തുറക്കപ്പെടട്ടെ, സീറോ മലബാർ സഭയുടെ വാതിലുകളും വാതായനങ്ങളും…

തുറക്കപ്പെടട്ടെ, സീറോ മലബാർ സഭയുടെ വാതിലുകളും വാതായനങ്ങളും…

നാട്ടിൻപുറത്തെ ഒരു പഞ്ചായത്തിന്‍റെ കാര്യാലയത്തിൽ പോലും പതിനായിരം രൂപയിൽ കൂടുതൽ മൂല്യമുള്ള ഏതൊരു ഇടപാടും പരസ്യപ്പെടുത്തണം എന്നാണ് ചട്ടം. വിൽപ്പന ആയാലും വാങ്ങലായാലും നിയമപരമായി അക്കാര്യം പരസ്യപ്പെടുത്തിയിരിക്കണം. ടെണ്ടറും ദർഘാസുമൊക്കെ ലോകത്ത് എല്ലായിടത്തുമുണ്ട്. നിർമാണവേലകൾക്ക് കരാറുകാരെ തേടുമ്പോഴും പൊതുസ്വത്ത് വിറ്റഴിക്കുമ്പോഴും ഇത്തരത്തിലുള്ള ടെൻഡർ പ്രക്രിയ അനുവർത്തിച്ചിരിക്കണം. പൊതുമേഖലയിൽ ഉദ്യോഗാർത്ഥികളെ തെരെഞ്ഞെടുക്കുമ്പോഴും ഇതാണ് നിയമപരമായ കീഴ്‌വഴക്കം. അതാണ് സ്വാഭാവിക നീതി; അതാണ് നാട്ടുനടപ്പ്. എല്ലാവർക്കും തുല്യാവകാശം എന്ന ജനാധിപത്യമൂല്യം സംരക്ഷിക്കാൻ ഈ രീതി പിന്തുടരുക തന്നെ വേണം.

പക്ഷേ, സഭയുടെ സ്വത്തുക്കൾ വിറ്റഴിക്കുമ്പോഴും സഭയുടെ സ്ഥാപനങ്ങളിൽ നിയമനങ്ങൾ നടത്തുമ്പോഴും ഇതൊന്നും പാലിച്ചുകാണാറില്ല. ഇന്നിപ്പോൾ എത്തിനിൽക്കുന്ന ദുരന്തത്തിന് വഴിമരുന്നായത് കാലങ്ങളായി കേരളസഭ പിന്തുടരുന്ന നീതിപൂർവമല്ലാത്ത ഈ നടപടിദോഷമാണെന്ന് പറയുമ്പോൾ എന്നെ കല്ലെറിയരുത്.

കാക്കനാട് സെന്‍റ് തോമസ് മൗണ്ടിൽ സീറോ മലബാർ മെത്രാന്മാരുടെ സിനഡ് ഇന്ന്  ആരംഭിക്കുകയാണ്. സഭയിലെ 62 മെത്രാന്മാരും  പങ്കെടുക്കുന്ന ഈ സമ്മേളനം സഭയുടെ ചരിത്രത്തിൽ തന്നെ നിർണായകമായേക്കാം. കാരണം, സഭാതലവനായ മേജർ ആർച്ച്ബിഷപ് തന്നെ ആരോപണം നേരിടുകയും മാധ്യമങ്ങളിലൂടെ സഭ അതിരൂക്ഷമായി വിമർശിക്കപ്പെടുകയും ചെയ്യുന്ന വേളയിലാണ്  മെത്രാന്മാരുടെ ഈ കൂട്ടായ്‌മ സമ്മേളിക്കുന്നത്.  ഭൂമിവിവാദം സിനഡ് ചർച്ച ചെയ്യണം എന്ന് എറണാകുളം അങ്കമാലി അതിരൂപതയിലെ വൈദീകസമിതിയുടെ  സെക്രട്ടറി സിനഡിന് രേഖാമൂലം കത്ത് നൽകിയിട്ടുമുണ്ട്. നല്ല കാര്യം. ആരോഗ്യകരമായ ഒരു ചർച്ചക്ക് ബിഷപ്പുമാർ തയ്യാറാവുകതന്നെ വേണം.

