ഈശോയെ നഗ്നനാക്കുന്നു…!

ഈശോയെ നഗ്നനാക്കുന്നു…!

കുരിശിന്‍റെ വഴി പത്താം സ്ഥലം

ഈശോ മിശിഹായേ ഞങ്ങൾ അങ്ങയെ കുമ്പിട്ടാരാധിക്കുന്നു;

എന്തുകൊണ്ടെന്നാൽ, വിശുദ്ധ കുരിശാൽ അങ്ങ്‌ ലോകത്തെ വീണ്ടും രക്ഷിച്ചു.

ഈശോയെ കുരിശിൽ തറയ്ക്കുന്നതിന്‌ മുൻപ്‌ അവർ അവന്റെ വസ്ത്രങ്ങൾ ഉരിഞ്ഞെടുത്ത്‌ അവനെ നഗ്നനാക്കുകയാണ്‌. ഒരു സാധാരണ മനുഷ്യനെയല്ല അവർ നഗ്നനാക്കുന്നത്‌ മറിച്ച്‌ ദൈവപുത്രനെയാണ്‌ എന്നത്‌ എന്നിൽ ഭീതിയുണർത്തുന്നു.

സ്വന്ത ഇഷ്ടങ്ങൾക്കും താത്പര്യങ്ങൾക്കുമായി എന്തും ചെയ്യുവാൻ മടിയില്ലാത്ത ഒരു സമൂഹത്തെ ഞാനിവിടെ കാണുന്നു. എല്ലാക്കാലത്തും ഇത്തരം മനുഷ്യർ ലോകത്ത്‌ കുടികൊള്ളുന്നു എന്നത്‌ ഒരു യാഥാർത്ഥ്യം തന്നെയാണ്‌. ലോകത്തെ നയിക്കുന്നത്‌ മിക്കപ്പോഴും പാരമ്പര്യങ്ങളാണല്ലോ, ദൈവപുത്രനെ നഗ്നനാക്കിയവരുടെ പാരമ്പര്യം ഇന്നും ഈ ലോകത്തിൽ അഭംഗുരം തുടരുകയാണ്‌ എന്ന്‌ ചുറ്റുപാടുകൾ പറഞ്ഞുതരുന്നു.

ചിലർ സ്വയം നഗ്നരായി ജീവിതം ആഘോഷിക്കുന്നു എന്നാൽ മറ്റ്‌ ചിലരെ ഈശോയെപ്പോലെ ക്രൂരമായി നഗ്നരാക്കുന്നു. അതിൽ അവർ പഴയതുപോലെ പൊട്ടിച്ചിരിച്ച്‌ സന്തോഷിക്കുന്നു. ദേഹം ദൈവാലയമെന്ന്‌ തിരുവചനം എന്നെ പഠിപ്പിച്ചിട്ടുണ്ട്‌, ദേഹത്തിന്റെ വിശുദ്ധി ദേവാലയവിശുദ്ധിപോലെ എന്നും സംരക്ഷിക്കപെടേണ്ടത്‌ തന്നെയാണെന്നും ഞാൻ അറിയുന്നു. എന്റേയും മറ്റുള്ളവരുടേയും ഉടലിനെ ആദരിക്കുന്ന പുതിയ ഒരു സംസ്കാരത്തിലേക്ക്‌ ഈശോയെ എന്നെ നീ നയിക്കണേ…!

1 സ്വർഗ1 നന്മ 1 ത്രിത്വസ്തുതി…

കർത്താവേ അനുഗ്രഹിക്കണമേ,

പരിശുദ്ധ ദൈവമാതാവേ,

ക്രൂശിതനായ ഈശോയുടെ തിരുമുറിവുകൾ എന്റെ ഹൃദയത്തിലും പതിച്ചുറപ്പിക്കണമേ…!

ഫാ. പോള്‍ കൊട്ടാരം കപ്പൂച്ചിന്‍

You must be logged in to post a comment Login