ഈശോ രണ്ടാം പ്രാവശ്യം വീഴുന്നു…!

ഈശോ രണ്ടാം പ്രാവശ്യം വീഴുന്നു…!

കുരിശിന്‍റെ വഴി ഏഴാം സ്ഥലം

ഈശോ മിശിഹായേ ഞങ്ങൾ അങ്ങയെ കുമ്പിട്ടാരാധിക്കുന്നു;

എന്തുകൊണ്ടെന്നാൽ, വിശുദ്ധ കുരിശാൽ അങ്ങ്‌ ലോകത്തെ വീണ്ടും രക്ഷിച്ചു.

ഈശോയിതാ കുരിശിന്റെ വഴിയിൽ രണ്ടാമത്തെ പ്രാവശ്യം വീഴുകയാണ്‌. വിജയശ്രീലാളിതനായി ജറൂസലേമിലേക്ക്‌ പ്രവേശിച്ച ഈശോയെ അല്ല ഞാനിവിടെ കാണുന്നത്‌. പകരം ഏതൊരു സാധാരണ മനുഷ്യനെപ്പോലെയും പലവട്ടം വീഴുകയും എഴുന്നേൽക്കുകയും ചെയ്യുന്ന ദൈവപുത്രനെ. അവൻ ഇമ്മാനുവേൽ എന്ന്‌ വിളിക്കപ്പെടുമെന്ന ദൂതന്റെ വാക്കുകൾ വചനത്തിലുള്ളത്‌ ഞാനിപ്പോൾ ധ്യാനിക്കുന്നു. ഈ ദൈവപുതൻ ശരിക്കും ഇമ്മാനുവേലാണ്‌, എന്നോട്‌ കൂടെ എപ്പോഴുമുള്ളവനാണ്‌, എന്ന്‌ സംശയലേശമെന്യേ എനിക്ക്‌ ബോധ്യമാകുന്നു.

വീഴാതിരിക്കാനും തോൽക്കാതിരിക്കാനുമൊക്കെയാണ്‌ സമൂഹം എന്നും എന്നോട്‌ പറഞ്ഞു തന്നിട്ടുള്ളത്‌. വീഴുന്നതും തോൽക്കുന്നതുമൊക്കെ ഏറ്റവും മോശം കാര്യങ്ങളാണ്‌ എന്ന മുടങ്ങാതെയുള്ള ഓർമ്മപ്പെടുത്തലുകൾ ഞാൻ ഏറെ കേട്ടിട്ടുണ്ട്‌. അതിനാൽത്തന്നെ, തോൽക്കുമെന്നറിഞ്ഞാൽ, അല്ലെങ്കിൽ വീഴുമെന്ന്‌ തോന്നിയാൽ ഉള്ളം ഒത്തിരി നോവാറുണ്ട്‌. ഇപ്പോൾ ഈശോ എനിക്ക്‌ ഏറ്റവും വലിയ പ്രത്യാശയായി മാറുന്നു. രണ്ടാം പ്രാവശ്യവും കുരിശിന്റെ വഴിയിൽ വീണ ഈശോ എന്നെ കുറേക്കൂടി അടുത്തറിയുന്നവനാണെന്ന്‌ ഞാൻ മനസിലാക്കുന്നു.

ഈശോയെ എനിക്കിത്രയും മതി, എന്റെ വീഴ്ചയിൽനിന്ന്‌ ഒരിക്കൽകൂടി എഴുന്നേൽക്കാനുള്ള കരുത്ത്കിട്ടാൻ, എന്റേയും യാത്ര തുടരാൻ…!

1 സ്വർഗ1 നന്മ 1 ത്രിത്വസ്തുതി…

കർത്താവേ അനുഗ്രഹിക്കണമേ,

പരിശുദ്ധ ദൈവമാതാവേ,

ക്രൂശിതനായ ഈശോയുടെ തിരുമുറിവുകൾ എന്റെ ഹൃദയത്തിലും പതിച്ചുറപ്പിക്കണമേ…!

ഫാ. പോള്‍ കൊട്ടാരം കപ്പൂച്ചിന്‍

You must be logged in to post a comment Login