Y 12 മിഷന്‍ 2033 : പ്രകാശമുള്ള ഭാവിക്കായി ഒരു ക്രിസ്റ്റീന്‍ സ്വപ്നം

Y 12 മിഷന്‍ 2033 : പ്രകാശമുള്ള ഭാവിക്കായി ഒരു ക്രിസ്റ്റീന്‍ സ്വപ്നം

2033 മഹാജൂബിലി യേശുക്രിസ്തുവിന്റെ മരണഉത്ഥാനങ്ങളുടെ രണ്ടായിരാമാണ്ടാഘോഷമാണ്. പതിറ്റാണ്ടുകളായി കേരളത്തിലെ കുഞ്ഞുതലമുറകളെ നന്മയിലേക്കും യേശുവിലേക്കും നയിച്ചു കൊണ്ടിരിക്കുന്ന ക്രിസ്റ്റീന്‍ ശുശ്രൂഷ ലോകത്തിന്റെയും തിരുസഭയുടെയും നന്മയ്ക്കായി ഒരു സ്വപ്നം കാണുന്നു. യേശുവിന്റെ മനസ്സുള്ള ഒരു യുവതലമുറയെ വാര്‍ത്തെടുക്കുകയാണ് ക്രിസ്റ്റീന്‍ കാണുന്ന സ്വപ്നം. ക്രിസ്തുജയന്തി മഹാജൂബിലി 2000 എഡിയില്‍ ജനിച്ച 2033 പേരുടെ സംഗമവും 2033 ല്‍ നടക്കും. വൈ 12 മിഷന്‍ 2033 എന്നു പേരിട്ടിരിക്കുന്ന ഈ വലിയ ദൗത്യം തിന്മയിലേക്ക് വഴുതി വീഴുന്ന, ലോകത്തിന്റെ പ്രലോഭനങ്ങള്‍ക്കു മധ്യേ ജീവിക്കുന്ന യുവതലമുറയെ ക്രിസ്തുവിനായി കാത്തുസൂക്ഷിക്കുക എന്ന തേജോമയമായ സ്വപ്നത്തില്‍ നിന്നും രൂപം കൊണ്ടതാണ്.

മെയ് 17ന് കേരള കത്തോലിക്കാ സഭയുടെ ആസ്ഥാനമായ പിഒസിയില്‍ വച്ചു നടന്ന സിമ്പോസിയം ഭാവിതലമുറയ്ക്കു വേണ്ടി പ്രകാശമുള്ള സ്വപ്നങ്ങള്‍ കാണുന്ന പത്രപ്രവര്‍ത്തകരുടെയും എഴുത്തുകാരുടെയും സംഗമം കൂടിയായിരുന്നു. കുട്ടികളുടെ ആത്മീയവും ധാര്‍മികവുമായ വളര്‍ച്ചയില്‍ മാധ്യമങ്ങളുടെ പങ്ക് എന്ന വിഷയം ഹൃദയപൂര്‍വം ചര്‍ച്ച ചെയ്യുന്ന വേദിയായി മാറി, സിമ്പോസിയം.

എറണാകുളം – അങ്കമാലി അതിരൂപത സഹായമെത്രാന്‍ മാര്‍ ജോസ് പുത്തന്‍വീട്ടില്‍ ഉദ്ഘാടനം ചെയ്തു. മാധ്യമങ്ങള്‍, പ്രത്യേകിച്ച് നവമാധ്യമങ്ങള്‍, യുവതലമുറയുടെ ജീവിതത്തില്‍ ചെലുത്തുന്ന അനിഷേധ്യമായ പങ്കിനെ കുറിച്ച് ഓര്‍മപ്പെടുത്തിയ മാര്‍ പുത്തന്‍വീട്ടില്‍, അവയെ മനുഷ്യനന്മയ്ക്കായി ഉപയോഗിക്കാനുള്ള എല്ലാ സാധ്യതകളെയും കുറിച്ച് നാം ചിന്തിക്കണമെന്നും ഉദ്‌ബോധിപ്പിച്ചു. മതവികാരം വ്രണപ്പെടുത്തുന്ന ഒരു വാക്കും ക്രിസ്തീയ മാധ്യപ്രവര്‍ത്തകരുടെ ഭാഗത്തു നിന്നുണ്ടാകരുതെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു.

