ക്ഷമയുടെ പുസ്തകത്തില്‍ നിന്നുള്ള വായന

ക്ഷമയുടെ പുസ്തകത്തില്‍ നിന്നുള്ള വായന

ക്ഷമ കാലഹരണപ്പെട്ട ഒരു വാക്കൊന്നുമല്ല. പ്രയോഗത്തില്‍ വരുത്താന്‍ ഏറെ ബുദ്ധിമുട്ടുകള്‍ വേണമെന്നേയുള്ളൂ. ക്ഷമയില്‍നിന്നാണ് കാരുണ്യത്തിന്റെ കടലൊഴുക്കുകള്‍ ഉദ്ഭവിക്കുന്നതുതന്നെ. പരസ്പരം ക്ഷമിക്കാന്‍ കഴിയുന്നില്ലെങ്കില്‍ അതു വ്യക്തിബന്ധങ്ങളെ ദുഷിപ്പിക്കും. ശാരീരികവും മാനസികവുമായ അനാരോഗ്യകരമായ ജീവിതാവസ്ഥയിലേക്ക് അതു മനുഷ്യനെ കൊണ്ടുചെന്നെത്തിക്കുകയും ചെയ്യും.

ഒന്നോര്‍ത്താല്‍ ക്ഷമയാണ് മനുഷ്യജീവിതത്തിന്റെ കാതല്‍. ആരൊക്കെയോ നമ്മളോട് എപ്പോഴൊക്കെയോ ക്ഷമിച്ചതുകൊണ്ടോ ക്ഷമിക്കുന്നതുകൊണ്ടോ ആണ് നമ്മുടെയൊക്കെ ജീവിതങ്ങള്‍ വലിയ പരിക്കില്ലാതെ നിലനിന്നുപോരുന്നത്. പ്രാര്‍ത്ഥനയില്‍ ചോദിക്കുന്നതുപോലെ ”ദൈവം പാപങ്ങളെല്ലാം ഓര്‍ത്തിരുന്നാല്‍ മണ്ണില്‍ ആര്‍ക്കുള്ളൂ രക്ഷ?” അങ്ങനെ വരുമ്പോള്‍ ക്ഷമയും ഓര്‍മയും തമ്മില്‍ ബന്ധമുണ്ട്.

ക്ഷമിക്കാന്‍ കഴിയുന്നില്ലെങ്കില്‍ അതു മറക്കാന്‍ കഴിഞ്ഞിട്ടില്ലെന്നാണര്‍ത്ഥം. ക്ഷമിക്കാന്‍ ആദ്യം മറക്കാന്‍ കഴിയണം. മറന്നാലേ ക്ഷമിച്ചൂ എന്നു പറയാന്‍ കഴിയൂ. ക്ഷമിച്ചുവെന്ന് പറയുമ്പോള്‍ മുറിവ് ഉണങ്ങിയെന്നാണര്‍ത്ഥം. മുറിവ് ഉണങ്ങുന്നതിന് പിന്നിലും ചിലതൊക്കെ പ്രധാന ഘടകമാണ്. മുറിവിന്റെ ആഴം… അതുണ്ടാക്കിയ വ്യക്തി… അതേറ്റു വാങ്ങിയ വ്യക്തിയുടെ മാനസികപ്രത്യേകതകള്‍… അതുകൊണ്ടാണ് നിനക്ക് എന്നോടു ക്ഷമിക്കാന്‍ എത്ര വര്‍ഷം വേണമെന്ന് ചോദിക്കേണ്ടിവരുന്നത്.

എത്ര വലിയ മുറിവും കാലത്തിന്റെ ചുവരെഴുത്തുകളില്‍ ചിലപ്പോള്‍ ഉണങ്ങാറുണ്ട്, ഒരു വടുപോലും അവശേഷിപ്പിക്കാതെ. അത്തരമൊരു മുറിവുണങ്ങിയപ്പോള്‍ അതു സൗന്ദര്യപരമായ ഒരു ക്ഷമ നല്കലായി മാറി… ആ റിപ്പോര്‍ട്ടാണ് മാധ്യമം ദിനപ്പത്രം (കുടുംബ മാധ്യമം) 2006 മാര്‍ച്ച് 3 ന് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ‘കനിവിന്റെ കൈയൊപ്പുകള്‍.’