ചില ദുരന്തങ്ങൾ നമുക്ക് വലിയ ചില പാഠങ്ങൾ നൽകുന്നുണ്ട്. തിരുത്താനും നവീകരിക്കാനുമൊക്കെ ഇത്തരം ചില അനുഭവങ്ങൾ നമ്മെ സഹായിക്കുമെന്നു തീർച്ച. നമ്മുടെ സമൂഹത്തിലെ ഏറ്റവും പ്രഗത്ഭരായ 62 വൈദീകരാണ് മേൽപ്പട്ട സ്ഥാനത്തേക്ക് ഉയർത്തപ്പെട്ടതും മെത്രാന്മാരുടെ പദവി അലങ്കരിക്കുന്നതും. സഭയിലെ ഇപ്പോഴത്തെ പ്രതിസന്ധി പരിഹരിക്കാൻ ഇവർക്ക് കഴിയുമെന്ന് തന്നെയാണ് ഞങ്ങൾ വിശ്വാസികളുടെ പ്രതീക്ഷ. അതുകൊണ്ടുതന്നെ,

അൻപതുലക്ഷത്തോളം വരുന്ന സീറോ മലബാർ സമൂഹം വളരെ പ്രതീക്ഷയോടെയാണ് ഇന്ന് തുടങ്ങുന്ന സിനഡിനെ വീക്ഷിക്കുന്നതും. ഇടുക്കി രൂപതയുടെ പുതിയ മെത്രാന്‍റെ പ്രഖ്യാപനം പോലുള്ള ചില കാര്യങ്ങൾ അവസാനദിവസം ഉണ്ടാകാനിടയുണ്ട്. അത് വാർത്തകളിൽ ഇടം നേടിയേക്കാം, എന്നാൽ സിനഡിനുള്ളിൽ നടക്കുന്ന മറ്റു ചർച്ചകൾ മാധ്യമങ്ങളിൽ വരാൻ ഇടയില്ല.

എറണാകുളം അങ്കമാലി അതിരൂപതയിലെ ഭൂമിവിവാദത്തിൽ വൈദീകരുടെ കൂട്ടായ്‌മ ആരോപിച്ച കാര്യങ്ങൾ ഏതു രൂപതക്കും ബാധകമാണ്.

ഇതിനു മുൻപ് പലയിടത്തും സമാനമായതു പലതും സംഭവിച്ചിട്ടുണ്ട്, സംഭവിക്കുന്നുമുണ്ട്.

ഏകപക്ഷീയവും വിവേകരഹിതവുമായ സാമ്പത്തിക തീരുമാനങ്ങൾ.

സാമ്പത്തിക ഇടപാടുകളിലെ സുതാര്യത ഇല്ലായ്‌മ.

കൂരിയയിലെ കൂട്ടായ ചർച്ചകളുടെ അഭാവം.

വൈദീകസമിതിയുമായോ പാസ്റ്ററൽ കൗൺസിലുമായോ സാമ്പത്തിക കാര്യങ്ങൾ സംബന്ധിച്ച ആശയവിനിമയം ഉണ്ടാകാറില്ല.

ഇതൊക്കെയാണ് പലയിടങ്ങളിലേയും പ്രശ്നങ്ങൾ. ചില രൂപതകളിൽ ഇതിനേക്കാൾ രൂക്ഷമായ ചിലത് പുകയുന്നുമുണ്ട്. സീറോ മലബാർ സഭയിൽ പൗരസ്ത്യ ആരാധനക്രമം കൊണ്ടുവരണം എന്ന് വാശിപിടിക്കുന്ന ഇടങ്ങളിൽപോലും രൂപതകളിലും ഇടവകകളിലുമുള്ള ഭരണം പോർച്ചുഗീസ് അധിനിവേശകാലത്തെ മാടമ്പികളുടെ രീതിയിൽ ആണെന്നതാണ് നേര്. പൗരസ്ത്യസഭകളിൽ, പ്രത്യേകിച്ച് കേരളസഭയിൽ സഭാഭരണം പള്ളിയോഗങ്ങളുടെ ചുമതലയിൽ ആയിരുന്നു. തെരഞ്ഞെടുക്കപ്പെടുന്ന അൽമായരുടെ നേതൃത്വം സഭയുടെ ഭരണകാര്യങ്ങൾ നന്നായി നടത്തിപ്പോന്നു. വൈദീകർ ആത്മീയകാര്യങ്ങളിൽ ശ്രദ്ധിച്ചു.

