ടെക്‌സാസ് വെടിവയ്പ്; കൊല്ലപ്പെട്ടവരില്‍ ഗര്‍ഭിണിയും മൂന്നു മക്കളും ബന്ധുക്കളും

ടെക്‌സാസ് വെടിവയ്പ്; കൊല്ലപ്പെട്ടവരില്‍ ഗര്‍ഭിണിയും മൂന്നു മക്കളും ബന്ധുക്കളും

ടെക്‌സാസ്: ഫസ്റ്റ് ബാപ്റ്റിസ്റ്റ് ചര്‍ച്ചില്‍ ഞായറാഴ്ച നടന്ന വെടിവയ്പ്പില്‍ കൊല്ലപ്പെട്ട 26 പേരില്‍ ഒരു ഗര്‍ഭിണിയും അവരുടെ മൂന്ന് മക്കളും  ബന്ധുക്കളും ഉള്‍പ്പെടുന്നു. ക്രിസ്റ്റല്‍ ഹോള്‍ കോംബെയും അവരുടെ മക്കളായ എമിലി, മേഗന്‍, ഗ്രെഗ് എന്നിവരുമാണ് കൊല്ലപ്പെട്ടത്.

ക്രിസ്റ്റലിന്റെ ആദ്യഭര്‍ത്താവ് പീറ്റര്‍ഹില്‍ ഹൃദ്രോഗബാധയെ തുടര്‍ന്ന് 2011 ഏപ്രിലില്‍ മരണമടഞ്ഞിരുന്നു. ആ ബന്ധത്തില്‍ അവര്‍ക്ക് അഞ്ചു മക്കളുമുണ്ടായിരുന്നു. ഫിലിപ്പ്, ഗ്രെഗ്, മേഗന്‍, എമിലി, എവെലിയന്‍.

പിന്നീട് ക്രിസ്റ്റല്‍ രണ്ടാമതും വിവാഹം കഴിച്ചു. ജോണ്‍ ഹോള്‍കോംബെ ആയിരുന്നു രണ്ടാം ഭര്‍ത്താവ്. 2012 ല്‍ ആയിരുന്നു ഈ വിവാഹം. സ്വന്തം മക്കളെപോലെയാണ് ജോണ്‍ ഈ അഞ്ച് മക്കളെയും നോക്കിവളര്‍ത്തിയത്. അവരെല്ലാം തികഞ്ഞ ക്രൈസ്തവവിശ്വാസികളുമായിരുന്നു.

ദുരന്തം നടന്ന ഞായറാഴ്ച ജോണിന്റെ പിതാവ് ബ്രിയാന്‍ പള്ളിയിലെ ഗസ്റ്റ് പ്രീച്ചറായിരുന്നു. ശുശ്രൂഷ ആരംഭിച്ച സമയത്ത് തന്നെ വെടിവയ്പ്പ് നടന്നു. അപ്പോള്‍ തന്നെ ക്രിസ്റ്റലും എമിലിയും മേഗനും ഗ്രേഗും മരണമടഞ്ഞു. ക്രിസ്റ്റലിന്റെ അമ്മായിയച്ഛന്‍, അദ്ദേഹത്തിന്റെ ഭാര്യ, ക്രിസ്റ്റലിന്റെ ബ്രദര്‍ ഇന്‍ലോ മാര്‍ക്ക് ഡാനിയേല്‍, അദ്ദേഹത്തിന്റെ 18 മാസം പ്രായമുള്ള കുഞ്ഞ് എന്നിവരും കൊല്ലപ്പെട്ടവരില്‍ പെടുന്നു.

എല്ലാ വേദനകള്‍ക്ക് നടുവിലും ദൈവത്തിലുള്ള വിശ്വാസത്തില്‍ നിന്ന് അടിപതറാതെ ഞങ്ങള്‍ നിലനില്ക്കുന്നു..ഞങ്ങള്‍ അവരുടെ മരണത്തില്‍ വിലപിക്കുന്നില്ല. കാരണം ഞങ്ങള്‍ക്കറിയാം അവര്‍ ഇപ്പോള്‍ എവിടെയാണെന്ന്..അവരെല്ലാം ഉത്തമ ക്രൈസ്തവവിശ്വാസികളായിരുന്നു. അവരുടെ അവസാനശ്വാസത്തിലും ദൈവമുണ്ടായിരുന്നു. ക്രിസ്റ്റലിന്റെ ആന്റി ഫേസ്ബുക്കില്‍ കുറിച്ച വരികള്‍ ഇപ്രകാരമായിരുന്നു.

ക്രിസ്റ്റലിന്റെ ഇളയ കുട്ടി ആക്രമണത്തെ തുടര്‍ന്ന് സുഖം പ്രാപിച്ചുവരുന്നു.

You must be logged in to post a comment Login