ഇരട്ട പുണ്യവാന്മാരുടെ തിരുനാളിന് തുടക്കമായി

ഇരട്ട പുണ്യവാന്മാരുടെ തിരുനാളിന് തുടക്കമായി

കടുത്തുരുത്തി: കോതനല്ലൂർ ഫൊറോനാ പള്ളിയിൽ ഇടവക മധ്യസ്ഥരും ഇരട്ട പുണ്യവാന്മാരുമായ കന്തീശങ്ങളുടെ തിരുനാളിന് തുടക്കമായി. പ്രധാന തിരുനാൾ 18, 19 തീയതികളിൽ ആഘോഷിക്കും. തിരുനാളിന്‍റെ ഏറ്റവും സവിശേഷ ചടങ്ങായ ഇരട്ടകളുടെ മഹാസംഗമം 19 നാണ്. ഇക്കുറി നടക്കുന്നത് 11-മത് ഇരട്ടസംഗമമാണ്.

ഇന്നും നാളെയും രാവിലെ 6.30നും വൈകൂന്നേരം അഞ്ചിനും ആഘോഷമായ പരിശുദ്ധ കുർബാനയും നൊവേനയും. 18ന് രാവിലെ 6.30ന് ആഘോഷമായ വിശുദ്ധ കുർബാന, നൊവേന, തുടർന്ന് കന്തീശങ്ങളുടെ തിരുസ്വരൂപങ്ങൾ മോണ്ടളത്തിൽ പ്രതിഷ്ഠിക്കും. വൈകുന്നേരം അഞ്ചിന് പാലാ ബിഷപ് മാർ ജോസഫ് കല്ലറങ്ങാട്ട് ആഘോഷമായ പാട്ടുകുർബാനയർപിച്ചു സന്ദേശം നൽകും. തുടർന്ന് പ്രദക്ഷിണം.

പ്രധാന തിരുനാൾ ദിനമായ 19നാണ് ഇരട്ടകളുടെ മഹാസംഗമം. രാവിലെ 6.30ന് വിശുദ്ധ കുർബാന, നൊവേന. 8.30ന് ഇരട്ടകളുടെ രജിസ്ട്രേഷൻ . 9.30ന് ആഘോഷമായ സമൂഹബലി. ഇരട്ട വൈദികരായ ഫാ.റോബി കണ്ണഞ്ചിറ സിഎംഐ, ഫാ.റോയി കണ്ണഞ്ചിറ സിഎംഐ, ഫാ.തോമസ് ചൂളപ്പറന്പിൽ സിഎംഐ, ഫാ.ജോസഫ് ചൂളപ്പറന്പിൽ (ചങ്ങനാശേരി അതിരൂപത), ഫാ.റോജി മനയ്ക്കപ്പറന്പിൽ സിഎംഐ, ഫാ.റെജി മനയ്ക്കപറന്പിൽ സിഎംഐ, ഫാ.ജെന്നി കായംകുളത്തുശേരി, ഫാ.ജസ്റ്റിൻ കായംകുളത്തുശേരി (ഇരുവരും ചങ്ങനാശേരി അതിരൂപത), ഫാ.ജോസഫ് കൊല്ലകൊന്പിൽ (ഇടുക്കി രൂപത), ഫാ.ആന്‍റിണി കൊല്ലകൊന്പിൽ സിഎസ്ടി, ഫാ.ബിബിൻ മറ്റത്തിൽ സിഎസ്ടി , ഫാ.സിബിൻ മറ്റത്തിൽ സിഎസ്ടി , ഫാ.ജോസ് മാരിപ്പുറത്ത് (സാഗർ), ഫാ.കുര്യാക്കോസ് മാരിപ്പുറത്ത് (പാലക്കാട്), ഫാ.മാർട്ടിൻ പുതുപ്പള്ളിയിൽ എംഎസ്ടി, ഫാ.ജോസഫ് പുതുപ്പള്ളിയിൽ എംഎസ്എഫ്എസ് എന്നിവർ കാർമികത്വം വഹിക്കും.

11.15ന് ആഘോഷമായ തിരുനാൾ പ്രദക്ഷിണം. 12.15 ന് മാർ ജോസഫ് കല്ലറങ്ങാട്ട് ഇരട്ടകളുടെ സമർപണ ശുശ്രൂഷ നടത്തും. തുടർന്ന് ഇരട്ടകളുടെ സ്നേഹവിരുന്ന്, വൈകുന്നേരം അഞ്ചിന് ഫാ.ജോസഫ് മേച്ചേരിൽ വിശുദ്ധ കുർബാനയർപിക്കും. തുടർന്ന് കന്തീശങ്ങളുടെ തിരുസ്വരൂപങ്ങൾ പുന:പ്രതിഷ്ഠിക്കുന്നതോടെ തിരുനാളിന് സമാപനമാകും. ഇരട്ട ജീവിത പങ്കാളിയെ കണ്ടെത്താൻ താത്പര്യമുള്ളവരുടെ സംഗമം നേർച്ചഭഷണത്തിനുശേഷം ഓഡിറ്റോറിയത്തിൽ നടക്കും.
കഴിഞ്ഞവർഷം നടന്ന സംഗമത്തിൽ 1356 ഇരട്ടകളാണ് പങ്കെടുത്തത്. ഈ വർഷത്തെ സംഗമത്തിൽ 1400 ലേറേ ഇരട്ടകളെയാണ് പ്രതീക്ഷിക്കുന്നതെന്ന് വികാരി റവ.ഡോ. ജോർജ് വർഗീസ് ഞാറക്കുന്നേൽ പത്രസമ്മേളനത്തിൽ പറഞ്ഞു. തിരുനാൾദിവസം പള്ളിയിലെത്തുന്ന തീർഥാടകർക്കെല്ലാം നേർച്ചഭക്ഷണം നൽകും. ഇരട്ടസംഗമം നടക്കുന്ന 19ന് പള്ളിയിൽ നടക്കുന്ന തിരുക്കർമങ്ങൾക്കെല്ലാം നേതൃത്വം നൽകുന്നത് ഇരട്ടകൾ തന്നെയാണെന്ന പ്രത്യേകതയുണ്ട്.

ഇരട്ടകളായ 16 വൈദികരുടെ നേതൃത്വത്തിലുള്ള സമൂഹബലി തിരുനാളിന്‍റെ പ്രത്യേകതയാണ്. ഇരട്ടസഹോദരങ്ങൾ നയിക്കുന്ന ഗായകസംഘം, ഇരട്ടകൾ മാത്രം പങ്കെടുക്കുന്ന പ്രദക്ഷിണം, ഇരട്ടകൾക്കായുള്ള സമർപണ ശുശ്രൂഷ, ഇരട്ടകളെ ജീവിത പങ്കാളികളായി സ്വീകരിച്ചിരിക്കുന്നവരുടെ സമ്മേളനം എന്നിങ്ങനെ നിരവധി പ്രത്യേകതകളും തിരുനാളിനുണ്ട്.
കേരളത്തിനകത്തും പുറത്തു നിന്നുമായി ജാതിമതഭേദമെന്യേ ഇരട്ടകൾ പങ്കെടുക്കുന്ന തിരുനാളാണ് കോതനല്ലൂരിലേത്.

You must be logged in to post a comment Login