അക്കാലത്തു പക്ഷെ, പടിഞ്ഞാറൻ സഭയിൽ നേരെ മറിച്ചായിരുന്നു കാര്യങ്ങൾ. രാജാവും പ്രഭുവും മാടമ്പിയുമൊക്കെ പിന്തുടർച്ചയായി നാടുഭരിച്ചതുപോലെ മെത്രാന്മാരും കർദിനാൾമാരുമൊക്കെ സഭയുടെ ഭരണം നിയന്ത്രിച്ചു. സ്തുതിപാഠകരുടെയും ഉപജാപകരുടെയും ഹിസ് ഹൈനെസ്, ഹിസ് ഗ്രേസ്, ഹിസ് ബിയാറ്റിറ്റിയൂഡ് തുടങ്ങിയ മാടമ്പി പ്രയോഗങ്ങളിൽ അവർ അഭിരമിച്ചു. ഇവിടെയത് തിരുമേനിയായി വാഴ്‌ത്തിപ്പാടി.

എന്നിട്ടും കേരളസഭയിൽ ‘പിതാവ്’ എന്ന ലാളിത്യമുള്ള പേരിലാണ് മെത്രാനെ കുബേരനും കുചേലനും വിളിച്ചുപോന്നത്. അതിൽ പ്രൗഢിയുടെ, പത്രാസിന്റെ തലത്തൂക്കത്തിനപ്പുറത്ത് ഒരു അപ്പനോടുള്ള സ്‌നേഹപൂർണമായ അടുപ്പം ഉണ്ടായിരുന്നു. മെത്രാന്മാരുടെ തലവൻ പഴയ മെസിയാനിക് യഹൂദരുടെ പാരമ്പര്യത്തിൽ ‘ബാവാ’ ആയിരുന്നു. ‘അപ്പൻ’ എന്നുതന്നെ ആയിരുന്നു അതിന്‍റെയും അർഥം.

‘സ്വർഗ്ഗസ്ഥനായ പിത്താവേ’ എന്ന പ്രാർത്ഥന മലയാളത്തിൽ ‘ആകാശങ്ങളിലിരിക്കുന്ന ഞങ്ങളുടെ ബാവാ’ എന്നായിരുന്നുവെന്നു മറക്കാതിരിക്കുക. പടിഞ്ഞാറൻ സഭയിൽ ജനാധിപത്യം കൂടുതലുണ്ടായപ്പോൾ കേരളസഭ കൂടുതൽ മാടമ്പിവൽക്കരിക്കപ്പെട്ടു.

അരുതാത്തതു പലതും അകത്തളങ്ങളിൽ സംഭവിച്ചു. എല്ലാവർക്കുമല്ല അപൂർവം ചിലർക്ക് പിഴവുകൾ സംഭവിച്ചു.

ഈ പിഴവുകൾ തിരുത്താൻ സമയമായിരിക്കുന്നു. ഇപ്പോൾ വീണുകൊണ്ടിരിക്കുന്ന കണ്ണുനീർ നവീകരണത്തിന്‍റെ വിശുദ്ധിക്ക് ഇടയാകുംവിധം നമുക്ക് പ്രയോജനപ്പെടട്ടെ. നമ്മുടെ സഭയിൽ ഒരുപാട് നന്മകൾ സംഭവിച്ച ഒരു കാലയളവാണ് കടന്നുപോയത്. കൂടുതൽ നന്മകൾ ഇനിയും ഉണ്ടാകേണ്ടിയിരിക്കുന്നു. സാമ്പത്തികകാര്യങ്ങളിൽ മാത്രമല്ല, എല്ലായിടത്തുംവേണം സുതാര്യതയും തുറന്ന ചർച്ചകളും. അത്തരം തീരുമാനങ്ങൾക്ക് വൈകരുത്.

