കുരിശിന്‍റെ വഴിയെ- ഒന്നാം ദിവസം

കുരിശിന്‍റെ വഴിയെ- ഒന്നാം ദിവസം

നോന്പുകാലത്തിന്‍റെ വ്രതശുദ്ധിയുടെ ഇക്കാലത്ത് ഒഴിച്ചുകൂട്ടാനാവാത്ത പ്രാര്‍ത്ഥന തന്നെയാണ് കുരിശിന്‍റെ വഴി.  ഈ പ്രാര്‍ത്ഥനയുടെ വ്യത്യസ്തമായ ധ്യാനവഴികളിലൂടെയുള്ള യാത്രയ്ക്ക് ഇന്ന് തുടക്കമാകുന്നു. ഹൃദയവയല്‍ വായനക്കാര്‍ക്കായി ഈ ധ്യാനചിന്തകള്‍ പകര്‍ത്തുന്നത് പ്രശസ്ത എഴുത്തുകാരനും ധ്യാനപ്രഭാഷകനും ഇപ്പോള്‍ റോമില്‍ ദൈവശാസ്ത്രത്തില്‍ ഡോക്ടറേറ്റ് പഠനം നടത്തുന്നതുമായ കപ്പൂച്ചിന്‍ വൈദികന്‍ ഫാ. പോള്‍ കൊട്ടാരമാണ്.

പ്രാരംഭ പ്രാർത്ഥന

ഈശോയെ, ഒരുവേളകൂടി നിന്റെ കുരിശിന്റെ പിന്നാലെയുള്ള യാത്രയ്ക്കായി ഞാൻ കൊതിക്കുന്നു. ഓർമ്മവച്ച കാലം മുതൽ ആഗ്രഹിച്ചും അല്ലാതെയുമൊക്കെ ഞാൻ അനേകം കുരിശിന്റെ വഴി പ്രാർത്ഥനകൾ നടത്തിയിട്ടുണ്ട്‌. പലപ്പോഴും ഞാൻ നടത്തിയ കുരിശിന്റെ വഴിയിൽ വന്നുചേർന്ന ചെറിയ ചെറിയ ത്യാഗങ്ങളെപ്പോലും പഴിപറഞ്ഞ്‌ പോയിട്ടുണ്ട്‌ എന്ന്‌ ഞാൻ തിരിച്ചറിയുന്നു. എന്നാലെന്റെ ഈശോയേ, ഏറെ ആഗ്രഹത്തോടേയും പ്രാർത്ഥനയോടേയും തീക്ഷ്ണതയോടേയും കൂടെ ഇന്ന്‌ ഞാൻ ഈ യാത്രയ്ക്കായി നിന്നോടൊപ്പം ചേരുന്നു.

ഇതുവരെ നടന്ന രീതിയിൽ നിന്നൊന്ന്‌ മാറി നടക്കാൻ, ശരിയായ വിധത്തിൽ ഈ യാത്രയിൽ എന്റെ ജീവിതത്താൽ ഒന്നുചേരുവാൻ, നീ നടത്തിയ കുരിശിന്റെ വഴിയുടെ നോവും നിറവും എന്റേയും സ്വന്തമാക്കാൻ, ഇനിയുള്ള ജീവിതം ഒരൽപമെങ്കിലും നിന്റേതുപോലെയാക്കാൻ… ഞാനിന്ന്‌ പ്രാർത്ഥിക്കുന്നു. എന്നെ മനസിലാക്കുന്ന കാരുണ്യമേ, എന്റെ ബലഹീനതകളറിയുന്നവനെ, എന്റെ ജീവിത കുരിശും ചുമന്ന്‌ നിന്റെ കുരിശിന്റെ പിന്നാലെ വരുവാനും, മറ്റെല്ലാം മറന്ന്‌ നിന്നെ മാത്രം ധ്യാനിച്ച്‌ ഈ യാത്ര പൂർത്തിയാക്കാനും കൃപതന്നരുളേണമേ… അനുഗ്രഹിക്കേണമേ…

***********************************************

 

ഒന്നാം സ്ഥലം

ഈശോ മരണത്തിന്വിധിക്കപ്പെടുന്നു.

