ആരെയും ഭയക്കാതെ ക്രിസ്തീയവിശ്വാസം ഏറ്റുപറഞ്ഞ് ഇളയദളപതി വിജയ്

ആരെയും ഭയക്കാതെ ക്രിസ്തീയവിശ്വാസം ഏറ്റുപറഞ്ഞ്  ഇളയദളപതി വിജയ്

തുള്ളാതെ മനവും തുള്ളും എന്ന ചിത്രത്തിലൂടെയാണ് വിജയ് ഇഷ്ടനടന്മാരിലൊരാളായി മാറിയത്. തമിഴകത്തിന്റേതായ തനത് ചേരുവകളില്‍ നിന്ന് മാറി നില്ക്കുന്ന, വര്‍ഷം പലതു പിന്നിട്ടിട്ടും ഇപ്പോള്‍ കണ്ടാലും മടുപ്പ് തോന്നിക്കാത്ത ഒരു നല്ല ചിത്രം. പ്രത്യേകിച്ച് അതിലെ ഗാനങ്ങള്‍.

കാലമെത്രയോ കടന്നുപോയി. വിജയ് പിന്നീടും എത്രയോ സിനിമകളില്‍ അഭിനയിച്ചു. അതില്‍ ചിലത് കണ്ടു..മറ്റ് ചിലത് കാണാതെ പോയി. കെട്ടുകാഴ്ചകളും പൊയ്ക്കാല്‍ നൃത്തങ്ങളുമുള്ളതായിരുന്നു അവയിലെ മിക്ക ചിത്രങ്ങളും. അവയില്‍ പലതും ശ്രദ്ധിക്കപ്പെടാതെ പോയി.

പക്ഷേ ഇപ്പോള്‍ മേര്‍സല്‍ എന്ന ചിത്രം പുറത്തുവന്നതോടെ വിജയ് പുതിയ ഉയരങ്ങളിലെത്തിയിരിക്കുകയാണ്. ഈ ചിത്രത്തെ ഇത്രയധികം ചര്‍ച്ചയ്ക്ക് വിഷയമാക്കിയത് അതില്‍ പ്രതിപാദിച്ചിരുന്ന ചില സമകാലിക വിഷയങ്ങളും അത് ഭരണകൂടത്തോടുള്ള വെല്ലുവിളിയാണെന്നുള്ള രാഷ്ട്രീയക്കാരുടെ ചില വിഹ്വലതകളുമായിരുന്നു.

തുടര്‍ന്ന് വിജയ് എന്ന നടന്റെ മതവും ജാതിയുമെല്ലാം രാഷ്ട്രീയവൈരികള്‍ ചര്‍ച്ചയ്ക്ക് വിഷയമാക്കി. വിജയ് ക്രിസ്ത്യാനിയാണ് പോലും.

സാധാ പ്രേക്ഷകര്‍ അപ്പോഴാണ് അത് അറിയുന്നത് തന്നെ. ജാതിയും മതവും നോക്കിയൊന്നുമല്ലല്ലോ പ്രേക്ഷകര്‍ താരങ്ങളെ ഇഷ്ടപ്പെടുന്നതും സ്‌നേഹിക്കുന്നതും. ജാതിയുടെയും മതത്തിന്റെയും നിറം കലകള്‍ക്കോ സാഹിത്യത്തിനോ കൊടുക്കേണ്ടതുമില്ല. പക്ഷേ വര്‍ഗ്ഗീയമായി എന്തിനെയും വര്‍ഗ്ഗവല്‍ക്കരിക്കുന്നവരോട് അതൊന്നും പറഞ്ഞിട്ട് കാര്യമില്ലല്ലോ..

ഇങ്ങനെ മെര്‍സല്‍ സിനിമയും അതിലെ പ്രതിപാദ്യവും വിജയ് യുടെ മതവും ചര്‍ച്ചയായിക്കൊണ്ടിരിക്കുമ്പോഴാണ് സ്വന്തം ലെറ്റര്‍പാഡില്‍ സിനിമയുടെ വിജയത്തിന് നന്ദിപറഞ്ഞുകൊണ്ട് താരം കത്ത് എഴുതിയിരിക്കുന്നത്. ആ കത്ത് വൈറലായി മാറാന്‍ തെല്ലും സമയം വേണ്ടിവന്നില്ല. കാരണം ജോസഫ് വിജയ് എന്ന് മുഴുവന്‍ പേര് ചേര്‍ത്തും ജീസസ് സേവ്‌സ് എന്ന് എഴുതിയുമാണ് ആ ലൈറ്റര്‍ ഹെഡ് തയ്യാറാക്കിയിരിക്കുന്നത് തന്നെ.

പൊതുസമൂഹത്തിന്റെ കൈയടികിട്ടാന്‍ ക്രിസ്ത്യാനിയാണെന്ന് ഏറ്റുപറയാന്‍ മടിക്കുന്ന പല കലാകാരന്മാരും ഇവിടെയുണ്ട്. സഭ നല്കിയ ആദരവുകള്‍ ഏറ്റുവാങ്ങാനും സഭ നടത്തുന്ന പരിപാടികളില്‍ ക്ഷണിതാവായി പേര് അച്ചടിച്ചുവന്നിട്ടും വരാതിരുന്നവരുമായ ചില കലാകാരന്മാരെ ഓര്‍മ്മവരുമ്പോഴാണ് വിജയ് എന്ന നടനോട് കൃത്യമായ ആദരവും ബഹുമാനവും തോന്നുന്നത്.

രാജ്യം ഭരിക്കുന്ന ഭരണകൂടത്തോടുള്ള വെല്ലുവിളിയാണെന്ന് വേണമെങ്കില്‍ വ്യാഖ്യാനിക്കുന്ന വിധത്തിലാണ് വിജയ് എന്ന തമിഴകത്തിന്‌റെ പുതിയ ദളപതി ഈ കത്ത് പ്രസിദ്ധീകരിച്ചിരിക്കുന്നത്. എന്നിട്ടും വിജയ് അക്കാര്യം പറഞ്ഞു, താന് ക്രിസ്ത്യാനിയാണെന്നും യേശു രക്ഷകനാണെന്നും.

പലരും പറയാന്‍ മടിക്കുന്നതും മറക്കുന്നതും വിജയ് വ്യക്തമാക്കി.

ഇതാണ് സ്റ്റാര്‍ഡം..ഇതാണ് ധൈര്യം.. വിജയ്,താങ്കള്‍ ശരിക്കും സൂപ്പറ് തന്നെ.

You must be logged in to post a comment Login