സഭയുടെ സാമ്പത്തിക മാനേജ്മെന്‍റ് സുതാര്യമാക്കാൻ ഏതാനും ചില നിർദേശങ്ങൾ.

  1. ഭാരിച്ച സാമ്പത്തിക തീരുമാനങ്ങൾക്ക് മുൻപ് ഇടവകകൾ രൂപതാസ്ഥാനത്തുനിന്നുള്ള അനുമതി വാങ്ങുന്നതുപോലെ ഒരുകോടി രൂപക്കുമേൽ മൂല്യമുള്ള ഏതൊരു സാമ്പത്തിക തീരുമാനത്തിനും രൂപതകൾ സഭാസിനഡിന്‍റെ അനുമതി വാങ്ങുക.
  2.  ധനപരമായ കാര്യങ്ങളിൽ  ഉപദേശം നൽകാൻ സഭയുടെ എല്ലാ തലങ്ങളിലും പ്രഗത്ഭരായ അൽമായരുടെ നേതൃത്വത്തിൽ ഒരു സമിതി രൂപീകരിക്കുക. നിയമം, റവന്യൂ, ഫിനാൻസ് മേഖലകളിൽ അനുഭവസമ്പത്തുള്ള അല്മായർ വേണം ഈ സമിതികളെ നയിക്കാൻ. ഈ സമിതിയുടെ രേഖാമൂലമുള്ള അനുമതിക്ക് ശേഷം മതി ഇത്തരത്തിലുള്ള സുപ്രധാന തീരുമാനങ്ങൾ. വൈദീകരും മെത്രാന്മാരും പറയുന്ന തീരുമാനങ്ങൾക്ക് വെറുതെ തലയാട്ടുന്ന ‘റാൻ’ മൂളികളെ ഒരിക്കലും ഈ സമിതികളിൽ അംഗമാക്കരുത്.
  3.  ഇടവക തലം മുതൽ മേജർ ആർക്കിഎപ്പിസ്‌കോപ്പൽ തലംവരെയുള്ള ഇടങ്ങളിൽ പതിനായിരം രൂപയിൽ കൂടുതൽ മൂല്യമുള്ള ഏത് സാമ്പത്തിക ഇടപാടും മുൻകൂട്ടി പരസ്യപ്പെടുത്തിയതിനുശേഷം മാത്രം തീരുമാനിക്കുക. ഇത്തരം പരസ്യങ്ങൾ ഇടവക, രൂപത, സീറോ മലബാർ സഭ എന്നിവയുടെ വെബ്‌സൈറ്റുകളിൽ പ്രസിദ്ധപ്പെടുത്തുക. വലിയ ഇടപാടുകൾ സഭയുടെ പത്രമായ ‘ദീപിക’യിലും പരസ്യപ്പെടുത്തുക.
  4.  നിർമാണവേലകൾക്ക് പരസ്യമായ ടെണ്ടർ നിർബന്ധമാക്കുക. കരാറുകാരുടെ പൂർവകാലചരിത്രം പരിശോധിക്കുക.
  5. സഭയുടെ ഫിനാൻസ് ഓഫീസർ തസ്തിക വിദേശങ്ങളിലേതുപോലെ അക്കൗണ്ടിംഗ് പ്രഫഷണലുകളെ ഏൽപ്പിക്കുക. പല വൈദീകരും ഇത്തരമൊരു ജോലി ചെയ്യാൻ അപ്രാപ്തരാണ്.
  6. എല്ലാ നിയമനങ്ങളും മുൻകൂട്ടി പരസ്യപ്പെടുത്തി ഇന്‍റര്‍വ്യൂ നടത്തി മാത്രം നടത്തുക.

ഇത്തരം ചില നല്ല തീരുമാനങ്ങൾ സിനഡ് എടുക്കുമെന്ന് പ്രത്യാശിക്കുന്നു.

സ്നേഹാദരങ്ങളോടെ

 

ശാന്തിമോന്‍ ജേക്കബ്

ചീഫ് എഡിറ്റര്‍

You must be logged in to post a comment Login