രണ്ടു വ്യക്തികള്‍ തമ്മിലോ രണ്ട് കുടുംബങ്ങള്‍ തമ്മിലോ അല്ല, രണ്ട് രാജ്യങ്ങള്‍ തമ്മിലാണ് മാപ്പുകൊടുക്കലിന്റെ പുതിയ അധ്യായം രചിച്ചിരിക്കുന്നത് എന്നും വേണമെങ്കില്‍ പറയാം. അങ്ങനെ വരുമ്പോള്‍ ഇതു രാജ്യാതിര്‍ത്തികളെ തോല്പിക്കുന്ന ക്ഷമയുടെ പുസ്തകത്തില്‍ നിന്നുള്ള വായനയാകുന്നു.

25 വര്‍ഷങ്ങള്‍ക്കു മുമ്പാണ് സംഭവം നടക്കുന്നത്. പെരിന്തല്‍മണ്ണ, പൂവത്താണി, മുര്‍റത്ത്, യു. എ. ഇ. യിലേക്ക് വിമാനം കയറിയത് അവിടെ യുള്ള തന്റെ സഹോദരന്‍ കുഞ്ഞയമുവിനെ ബിസിനസ് കാര്യങ്ങളില്‍ സഹായിക്കുന്നതിന് വേണ്ടിയായിരുന്നു. അവിടെ ഹോട്ടല്‍ ബിസിനസ് തുടങ്ങിയ മുര്‍റത്ത് രാത്രിയില്‍ തന്റെ കടയില്‍ മോഷ്ടിക്കാനെത്തിയവനെ പിടികൂടുന്നതിനുള്ള ശ്രമത്തിനിടയില്‍ മോഷ്ടാവിന്റെ കുത്തേറ്റ് മരിക്കുക യായിരുന്നു. 1980 ജൂലൈ 30 ന് ആയിരുന്നു ആ സംഭവം.

അറബ് പോലീസ് കുറ്റവാളികളെ പിടികൂടി. പാക്കിസ്ഥാനികളായ അക്താര്‍ ഹുസെനും മരുമകന്‍ മുശ്താഖ് സര്‍ദാര്‍ഖാനും. ശരീ അത്ത് കോടതി ശിക്ഷ വിധിച്ചു. മുശ്താഖിന് പ്രായക്കുറവ് മൂലം കൈ വെട്ടി നാടുകടത്തലും അക്താറ് ഹുസെന് വധശിക്ഷയും.

വധശിക്ഷ ഇളവ് ചെയ്യാന്‍ ഭരണകൂടങ്ങളും രാജ്യങ്ങളും വഴിയുമൊക്കെ സമ്മര്‍ദ്ദം ഉണ്ടായെങ്കിലും മുര്‍റത്തിന്റെ കുടുംബം അതിനൊന്നും തയാറായില്ല. ഉപ്പ് തിന്നുന്നവന്‍ വെള്ളം കുടിക്കണം എന്നു തന്നെ ആ കുടുംബം ഉറച്ചുനിന്നു. പിന്നീട് കുറ്റവാളിക്കെന്തു സംഭവിച്ചു എന്ന് ആരും ചിന്തിച്ചില്ല.

വര്‍ഷം 25 കഴിഞ്ഞുപോയി. ജീവിതം തന്നെ പല രൂപഭാവങ്ങളു
മണിഞ്ഞു. പിന്നെ അടുത്തയിടെ അല്‍ ഐനില്‍ നിന്നെത്തിയ സ്വനാട്ടുകാരിലൊരാള്‍ മുര്‍റത്തിന്റെ സഹോദരനോട് താന്‍ അവിടെത്തെ ജയിലില്‍ വച്ച് കണ്ട 60 കാരനായ ഒരു പാക്കിസ്ഥാനിയെക്കുറിച്ചു പറഞ്ഞു. ഇനി ലേഖകനെ ഉദ്ധരിക്കട്ടെ: ”വധശിക്ഷ കാത്ത് 25 കൊല്ലമായി മരിച്ചുജീവിക്കുന്ന ഒരാള്‍. തന്റെ വധശിക്ഷ നടപ്പാക്കുന്നത് എന്നാണെന്ന ചോദ്യം ഇടക്കിടെ ആവര്‍ത്തിക്കുന്ന, മറുപടി കിട്ടാതാവുമ്പോള്‍ നിരാശനാവുന്ന ആ നരച്ച് ശോഷിച്ച മനുഷ്യനെപ്പറ്റി പറഞ്ഞ ശേഷം ആ ഗള്‍ഫുകാരന്‍ ഖാലിദിനോട് വെറുതെ ഒരു സംശയം ചോദിച്ചു. അയാള്‍ നമ്മുടെ മുര്‍റത്തിനെ കൊന്നയാളാവുമോ ?”