ഈശോ മിശിഹായേ ഞങ്ങൾ അങ്ങയെ കുമ്പിട്ടാരാധിക്കുന്നു;

എന്തുകൊണ്ടെന്നാൽ, വിശുദ്ധ കുരിശാൽ അങ്ങ്‌ ലോകത്തെ വീണ്ടും രക്ഷിച്ചു.

കുരിശിന്റെ വഴിയുടെ ഒന്നാം സ്ഥലത്ത്‌ ഇതാ ഞാൻ എത്തിചേർന്നിരിക്കുന്നു. എന്റെ മനസിൽ ഒരിക്കലും ഉയർന്നിട്ടില്ലാത്തവിധം വിവിധങ്ങളായ ചിന്തകൾ രൂപപ്പെട്ടുവരുന്നു. ലോകത്ത്‌ എവിടെയെങ്കിലും കൊടും കുറ്റവാളിയെന്ന്‌ മുദ്രകുത്തപ്പെട്ട ഒരാളിനുപോലും വധശിക്ഷ നൽകുന്നു എന്നറിയുമ്പോൾ എന്റെ മനം നൊന്തിട്ടുണ്ട്‌. എങ്കിലും എന്റെ കർത്താവേ, മാനവരക്ഷയ്ക്കായി വന്ന നിന്നെ, പീലാത്തോസ്‌ കുരിശുമരണത്തിനായി വിധിക്കുന്നു എന്നത്‌ പലവുരു വായിച്ചിട്ടുണ്ടെങ്കിലും കേട്ടിട്ടുണ്ടെങ്കിലും ഒരിക്കലും എനിക്ക്‌ പറയത്തക്ക വിഷമമൊന്നും തോന്നിയിട്ടില്ല എന്നത്‌ ഞാൻ തുറന്ന്‌ സമ്മതിക്കുന്നു. എന്നാൽ ഈ വേളയിൽ മറ്റൊരിക്കലുമില്ലാത്തവിധം ഞാൻ അസ്വസ്ഥനാണ്‌. ദൈവത്തെ മരണത്തിന്‌ വിധിക്കുന്ന ഞാനുൾപ്പെടെയുള്ള മനുഷ്യകുലത്തിന്റെ വികലചിന്തകളെയോർത്ത്‌, അറിവില്ലായ്മയെ ഓർത്ത്‌, ഞാൻ ആകുലപ്പെടുന്നു. ഒരു തെറ്റും ചെയ്യാത്ത ദൈവപുത്രന്‌ കുരിശുമരണവും, പാപവഴികളിലൂടെ ചരിക്കുന്ന എനിക്ക്‌ സുഖജീവിതവും എന്നത്‌ എത്രയോ വലിയ വിരോധാഭാസമാണ്‌? ഈശോയെ, സത്യമായും നീ ആരാണെന്നറിയുവാനും, ആ അറിവിലേയ്ക്ക്‌ ഒരല്പമെങ്കിലും ചേർന്ന്‌ നിൽക്കുവാനും സാധിച്ചാൽ എന്റെ ജീവിതം ധന്യമാകും എന്ന്‌ ഞാൻ അറിയുന്നു. ഈ വലിയ കൃപയ്ക്കായി താഴ്മയോടെ പ്രാർത്ഥിക്കുന്നു… അനുഗ്രഹിക്കണേ നല്ല തമ്പുരാനേ…!

1 സ്വർഗ1 നന്മ 1 ത്രിത്വസ്തുതി…

കർത്താവേ അനുഗ്രഹിക്കണമേ,

പരിശുദ്ധ ദൈവമാതാവേ,

ക്രൂശിതനായ ഈശോയുടെ തിരുമുറിവുകൾ എന്റെ ഹൃദയത്തിലും പതിച്ചുറപ്പിക്കണമേ…!

 

You must be logged in to post a comment Login