സീറോമലബാര്‍ സഭ ആദ്യമായി സംഘടിപ്പിച്ച മിറാക്കിള്‍ ഫെസ്റ്റ് ചരിത്രം രചിച്ചു

സീറോമലബാര്‍ സഭ ആദ്യമായി സംഘടിപ്പിച്ച മിറാക്കിള്‍ ഫെസ്റ്റ് ചരിത്രം രചിച്ചു

കാക്കനാട്: ഏഴുമുതല്‍ 82 വരെ പ്രായമുള്ളവര്‍. അതില്‍ സ്‌കൂള്‍വിദ്യാര്‍ത്ഥികളും യുവതീയുവാക്കളും ദമ്പതികളും ഉള്‍പ്പെടുന്നു. വിവിധ രൂപതകളെയും സ്ഥാപനങ്ങളെയും പ്രതിനിധീകരിച്ചുള്ളവരും അതിലുണ്ട്. സീറോ മലബാര്‍ സഭയുടെ പ്രോലൈഫ് അപ്പസ്‌തോലേറ്റിന്റെയും എറണാകുളം സെന്റ് തോമസ് കത്തോലിക്കാ ബധിര സമൂഹത്തിന്റെയും സംയുക്താഭിമുഖ്യത്തില്‍ ആദ്യമായി നടന്ന ബധിരരുടെ സംഗമത്തില്‍  പങ്കെടുക്കാനെത്തിയവരായിരുന്നു ഇവര്‍.

മേജര്‍ ആര്‍ച്ച് ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയെയും നിയുക്ത കൂരിയാ മെത്രാന്‍ മോണ്‍.സെബാസ്റ്റിയന്‍ വാണിയപ്പുരക്കലിനെയും വിശിഷ്ടാതിഥികളെയും കൈയടിച്ചല്ല കൈകള്‍ ഉയര്‍ത്തി ഇരുവശങ്ങളിലേക്കും വീശിയാണ് സദസ് സ്വീകരിച്ചത്. സഭാധ്യക്ഷന്മാര്‍ കൈകള്‍ ഉയര്‍ത്തി പ്രത്യഭിവാദ്യം നടത്തുകയും ചെയ്തു.

സഭ മറന്നുകിടന്ന ഒരു മേഖലയായിരുന്നു ബധിരമൂകവിഭാഗത്തിന്റേതെന്നും എല്ലാ രൂപതകളിലും ഇത്തരം ശുശ്രൂഷകള്‍ വേണമെന്നും സഭാഗാത്രത്തില്‍ എല്ലാവരും ഒരുപോലെയാണെന്നും ദൈവത്തിന്റെമുമ്പില്‍ എല്ലാവരും സമന്മാരാണെന്നും കര്‍ദിനാള്‍ മാര്‍ ആലഞ്ചേരി പറഞ്ഞു.

മാര്‍ ആലഞ്ചേരിയുടെ മുഖ്യകാര്‍മ്മികത്വത്തില്‍ വിശുദ്ധ ബലി അര്‍പ്പിച്ചു. ഫാ. ബിജു മൂലക്കര ദിവ്യബലിയിലെ പ്രാര്‍ത്ഥനകളും ഫാ.ജോര്‍ജ് കളരിമുറയില്‍ വചനസന്ദേശവും ആംഗ്യഭാഷയില്‍ സദസിന് പരിചയപ്പെടുത്തി. ബ്ര.ബിജു തേര്‍മടം. സിസ്റ്റര്‍ അഭയ എഫ്‌സിസി, സ്റ്റാന്‍ലി തോമസ് എന്നിവരും സൈന്‍ഭാഷയില്‍ ആശയവിനിമയം നടത്തി.

പൊതുസമ്മേളനം മോണ്‍.സെബാസ്റ്റിയന്‍ വാണിയപ്പുരയ്ക്കല്‍ ഉദ്ഘാടനം ചെയ്തു. എകെസിസി സംസ്ഥാന പ്രസിഡന്റ്‌ വി വി അഗസ്റ്റിൻ അധ്യക്ഷനായിരുന്നു. സീറോ മലബാർ സഭാ പ്രൊ ലൈഫ് അപ്പോസ്തലേറ്റ് സെക്രട്ടറി സാബു ജോസ് മുഖ്യപ്രഭാഷണം നടത്തി.

ഫാ ബിജു മൂലക്കര, ഫാ ജോർജ്‌ കളരിമുറിയിൽ, ബ്രദർ ബിജു തേർമഠം സിസ്റ്റർ ഫിൻസിറ്റ എഫ്‌സി‌സി, സിസ്റ്റർ അനറ്റ്, സിസ്റ്റർ ഉഷ, സിസ്റ്റർ പ്രീജ, സിസ്റ്റർ ദീപ കൊച്ചേരിൽ, സിസ്റ്റർ ബെറ്റി ജോസ്, സിസ്റ്റർ അഭയഎഫ്‌സി‌സി, പുരസ്‌കാരങ്ങൾ ഏറ്റുവാങ്ങി.

സമ്മേളനത്തില്‍ പഠനത്തിൽ മികവ് പുലർത്തിയ ബധിര വിദ്യാത്ഥികളെ ആദരിച്ചു. ഫാ ജിമ്മി പൂച്ചക്കാട്ട്, സിസ്റ്റർ മേരി ജോർജ്‌, സെന്റ് തോമസ് കാത്തലിക് ഡെഫ് കമ്മ്യൂണിറ്റി കോർഡിനേറ്റർ സ്റ്റാൻലി തേർമഠം, സെക്രട്ടറി ലിനി ജോസ് എന്നിവർ പ്രസംഗിച്ചു.

You must be logged in to post a comment Login