ഈശോ തന്റെ അമ്മയെ കാണുന്നു…!

ഈശോ തന്റെ അമ്മയെ കാണുന്നു…!

കുരിശിന്‍റെ വഴി നാലാം സ്ഥലം

ഈശോ മിശിഹായേ ഞങ്ങൾ അങ്ങയെ കുമ്പിട്ടാരാധിക്കുന്നു;

എന്തുകൊണ്ടെന്നാൽ, വിശുദ്ധ കുരിശാൽ അങ്ങ്‌ ലോകത്തെ വീണ്ടും രക്ഷിച്ചു.

പലപ്പോഴും ഞാൻ കടന്നുപോകുന്ന ഓരോ സഹനാനുഭവങ്ങൾക്കും എനിക്ക്‌ പറയാൻ കൃത്യമായ കാരണങ്ങളുണ്ടാകും, എന്റെ കുരിശുകൾക്ക്‌ പോലും. എങ്കിലും ഇത്തരം ജീവിത നിമിഷങ്ങൾ മറ്റാരും അറിയരുതേ എന്നത്‌ എന്റെ മുടങ്ങാതെയുള്ള പ്രാർത്ഥനയാണ്‌. ഇവിടെയിതാ ഈശോയുടെ കുരിശും വഹിച്ചുള്ള യാത്രകാണുന്ന പ്രിയപ്പെട്ട അമ്മ

. ഇത്തരം അനുഭവങ്ങൾ കാണുന്ന ആരും തകർന്നുപോകും എന്നത്‌ യാഥാർത്ഥ്യമാണ്‌. ഈശോയെന്ന ഈ കുഞ്ഞിന്റെ പിറവിയുടെ ആദ്യ നിമിഷങ്ങൾ തുടങ്ങി വളർച്ചയുടെ ഓരോ ഘട്ടങ്ങളും മറ്റാരേക്കാളും കൃത്യമായി അറിഞ്ഞത്‌ മറിയമെന്ന അമ്മയാണ്‌. ആ അമ്മയുടെ മുന്നിലൂടെയാണ്‌ ഈശോയെ കുറ്റവാളിയായി, ക്രൂശിക്കാനായി കൊണ്ടുപോകുന്നത്‌.

ദുഃഖം ഉള്ളിൽ ഉയരുന്നുണ്ടെങ്കിലും മറിയമെന്ന അമ്മ, മകനെ തടയാതെ, ദൈവത്തെ പഴി പറയാതെ, തന്റെ സാന്നിധ്യത്താൽ പ്രിയ മകന്‌ ശക്തിപകരുകയാണ്‌. ഈ അമ്മയ്ക്കറിയാം തന്റെ മകൻ ആരാണെന്നും, തന്റെ മകൻ എന്തിനാണ്‌ ഈ യാത്ര നടത്തുന്നതെന്നും. ഒരാൾക്ക്‌ തന്റെ പ്രിയപ്പെട്ടവരെക്കുറിച്ച്‌ ഉണ്ടാകേണ്ട ഏറ്റവും വലിയ അറിവ്‌ ഏത്‌ രീതിയിലാകണമെന്നതിന്‌ ഈ അമ്മ ഉദാഹരണമാണ്‌.

ഈശോയെ നിന്നേപ്പോലൊരു മകനാകാൻ, നിന്റെ അമ്മയെപ്പോലെ പ്രിയപ്പെട്ടവരെ മനസിലാക്കാൻ എന്നെയും അനുഗ്രഹിക്കണമേ…!

1 സ്വർഗ1 നന്മ 1 ത്രിത്വസ്തുതി…

കർത്താവേ അനുഗ്രഹിക്കണമേ,

പരിശുദ്ധ ദൈവമാതാവേ,

ക്രൂശിതനായ ഈശോയുടെ തിരുമുറിവുകൾ എന്റെ ഹൃദയത്തിലും പതിച്ചുറപ്പിക്കണമേ…!

ഫാ. പോള്‍ കൊട്ടാരം കപ്പൂച്ചിന്‍

You must be logged in to post a comment Login