അണ്ടര്‍ഗ്രൗണ്ട് സഭയില്‍ നിന്നുള്ള ഒരു വൈദികന്റെ വിശ്വാസജീവിതം

അണ്ടര്‍ഗ്രൗണ്ട് സഭയില്‍ നിന്നുള്ള ഒരു വൈദികന്റെ വിശ്വാസജീവിതം

ഇത് ഫാ. ജോസഫ് ഓഫ് ജീസസ്. കത്തോലിക്കാ വിശ്വാസത്തിന് എന്നും വിലക്കുകളും പീഡനങ്ങളും സഹിക്കേണ്ടിവരുന്ന ചൈനയില്‍ നിന്നുള്ള വൈദികന്‍. സര്‍ക്കാരിന്റെ നിയന്ത്രണത്തിലുള്ള പാട്രിയോട്ടിക് സഭയുടെ അനുവാദത്തോടെ മാത്രം ആരാധനകള്‍ നടത്താനേ ഭരണകൂടം ഇവിടെ അനുവദിക്കാറുള്ളൂ. അതുകൊണ്ട് തന്നെ മാര്‍പാപ്പയോട് ഐക്യപ്പെടുന്ന കത്തോലിക്കാസഭയ്ക്ക് ഇവിടെ പല തരത്തിലുള്ള അടിച്ചമര്‍ത്തലുകളും പീഡനങ്ങളും ഏല്‌ക്കേണ്ടിവരുന്നു.

ഒരു പ്രോഗ്രാമില്‍ പങ്കെടുത്തുകൊണ്ട് സംസാരിക്കുമ്പോഴായിരുന്നു തന്റെ ജീവിതകഥ അദ്ദേഹം പങ്കുവച്ചത്. ചൈനയിലെ ഒറ്റക്കുട്ടി നയത്തെ എതിര്‍ത്തുകൊണ്ടുള്ള അഞ്ചംഗകുടുംബത്തില്‍ മൂന്നാമത്തെ സന്താനമായിട്ടായിരുന്നു അദ്ദേഹത്തിന്റെ ജനനം.

ഒന്നില്‍കൂടുതല്‍ മക്കളുള്ള കുടുംബങ്ങളെ അന്വേഷിച്ച് പോലീസ് എത്തുമ്പോള്‍ മാതാപിതാക്കള്‍ തങ്ങളെ ഒളിപ്പിക്കാറുണ്ടായിരുന്നു. പിടികൂടിയാല്‍ ആ കുട്ടികളെ പോലീസ് മാതാപിതാക്കളില്‍ നിന്ന് അകറ്റി എവിടേയ്‌ക്കെങ്കിലും കൊണ്ടുപോകുകയും ചെയ്യുമായിരുന്നു. ഒന്നില്‍ കൂടുതല്‍ മക്കളുള്ളതിന്റെ പേരില്‍ പലര്‍ക്കും വീടുകളും നഷ്ടപ്പെട്ടിട്ടുണ്ട് കത്തോലിക്കാവിശ്വാസം ചെറുപ്രായത്തിലേ മക്കള്‍ക്ക് പകര്‍ന്നു നല്കാന്‍ ആ മാതാപിതാക്കള്‍ ശ്രദ്ധിച്ചിരുന്നു. ജപമാലകളും മറ്റ് പ്രാര്‍ത്ഥനകളും വളരെ രഹസ്യമായും ശബ്ദം കുറച്ചുമായിരുന്നു വീട്ടില്‍ ചൊല്ലിയിരുന്നത്.

ജപമാല പ്രാര്‍ത്ഥന തങ്ങള്‍ക്ക് വലിയ ശക്തിയായിരുന്നുവെന്ന് അച്ചന്‍ പറയുന്നു. പതിനഞ്ചാം വയസിലാണ് പുരോഹിതനാകണമെന്ന ആഗ്രഹം ഉടലെടുത്തത്. അതിന് പ്രേരിപ്പിച്ചത് ഇങ്ങനെയൊരു ചിന്തയായിരുന്നു. ചൈനയില്‍ ക്രൈസ്തവര്‍ വളരെ കുറവാണ്. എത്രയോ പേരാണ് ക്രിസ്തുവിനെ അറിയാതെ ചൈനയില്‍ ജീവിക്കുന്നത്. അത്തരക്കാര്‍ക്കെല്ലാം ക്രിസ്തുവിനെ നല്കണം.

ഗ്രാമത്തിലുള്ള ഒരു വൈദികന്‍ ദൈവവിളിയുടെ കാര്യത്തില്‍ പ്രചോദനമായി. 60 ഗ്രാമങ്ങളില്‍ അദ്ദേഹത്തിന്റെ സേവനം ലഭ്യമായിരുന്നു. എണ്‍പത് വയസിലും അദ്ദേഹം തീക്ഷ്ണമതിയായിരുന്നു. ദിവസവും വെളുപ്പിന് 3.30 ന് എണീല്ക്കുകയും വിശുദ്ധ ബലി അര്‍പ്പിക്കുകയും ചെയ്തിരുന്നു.

പേട്രിയോട്ടിക് സഭയോട് കൂറുപുലര്‍ത്തി വേണമെങ്കില്‍ എനിക്ക് ജീവിക്കാമായിരുന്നു പക്ഷേ എനിക്കത് അസാധ്യമായിരുന്നു. അടിസ്ഥാനപരമായി സഭ ഒന്നാണ്. അത് വിശുദധവും കാതോലിക്കവും അപ്പസ്‌തോലികവുമാണ്.

അതുകൊണ്ട് വെല്ലുവിളികള്‍ മനസ്സിലാക്കിക്കൊണ്ടുതന്നെയാണ് ഇദ്ദേഹം വൈദികനായതും ഇപ്പോള്‍ അണ്ടര്‍ഗ്രൗണ്ട് സഭയില്‍ പ്രവര്‍ത്തിക്കുന്നത്.

അണ്ടര്‍ഗ്രൗണ്ട് സഭയില്‍ 30 മെത്രാന്മാരുണ്ട്. ഞങ്ങളെയാരെയും ഗവണ്‍മെന്റ് അംഗീകരിച്ചിട്ടില്ല.ഞങ്ങളുടെ ആരാധനാകര്‍മ്മങ്ങള്‍ക്ക് വിലക്കുകളുമുണ്ട്. പൗരോഹിത്യാഭിഷേകങ്ങള്‍ വളരെ രഹസ്യമായിട്ടാണ് ഞങ്ങള്‍  നടത്തുന്നത്. ചൈനയിലെ ക്രൈസ്തവര്‍ വിശ്വാസത്തിന്റെ കാര്യത്തില്‍ വലിയ സാക്ഷ്യം വഹിക്കുന്നവരാണ്. ഞങ്ങള്‍ക്ക് നിങ്ങളുടെ പ്രാര്‍ത്ഥനകള്‍ വേണം. ഫാ. ജോസഫ് പറഞ്ഞു.

You must be logged in to post a comment Login