ഈശോ ഒന്നാം പ്രാവശ്യം വീഴുന്നു…

ഈശോ ഒന്നാം പ്രാവശ്യം വീഴുന്നു…

കുരിശിന്‍റെ വഴി മൂന്നാം ദിവസം

മൂന്നാം സ്ഥലം

ഈശോ മിശിഹായേ ഞങ്ങൾ അങ്ങയെ കുമ്പിട്ടാരാധിക്കുന്നു;

എന്തുകൊണ്ടെന്നാൽ, വിശുദ്ധ കുരിശാൽ അങ്ങ്‌ ലോകത്തെ വീണ്ടും രക്ഷിച്ചു.

കുരിശും ചുമന്നുകൊണ്ടുള്ള യാത്രയിൽ ഇതാ ഈശോ തളർന്നു വീഴുന്നു. അവൻ വീഴുന്നത്‌ കാണുമ്പോൾ അന്ന്‌ കുറേയേറെപ്പേർ കാണികളായി ചുറ്റുപാടും നിന്നിരുന്നു എന്ന്‌ കൂടി ഞാൻ മനസിലാക്കുന്നു. ഇവിടെ വീണിരിക്കുന്നത്‌ ദൈവപുത്രനാണ്‌, ഒരു സാധാരണ മനുഷ്യനല്ല. എത്രയോ വട്ടം ഞാനും ചെറുതും വലുതുമായ എന്റെ ഇത്തരം യാത്രകളിൽ വീണിരിക്കുന്നു. വീഴുന്നതിന്റെ വേദനയേക്കാൾ എനിക്ക്‌ വലുത്‌ മറ്റാരെങ്കിലും കാണുന്നതാണ്‌. മറ്റുള്ളവർ കണ്ടിട്ടുള്ള എന്റെ ചില വീഴ്ചകൾ എന്നെ എത്രയോ അധികം ബലഹീനനാക്കിയിട്ടുണ്ട്‌ എന്ന്‌ എനിക്കറിയാം. ഇവിടെ ദൈവപുത്രന്റെ വീഴ്ചയെ അനേകർ കാണുമ്പോഴും, പരിഹസിക്കുമ്പോഴും, ബലഹീനനാകാതെ, പതറാതെ, തളരാതെ വീണ്ടും എഴുന്നേൽക്കുന്ന അവന്റെ ആത്മീയതയാണ്‌ ഞാനും കൊതിക്കുന്നത്‌. ഈശോയുടെ വീഴ്ചയ്ക്കും ഉയർച്ചയ്ക്കും വലിയ അർത്ഥങ്ങളുണ്ട്‌, എന്നാൽ മിക്കപ്പോഴും ഉള്ള എന്റെ വീഴ്ചകൾ അർത്ഥമില്ലാത്തവയാണ്‌, പക്ഷേ ഞാൻ വീണിടത്തുനിന്ന്‌ ഉയർന്നാൽ അത്‌ അർത്ഥവത്തായിതീരും എന്ന്‌ കുരിശിന്റെ വഴിയിലെ ഈ സ്ഥലം എന്നെ ഓർമ്മിപ്പിക്കുന്നു. ഈശോയെ എന്നെ അനുഗ്രഹിക്കണേ…!

1 സ്വർഗ1 നന്മ 1 ത്രിത്വസ്തുതി…

കർത്താവേ അനുഗ്രഹിക്കണമേ,

പരിശുദ്ധ ദൈവമാതാവേ,

ക്രൂശിതനായ ഈശോയുടെ തിരുമുറിവുകൾ എന്റെ ഹൃദയത്തിലും പതിച്ചുറപ്പിക്കണമേ…!

ഫാ. പോള്‍ കൊട്ടാരം കപ്പൂച്ചിന്‍

You must be logged in to post a comment Login