(തദൃശ്യമായ ഒരു സംഭവം ഓര്‍ത്തുപോവുന്നു, ദസ്തയോവ്‌സ്‌ക്കിയുടെ നോവലിലേതാണ്. നാളെ വധിക്കപ്പെടുമെന്ന് അറിയിപ്പ് കിട്ടിയതിനെ തുടര്‍ന്ന് ഒരൊറ്റ രാത്രി കൊണ്ട് മുടി മുഴുവന്‍ നരച്ചുപോയ ഒരുവന്‍. മനസിന്റെ സമനില നഷ്ടപ്പെട്ട വേറൊരുവന്‍… ഒരുപക്ഷേ നീ
മരണത്തിനു വിധിക്കപ്പെട്ടിരിക്കുന്നു, ഇന്ന ദിവസം, ഇന്ന സമയത്ത് മരിക്കും എന്ന് അറിയുന്നതായിരിക്കും ഒരുവന്റെ ജീവിതത്തിലെ ഏറ്റവും വലിയ ദുരന്തം. അതിനെ കൂസലില്ലാതെ നേരിടാന്‍ ആര്‍ക്കും കഴിയില്ല).

പിന്നീടുള്ള അന്വേഷണങ്ങളില്‍നിന്ന് അക്കാര്യം വെളിവായി.  അക്താര്‍ ഹുസെന്‍ ഇപ്പോഴും ജയിലിലാണ്, വധശിക്ഷ കാത്ത്. ഇനിയെങ്കിലും മുര്‍റത്തിന്റെ കുടുംബം മാപ്പു നല്കിയാല്‍ അയാള്‍ വധശിക്ഷയില്‍ നിന്നു രക്ഷപ്പെടും എന്ന അറിവ് ഒരു പുനര്‍വിചിന്തനത്തിന് മുര്‍റത്തിന്റെ കുടുംബത്തെ പ്രേരിപ്പിച്ചു.

കൊല്ലപ്പെട്ടവന്റെ ബന്ധുക്കള്‍ മാപ്പു നല്കിയാല്‍ കൊലയാളിയുടെ ജീവന്‍ രക്ഷപ്പെടും എന്ന അറബ് നിയമത്തിന്റെ ഉദാരത… കൂടപ്പിറപ്പുകള്‍ ഒത്തുകൂടി. അവരുടെ ഹൃദയകാഠിന്യം അലിഞ്ഞു. ഒരു ജീവന് പകരം മറുജീവനെടുക്കുന്ന കാഠിന്യത്തിന് പകരം ഒരൊപ്പിട്ടാല്‍ ഒരു ജീവന്‍ രക്ഷിച്ചെടുക്കാം എന്ന അനുഭവപാഠം അവര്‍ക്കു പുതിയൊരു പ്രചോദനമായി. അതുപ്രകാരം അവര്‍ അക്താര്‍ ഹുസെന്റെ ജീവന്‍ രക്ഷിക്കാനായി സാക്ഷ്യപത്രത്തില്‍ ഒപ്പുവച്ചു.
ഈ മാപ്പുകൊടുക്കലും ഈ ശിക്ഷാവിധിയും ഒക്കെ ഒരുപാട് ചോദ്യങ്ങളും ഒരുപാട് ചിന്തകളും നമുക്കു മുന്നിലുണര്‍ത്തുന്നുണ്ട്.

