സഭയിലും സഭാസമ്മേളനത്തിലും സ്ത്രീകള്‍ മൗനമായിരിക്കണമെന്ന് പൗലോസ് ശ്ലീഹാ പറഞ്ഞിട്ടുണ്ടോ?

സഭയിലും സഭാസമ്മേളനത്തിലും സ്ത്രീകള്‍ മൗനമായിരിക്കണമെന്ന് പൗലോസ് ശ്ലീഹാ പറഞ്ഞിട്ടുണ്ടോ?

വിശുദ്ധരുടെ എല്ലാ സഭകളിലും പതിവുള്ളതുപോലെ സമ്മേളനങ്ങളില്‍ സ്ത്രീകള്‍ മൗനമായിരിക്കണം. സംസാരിക്കാന്‍ അവര്‍ക്ക് അനുവാദമില്ല. നിയമം അനുശാസിക്കുന്നതുപോലെ അവര്‍ വിധേയത്വമുള്ളവരായിരിക്കട്ടെ. അവര്‍ എന്തെങ്കിലും പഠിക്കാന്‍ ആഗ്രഹിക്കുന്നെങ്കില്‍ വീട്ടില്‍വച്ച് ഭര്‍ത്താക്കന്മാരോട് ചോദിച്ചുകൊള്ളട്ടെ. സഭയില്‍ സംസാരിക്കുന്നത് സ്ത്രീകള്‍ക്ക് ഉചിതമല്ല.                                       ( 1 കൊറീ 14;34-35)

ഇങ്ങനെയാണല്ലോ നാം വിശുദ്ധ ഗ്രന്ഥത്തില്‍ വിശുദ്ധ പൗലോസ് അപ്പസ്‌തോലന്റെ പ്രബോധനമായി വായിക്കപ്പെട്ടുപോരുന്നത്. എന്നാല്‍ പൗലോസ് അങ്ങനെ എഴുതിയിട്ടില്ലെന്നും ഇത് പിന്നീട് കൂട്ടിചേര്‍ക്കപ്പെട്ടതാണെന്നുമാണ് കേംബ്രിഡ്ജ് യൂണിവേഴ്‌സിറ്റി പ്രസ് പ്രസിദ്ധീകരിച്ച ലേഖനത്തില്‍ ഫിലിപ്പ് ബാര്‍ട്ടോണ്‍ പൈനെ എന്ന യുഎസ് പണ്ഡിതന്‍ അവകാശപ്പെടുന്നത്. പൗലോസ് ശ്ലീഹ ഇപ്രകാരം പറഞ്ഞിട്ടുണ്ട് എന്നതിന്റെ അടിസ്ഥാനത്തിലാണ് വനിതകളുടെ പൗരോഹിത്യത്തെ സഭ എതിര്‍ക്കുന്നതും.

പുരാതനമായ ഗ്രീക്ക് ബൈബിള്‍ അടിസ്ഥാനമാക്കിയാണ് ഇദ്ദേഹം ഇക്കാര്യം സമര്‍ത്ഥിക്കുന്നത്. ഇതില്‍ ഈ ഭാഗത്ത് രണ്ട് കുത്തും ഒരു ഡാഷുമാണ് ഉള്ളത്. പൗലോസ് അപ്പസ്തലോന്‍ തന്നെ 1 കൊറീ 11:5 ല്‍ പറയുന്ന വചനത്തെയും അദ്ദേഹം കൂട്ടുപിടിക്കുന്നു.

ശിരസു മൂടാതെ പ്രാര്‍ത്ഥിക്കുകയോ പ്രവചിക്കുകയോ ചെയ്യുന്ന ഏതൊരു സ്ത്രീയും തന്റെ ശിരസിനെ അവമാനിക്കുന്നു എന്നതാണ് ഈ വചനം. ഇത് സ്ത്രീകള്‍ വചനം പ്രഘോഷിക്കുകയും സഭയില്‍ സംസാരിക്കുകയും ചെയ്യേണ്ടവരാണ് എന്നതിന്റെ സൂചനയായും പണ്ഡിതന്‍ സമര്‍ത്ഥിക്കുന്നു. ഇതിന്‍റെ അടിസ്ഥാനത്തില്‍ സ്ത്രീകള്‍ക്ക് സഭയില്‍ ഉന്നതമായ പദവികള്‍ നല്കേണ്ടതുണ്ട് എന്നും അവര്‍ ക്രിയാത്മകമായി പ്രവര്‍ത്തിക്കണമെന്നുമാണ് ഫിലിപ്പ് ബാര്‍ട്ടോണ്‍ പറയുന്നത്.

ഇദ്ദേഹത്തിന്റെ അഭിപ്രായം ശരിയോ തെറ്റോ? പക്ഷേ ഒരു കാര്യമുണ്ട്. ബൈബിളില്‍ കാലാകാലങ്ങളായി കൂട്ടിച്ചേര്‍ക്കലുകള്‍ നടന്നിട്ടുണ്ടെന്ന കാര്യവും ഓരോന്നിനെയും വ്യത്യസ്തമായി വ്യാഖ്യാനിക്കാന്‍ നമുക്ക് സാധ്യതയുണ്ടെന്ന കാര്യവും മറക്കരുത്.

You must be logged in to post a comment Login