സീറോ മലബാർ ആരാധന ക്രമം അനുസരിച്ചുള്ള വിശുദ്ധ കുർബാന ജർമൻ ഭാഷയിൽ

സീറോ മലബാർ ആരാധന ക്രമം അനുസരിച്ചുള്ള വിശുദ്ധ കുർബാന ജർമൻ ഭാഷയിൽ

വിയന്ന: ഓസ്ട്രിയയിലെ പുതുതലമുറയിലെ കത്തോലിക്കരായ യുവതിയുവാക്കൾ ആഹ്ലാദത്തില്‍. കാരണം സീറോ മലബാർ ആരാധന ക്രമം അനുസരിച്ചുള്ള വിശുദ്ധ കുർബാന ജർമൻ ഭാഷയിൽ അർപ്പിക്കാൻ വിയന്നയിലെ മലയാളി കത്തോലിക്ക സമൂഹത്തിന് അവസരം കിട്ടിയിരിക്കുന്നു.മാതൃസഭയുടെ വിശുദ്ധ കുർബാന ജർമൻ ഭാഷയിൽ ലഭ്യമാക്കിയത് ഏറെ ഫലപ്രദമായെന്ന് യുവജനങ്ങളുടെ അഭിപ്രായം.

മലയാളം മാതൃഭാഷ ആണെങ്കിലും പ്രായോഗികഭാഷ എന്ന നിലയിൽ ജർമനാണ് വിയന്നയിലെ മലയാളി യുവസമൂഹം മുഖ്യമായും ആശയവിനിമയത്തിനും കാര്യങ്ങൾ ആഴത്തിൽ ഗ്രഹിക്കാനും ഉപയോഗിക്കുന്നത്. ഇതുവരെ പലപ്പോഴും വിശുദ്ധ കുർബാന മലയാളത്തിൽ കാണുന്നുണ്ടായിരുന്നെങ്കിലും അതിന്‍റെ അർഥം പൂർണമായി ഉൾകൊള്ളാൻ സാധിച്ചിരുന്നില്ല. അതേസമയം ജർമൻ ഭാഷയിൽ അർപ്പിക്കുന്ന വിശുദ്ധ കുർബാനയിൽ അനായാസമായും എന്നാൽ തികഞ്ഞ ആരാധനാ അനുഭൂതിയോടെയും പങ്കെടുക്കാൻ കഴിയുന്നുണ്ടെന്നും യൂത്ത് ഫോറം വ്യക്തമാക്കി. മലയാളികളുടെ പൈതൃക വിശ്വാസ സന്പന്നമായ സീറോ മലബാർ കുർബാന രാജ്യത്തെ പ്രാദേശിക വിശ്വാസ സമൂഹവും വളരെ താല്പര്യപൂർവം സ്വാഗതം ചെയ്തതായും അവർ സാക്ഷ്യപ്പെടുത്തുന്നു. ഓസ്ട്രിയയിലെ സർക്കാരും സഭാ നേതൃത്വവും ഈ സംരംഭത്തെ അതീവ താല്പര്യത്തോടെ പ്രോത്സാഹിപ്പിക്കുന്നുമുണ്ട്.

വിശുദ്ധ കുർബാന ജർമൻ ഭാഷയിലാക്കാൻ നേതൃത്വം നൽകിയ ഫാ. ഡോ. തോമസ് താണ്ടപ്പിള്ളിക്കും മറ്റ് വൈദികര്‍ക്കും മലയാളി യുവ തലമുറ നന്ദി അറിയിച്ചതായി യൂത്ത് ഫോറം സാരഥികളായ ഗ്രേഷ്മ പള്ളിക്കുന്നേൽ, ഫിജോ കുരുതുകുളങ്ങര, റ്റിൽസി പടിഞ്ഞാറേക്കാലായിൽ, ജോയ്സ് എർണാകേരിൽ എന്നിവർ പുറത്തിറക്കിയ സംയുക്ത പ്രസ്താവനയിൽ അറിയിച്ചു.

You must be logged in to post a comment Login