വേറോനിക്ക ഈശോയുടെ മുഖം തുടയ്ക്കുന്നു…!

വേറോനിക്ക ഈശോയുടെ മുഖം തുടയ്ക്കുന്നു…!

ആറാം സ്ഥലം

ഈശോ മിശിഹായേ ഞങ്ങൾ അങ്ങയെ കുമ്പിട്ടാരാധിക്കുന്നു;

എന്തുകൊണ്ടെന്നാൽ, വിശുദ്ധ കുരിശാൽ അങ്ങ്‌ ലോകത്തെ വീണ്ടും രക്ഷിച്ചു.

ഈശോയുടെ കുരിശിന്റെ വഴിയിലെ വേറോനിക്ക എന്ന സ്ത്രീ സാന്നിധ്യം ഓരോ വേളയും എന്നെ അതിശയിപ്പിക്കുന്നു, ഒപ്പം എന്നെ സന്തോഷിപ്പിക്കുന്നു. ഈശോ ഒന്നും പറയുന്നില്ലെങ്കിലും അവളെല്ലാം അറിയുകയാണ്‌. ഇതാണ്‌ ശരിയായ ആത്മീയത, ഇതാണ്‌ ശരിയായ സൗഹൃദം; പറയാതെ അറിയാനാകുക. മറ്റുമനുഷ്യരുടെ ചിന്തകൾക്കും പ്രവൃത്തികൾക്കുമുപരി ഈശോയെ മനസിലാക്കാൻ കഴിയുക. രക്തവും വിയർപ്പും നിറഞ്ഞ ഈശോയുടെ മുഖം ഏറെ സ്നേഹത്തോടെയും അലിവോടെയും അവൾ തുടയ്ക്കുന്നു.

ഇതാ വേറോനിക്കായുടെ തൂവാലയിൽ ലോകത്ത്‌ മറ്റാർക്കും സ്വന്തമാക്കാനാകാത്ത രക്ഷകന്റെ തിരുമുഖം പതിഞ്ഞിരിക്കുന്നു. വേറോനിക്കായുടെ സ്നേഹശുശ്രൂഷയ്ക്ക്‌ ഈശോ കൊടുത്ത സമ്മാനം. പ്രിയമുളള ഈശോയെ, വേറോനിക്കയെപ്പോലെ നിന്നെ സ്നേഹിക്കാൻ, നിന്നെ അറിയാൻ, സാഹചര്യങ്ങൾ എത്രമാത്രം പ്രതികൂലമായിരുന്നാലും നിന്റെ അരികിലെത്താൻ, നിന്നെ ശുശ്രൂഷിക്കാൻ,  എനിക്കും ധൈര്യം പകരണമേ, തിരുമുഖദർശനം എന്റെ മിഴികൾക്കുമേകണേ…!

1 സ്വർഗ1 നന്മ 1 ത്രിത്വസ്തുതി…

കർത്താവേ അനുഗ്രഹിക്കണമേ,

പരിശുദ്ധ ദൈവമാതാവേ,

ക്രൂശിതനായ ഈശോയുടെ തിരുമുറിവുകൾ എന്റെ ഹൃദയത്തിലും പതിച്ചുറപ്പിക്കണമേ…!

ഫാ. പോള്‍ കൊട്ടാരം കപ്പൂച്ചിന്‍

You must be logged in to post a comment Login