ഈ ഗോള്‍ഡ് മെഡല്‍ ജിംനാസ്റ്റ് വിശുദ്ധ പദവിയിലേക്ക്

ഈ ഗോള്‍ഡ് മെഡല്‍ ജിംനാസ്റ്റ് വിശുദ്ധ പദവിയിലേക്ക്

ഒരുകാലത്ത് മുന്‍കോപിയായിരുന്നു സ്റ്റീഫന്‍ കാസ് സാപ്പ്. എന്നാല്‍ സന്യാസവൈദികരുടെ സ്‌കൂളിലെ വിദ്യാഭ്യാസകാലത്ത് തന്റെ പോരായ്മ മൂലം അധ്യാപകര്‍ക്കും മറ്റുള്ളവര്‍ക്കും അസ്വസ്ഥതകളുണ്ടാകുന്നു എന്ന് തിരിച്ചറിഞ്ഞപ്പോള്‍ പെട്ടെന്നൊരു നിമിഷം മുതല്‍ ദൈവം തൊട്ടതുപോലെ അവന്‍ പുതിയൊരാളായി.

ഹംഗറിയിലെ ബുഡ്ാപെസ്്റ്റില്‍ 1916 മാര്‍ച്ച് 25 ന് ആയിരുന്നു സ്റ്റീഫന്‍ ജനിച്ചത്. ബോയ് സ്‌കൗട്ട് ട്രൂപ്പിലും അവന്‍ പിന്നീട് അംഗമായി. പ്രകൃതിയില്‍ ദൈവത്തിന്റെകരം കാണാനും അതിന്റെ പേരില്‍ ദൈവത്തെ സ്തുതിക്കാനും കഴിയുന്ന മാനസിക ഭാവം അവനുണ്ടായിരുന്നു. പലപ്പോഴും പ്രകൃതിസൗന്ദര്യം ആസ്വദിച്ച് അവന്‍ നടന്നുനീങ്ങാറുണ്ടായിരുന്നു. ഇതിനൊക്കെ പുറമെ നല്ലൊരു ജിംനാസ്റ്റുമായിരുന്നു സ്റ്റീഫന്‍. നിരവധി തവണ നാഷനല്‍ തലത്തില്‍ അവന്‍ നേട്ടങ്ങള്‍ കൊയ്തൂകൂട്ടിയിരുന്നു .

ദിവ്യകാരുണ്യഭക്തിയായിരുന്നു സ്റ്റീഫന്റെ മറ്റൊരു പ്രത്യേകത. സ്വര്‍ഗ്ഗത്തില്‍ നിന്നുള്ള ദിവ്യഅപ്പം എന്നാണ് അവന്‍ ദിവ്യകാരുണ്യത്തെ വിശേഷിപ്പിച്ചിരുന്നത്്. ലോകമെങ്ങുമുളള പാപികളുടെ മാനസാന്തരത്തിന് വേണ്ടി തന്റെ ജീവിതം സഹനബലിയായി സമര്‍പ്പിക്കാന്‍ സ്റ്റീഫന്‍ ആഗ്രഹിച്ചു. ഹൈസ്‌കൂള്‍ കാലയളവിലാണ് ഇങ്ങനെയൊരു തീരുമാനം എടുത്തത്. അതിനെ തുടര്‍ന്ന് ഈശോസഭയില്‍ അംഗമായി ചേരാന്‍ തീരുമാനിച്ചു. അമ്മ ആ തീരുമാനത്തിന് പിന്തുണയുമേകി.

അങ്ങനെ പതിനെട്ടാം വയസില്‍ ഈശോസഭയില്‍ ചേര്‍ന്നു. എന്നാല്‍ വൈകാതെ അവന്റെ ആരോഗ്യനില വഷളായി. എന്താണ് സംഭവിച്ചതെന്ന് ഡോക്ടേഴ്‌സിന് മനസ്സിലാക്കാനായില്ല. അത്തരം ദിവസങ്ങളില്‍ സ്റ്റീഫന്‍ എഴുതി, ദൈവം ഏതു കുരിശ് തന്നാലും ഞാനത് സന്തോഷത്തോടെ വഹിക്കും. ആരോഗ്യത്തോടെ പത്തോ ഇരുപതോ വര്‍ഷം ലോകത്തിന് വേണ്ടി ജീവിക്കുന്നതിനെക്കാള്‍ നല്ലത് അനാരോഗ്യത്തോടെ കുറച്ചുകാലത്തേക്ക് ദൈവത്തിന് വേണ്ടി ജീവിക്കുന്നതാണ്.

19 ാം വയസില്‍ സ്റ്റീഫന്‍ നിത്യതയിലേക്ക് യാത്രയായി.ദൈവം നിന്നോടുകൂടെ..നമുക്ക് മുകളില്‍ വച്ച് കാണാം.. സ്വര്‍ഗ്ഗത്തില്‍ ഞാന്‍ ജനിച്ച എന്റെ പിറന്നാളിനെപ്രതി ആരും കരയരുത്.ദൈവം നിങ്ങളെയെല്ലാം അനുഗ്രഹിക്കട്ടെ..അതായിരുന്നു സ്റ്റീഫന്റെ അവസാനത്തെ കുറിപ്പ്.

1935 ഡിസംബര്‍ 17 ന് മരിച്ച സ്റ്റീഫന്റെ നാമകരണനടപടികള്‍ 1942 ല്‍ ആരംഭിച്ചു.2006 ല്‍ ധന്യപദവിയിലേക്ക് ബെനഡിക്ട് പതിനാറാമന്‍ സ്റ്റീഫനെ ഉയര്‍ത്തി.

ശരീരവും ആരോഗ്യവും സൗന്ദര്യവും ദൈവത്തിന് വേണ്ടി സമര്‍പ്പിച്ച സ്റ്റീഫന്റെ ജീവിതം ഇന്നും അനേകം യുവജനങ്ങള്‍ക്ക് വല്ലാത്ത മാതൃകയും സ്വാധീനവുമാണ് നല്കിക്കൊണ്ടിരിക്കുന്നത്.

 

You must be logged in to post a comment Login