നിയമ ങ്ങളുടെയും ശിക്ഷാവിധികളുടെയും നിരര്‍ത്ഥകത… മരണത്തിന് വിധിക്ക പ്പെട്ട്, മരണം ഇന്നു വരും, നാളെയെത്തും എന്നു കരുതി മനസിന്റെ സമനിലതന്നെ നഷ്ടമായ ഒരുവന്റെ ദയനീയത… മര്‍ത്യജീവിതം എത്രമാത്രം നിസ്സഹായമാണെന്ന സത്യം… മറ്റുള്ളവനെ വേദനിപ്പിച്ചോ കൊന്നൊടുക്കിയോ നമ്മള്‍ ചിലതൊക്കെ നേടിയെടുത്താലും അതൊന്നും നിത്യമായ സന്തോഷമോ സമ്പാദ്യമോ ആകുന്നില്ലെന്ന തിരിച്ചറിവ്. അങ്ങനെ പലതും.

തെറ്റു ചെയ്താലും അതിന്റെ പേരില്‍ ഹുസെന്‍ അനുഭവിക്കുന്ന മാനസികസമ്മര്‍ദ്ദം ഭയാനകമാണ്. ശിക്ഷിച്ചവര്‍ക്കോ ശിക്ഷ കിട്ടിയവര്‍ക്കോ ഗുണം ചെയ്യാതെപോയ ഒരു ശിക്ഷാജീവിതം. അയാള്‍ക്കെങ്ങനെ ഉറങ്ങാന്‍ കഴിയും? സമാധാനത്തോടെ ഭക്ഷണം കഴിക്കാന്‍ ആവും?  ഇനി ജീവിതത്തിലേക്ക് അയാള്‍ മടങ്ങിവരുമ്പോഴോ? അയാളുടെ മാനസികാവസ്ഥ എന്താവും?

ക്ഷമിക്കുമ്പോള്‍ കിട്ടുന്ന സന്തോഷം ദ്രോഹിക്കുമ്പോഴോ ശിക്ഷി ക്കുമ്പോഴോ കിട്ടുന്നില്ലെന്നതാണ് സത്യം. അതാണ് മുര്‍റത്തിന്റെ കുടുംബം വളരെ വൈകി തിരിച്ചറിഞ്ഞിരിക്കുന്നത്. എത്ര വലിയ മനഃ ശാസ്ത്രമാണ് ബൈബിള്‍ പറഞ്ഞിരിക്കുന്നത്: ”ശത്രുവിന് ഭക്ഷിക്കാന്‍ കൊടുക്കുമ്പോള്‍ അവന്റെ തലയില്‍ നീ തീ കൂട്ടുകയാണ് ചെയ്യുന്നതെന്ന്.”

നമ്മെ ദ്രോഹിച്ചവരോട് നമുക്കു ക്ഷമിക്കാന്‍ കഴിയുമ്പോള്‍ പിന്നെ യൊരിക്കലും അവര്‍ക്കു നമ്മെ സ്‌നേഹിക്കാതിരിക്കാനാവില്ല. അനുസരണയുള്ള ഒരു വീട്ടുമൃഗം കണക്കെ അവരെന്നും നമ്മുടെ കാല്ചുവട്ടില്‍തന്നെ. പക്ഷേ എല്ലാവര്‍ക്കും അങ്ങനെ ക്ഷമിക്കാന്‍ കഴി
യാറില്ല.

ക്ഷമിക്കാനുള്ളവരുടെ മുഖങ്ങള്‍ മനസ്സിലൂടെ ഇപ്പോള്‍ കടന്നു
പോവണം. ഒരുപക്ഷേ അവരൊന്നും അത്ര വലിയ ദ്രോഹം ചെയ്ത
വരൊന്നുമായിരിക്കില്ല. എന്നിട്ടും… ക്ഷമിക്കാന്‍ കഴിയുന്നില്ല അല്ലേ.

ദൈവമേ, എല്ലാവരോടും ക്ഷമിക്കുവാന്‍ എത്ര കാലം എനിക്കു വേണ്ടിവരുമെന്ന് എനിക്കല്ല, നിനക്കേ അറിഞ്ഞുകൂടൂ. ക്ഷമിക്കാന്‍ പോലും നിന്റെ കൃപ വേണമെന്നും ഞാനറിയുന്നു…

വിനായക് നിര്‍മ്മല്‍

You must be logged in to post a comment Login