ഇതാ ദൈവഹിതത്തിന് പൂര്‍ണ്ണമായി സമര്‍പ്പിച്ച പുതിയ കാലത്തിന്റെ മറിയം

ഇതാ ദൈവഹിതത്തിന് പൂര്‍ണ്ണമായി സമര്‍പ്പിച്ച പുതിയ കാലത്തിന്റെ മറിയം

ദു:ഖത്തിന്റെ പാനപാത്രം കര്‍ത്താവെന്റെ കൈയില്‍ തന്നാല്‍ സന്തോഷത്തോടതു വാങ്ങുമെന്ന് പാടിയത് സാധു കൊച്ചുകുഞ്ഞ് ഉപദേശിയായിരുന്നു. മകന്റെ മരണത്തിന് മുമ്പില്‍ വച്ചാണ് അദ്ദേഹം ആ പാട്ടെഴുതിയത് എന്നത് ചരിത്രം. ആ ചരിത്രത്തെ തെല്ലുപിന്നിലേക്ക് നീക്കി മകന്റെ ശവസംസ്‌കാരത്തിന് 13 മിനിറ്റ് നീണ്ട പ്രസംഗം നടത്തിയ അമ്മയെയാണ് കഴിഞ്ഞ ഏതാനും ദിവസങ്ങളായി സോഷ്യല്‍ മീഡിയ കണ്ടുകൊണ്ടിരിക്കുന്നത്.

വാഹനാപകടത്തെതുടര്‍ന്ന് ആകസ്മികമായി തങ്ങളില്‍ നിന്ന് വേര്‍പിരിഞ്ഞ മകന്‍ വിനുകുര്യന്‍ ജേക്കബിന്റെ ശവസംസ്‌കാരവേളയില്‍ “എന്റെ ദൈവത്തിന് തെറ്റുപറ്റിയിട്ടില്ല അവന് ദൈവം നിശ്ചയിച്ചപ്രായം 25 വയസായിരുന്നു” എന്നും “അവനെ കരഞ്ഞുകൊണ്ട് ആരും യാത്ര അയ്ക്കരുതെ” ന്നും കണ്ണീരടക്കി മകന്റെ ശവപേടകത്തിന് മുമ്പില്‍ നിന്ന് പ്രസംഗിച്ചത് മറിയാമ്മ ജേക്കബ് എന്ന അമ്മയായിരുന്നു. ഗവ എല്‍. പി സ്‌കൂള്‍ അധ്യാപികയായ മറിയാമ്മ.

ദൈവഹിതത്തിന് പൂര്‍ണ്ണമായും സമര്‍പ്പിച്ച പുതിയ കാലത്തിന്റെ മറിയമായി മാറിയിരിക്കുകയാണ് ഈ അമ്മ. അന്ന് കാല്‍വരികുരിശില്‍ മൂന്നാണികളിന്മേല്‍ പൊന്നോമനപുത്രന്‍ പിടഞ്ഞു മരിക്കുന്നത് നോക്കിനില്‌ക്കേണ്ടിവന്ന മറിയം.. മകന്റെ തിരുവുടല്‍ സ്വന്തം മടിയില്‍ കിടത്തിയ മറിയം..ആ മറിയത്തില്‍ നിന്ന് വളരെ ദൂരമൊന്നുമില്ല കരയാതെയും പഴി പറയാതെയും ദൈവഹിതത്തിന് സ്വയം സമര്‍പ്പിച്ച ഈ മറിയത്തിന്. പക്ഷേ നമ്മില്‍ എത്രപേര്‍ക്ക് ഇത് സാധിക്കും എന്നതു മാത്രമാണ് നമ്മുടെ മുമ്പിലുള്ള വെല്ലുവിളി.

കഴിഞ്ഞ ബുധനാഴ്ച വെളുപ്പിന് 12.30 സുഹൃത്തിനെ വിവാഹ വീട്ടില്‍ നിന്ന് മടങ്ങിയ ശേഷം, ചെങ്ങന്നൂരില്‍ – തിരുവല്ലാ ദിശയിലേക്കു ബൈക്കില്‍ വരുകയായിരുന്നു വിനു. എതിര്‍ ദിശയില്‍ വന്ന ടൂറിസ്റ്റ് ബസ്സുമായി കൂട്ടിയിടിക്കുകയായിരുന്നു. പോലീസെത്തി ആശുപത്രില്‍ എത്തിച്ചപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.

 കുറ്റൂരില്‍ വ്യാപാരിയാണ് പിതാവ് ജേക്കബ്‌ കുര്യന്‍. സഹോദരനും യാത്രയിലെ സന്തത സഹചാരിയുമായ ജോ ജേക്കബ്‌ ഏറ്റുമാനൂരില്‍ കണ്‍സ്ട്രക്ഷന്‍ കമ്പനി ജീവനക്കാരന്‍ ആണ്.ഇളയ സഹോദരന്‍ ക്രിസ് ജേക്കബ്‌ തിരുവല്ല മാര്‍ത്തോമ സ്കൂള്‍ നാലാം ക്ലാസ്സ്‌ വിദ്യാര്‍ത്ഥിയും.

You must be logged in to post a comment Login