടല്‍ എന്ന ബാലരമക്കഥ

അക്ഷരാഭ്യാസമുള്ള മലയാളി ഇതൊക്കെ വായിച്ചാല്‍ എന്തുചിന്തിക്കുമെന്നാണ് ആദ്യം ഞാന്‍ ആലോചിച്ചത്. സൂത്രന്റെയും ഷേരുവിന്റെയും മായാവിയുടെയുമൊക്കെ കഥകള്‍ക്ക് പിന്നില്‍ പ്രവര്‍ത്തിക്കുന്ന ഭാവനയാണ് ഈ ആരോപണത്തിനുംപിന്നിലുള്ളത് എന്ന് സുവ്യക്തം. ഇതിനെ വിശദീകരിച്ച് കൈയ്യില്‍ ചെളിയാക്കാന്‍ ഞാന്‍ മുതിരുന്നില്ല.

സമാപനം

അതിമഹത്തായ മാര്‍ത്തോമ്മാനസ്രാണിസഭയുടെ പിതാവും തലവനുമായ വന്ദ്യപിതാവ് ജോര്‍ജ്ജ് ആലഞ്ചേരി മെത്രാപ്പോലീത്ത മഞ്ഞപ്പത്രങ്ങള്‍ ആരോപിക്കുന്നതുപോലുള്ള നെറികെട്ട ഇടപാടുകള്‍ നടത്തി എന്നത് അരിഭക്ഷണം കഴിക്കുന്ന വിശ്വാസികള്‍ക്ക് വിശ്വസിക്കാന്‍ ബുദ്ധിമുട്ടാണ്. രൂപതാകേന്ദ്രങ്ങള്‍ എല്ലാ തെറിവിളികളോടും പ്രതികരിക്കാത്തത് മൗനം കുറ്റസമ്മതമായിക്കാണുന്ന നാലാംതരം മാധ്യമപ്രവര്‍ത്തനത്തിന്റെ ഗുണനിലവാരമില്ലാത്ത മാന്യതയും സഭ്യതയുമല്ല പരിശുദ്ധ കത്തോലിക്കാസഭയുടേത്. എറണാകുളം അങ്കമാലി അതിരൂപതയുടെ പ്രശ്‌നങ്ങള്‍ അവിടെയുള്ള സഭാസംവിധാനങ്ങള്‍ പരിഹരിക്കും. സാന്പത്തികകാര്യങ്ങളിലെന്നല്ല, സാങ്കേതികമായ ഒരു വിഷയത്തിലും സഭയുടെ അടിവേര് തകര്‍ക്കുക പോയിട്ട് തലമുടിനാരില്‍ വിള്ളല്‍വീഴ്ത്താന്‍ ഇവിടാരും വിചാരിച്ചിട്ട് കാര്യമില്ല.

ഇത് പാറയാണ്. ഉറച്ച പാറ. മഴപെയ്താലും കാറ്റൂതിയാലും വെള്ളം പൊങ്ങിയാലും ഒലിച്ചുപോകാത്ത കര്‍ത്താവിന്റെ സഭ . . . നരകവാതിലുകള്‍ എതിരേ പ്രബലപ്പെടാത്ത അപ്പസ്‌തോലികസഭ . . . ദുരാരോപണങ്ങളിലൂടെ നാരകീയശക്തികള്‍ ഇല്ലാതാക്കാന്‍ ശ്രമിക്കുന്‌പോള്‍ കര്‍ത്താവിന്റെ കുരിശിലെ രക്തത്തില്‍ നിന്ന് ജീവന്‍പ്രാപിച്ച് നിരന്തരമായി ഉയര്‍ത്തെഴുന്നേല്‍ക്കുന്ന രക്തസാക്ഷികളുടെ സഭ . . . സത്യം മാത്രമേ എന്നേക്കും നിലനില്ക്കുകയും ആത്യന്തികമായി വിജയിക്കുകയും ചെയ്യുകയുള്ളു എന്ന് ഓര്‍മ്മിപ്പിച്ചുകൊണ്ട് . . .

നോബിള്‍ തോമസ് പാറക്കല്‍

( ഫേസ്ബുക്ക്- വാട്ട്സാപ്പുകളില്‍ നിന്ന് കിട്ടിയത്)

 

You must be logged in to post a comment Login