കുട്ടികളോട് സംവദിക്കുമ്പോള്‍ അവരുടെ ഭാഷയില്‍ സംവദിക്കണമെന്ന് മുഖ്യപ്രഭാഷണം നടത്തിയ ഡോ. ജിമ്മി പൂച്ചക്കാട്ട് ഓര്‍മിപ്പിച്ചു. പുതിയ തലമുറയിലെ കുട്ടികള്‍ക്ക് പഴയ തലമുറയിലുള്ളവര്‍ പറയുന്ന കാര്യങ്ങള്‍ അതേപടി മനസ്സലാകണമെന്നില്ല. അതിനാല്‍ അവരുടെ തലത്തിലേക്കിറങ്ങിച്ചെന്ന് സംസാരിച്ചാല്‍ സുവിശേഷം കാര്യക്ഷമമായി പകര്‍ന്നു കൊടുക്കാന്‍ കഴിയുമെന്ന് ഫാ. ജിമ്മി പറഞ്ഞു.

devprsdപ്രാര്‍ത്ഥനയില്‍ നിന്നും പ്രചോദനം സ്വീകരിച്ച് എഴുതുന്ന ഒരു പുതിയ മാധ്യമസംസ്‌കാരം ഇവിടെ രൂപപ്പെടണമെന്ന് ആശംസ പ്രഭാഷണം നടത്തിയ ടി. ദേവപ്രസാദ് പറഞ്ഞു. സുവിശേഷം അറിയിക്കാനുള്ള ദാഹമായിരിക്കണം എഴുത്തിന്റെ പ്രചോദനം. . യഥാര്‍ത്ഥ ക്രിസ്തുവിശ്വാസിക്ക് ഒരിക്കലും വര്‍ഗീയവാദിയാകാന്‍ ആവില്ലെന്നും അയാള്‍ ലോകത്തെ മുഴുവന്‍ സഹോദരങ്ങളായി കാണുന്നവനായിരിക്കുമെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു. വെല്ലുവിളികള്‍ നിറഞ്ഞ കാലത്തില്‍ ഞാന്‍ നിങ്ങളോടു കൂടി ലോകാവസാനം വരെ ഉണ്ടായിരിക്കും എന്നുറപ്പു നല്‍കിയ ക്രിസ്തുവിന്റെ ചൈതന്യം എഴുത്തുകാര്‍ക്ക് സത്യം പ്രഘോഷിക്കാന്‍ ധൈര്യം നല്‍കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 2033 ല്‍ മഹത്തായ ജൂബിലി ആഘോഷിക്കുമ്പോള്‍ കത്തോലിക്കാ സഭയ്ക്ക് അഭിമാനമായിത്തീരാനുള്ള ഒരു ജനതയെ രൂപപ്പെടുത്തുകയാണ് വൈ 12 മിഷന്റെ ലക്ഷ്യമെന്ന് ക്രിസ്റ്റീന്‍ സ്ഥാപക മേരിക്കുട്ടി അറിയിച്ചു. ഇപ്പോള്‍ മുതല്‍ കുട്ടികളെ പരിശീലിപ്പിച്ചെടുത്തെങ്കില്‍ മാത്രമേ ഈ സ്വപ്നം സാധ്യമാകൂ. നമ്മുടെ മക്കള്‍ സുവിശേഷ ചൈതന്യം ഇന്നു സ്വീകരിച്ചെങ്കില്‍ മാത്രമേ നാളത്തെ സഭയുടെ വക്താക്കളാകാനാകൂ. അനേകര്‍ക്ക് ക്രിസ്തുവിന്റെ വെളിച്ചം പകരേണ്ട അവര്‍ ഇന്നിന്റെ സുവിശേഷകരാകണമെന്നും മേരിക്കുട്ടി പറഞ്ഞു. പിഒസി ഡയറക്ടര്‍ ഡോ. വര്‍ഗീസ് വളളിക്കാട്ട്, മോണ്‍. ജോസ് നവാസ്, സി. തേരേസ് മേരി, ബോണി ചെല്ലാനം, സന്തോഷ് ടി. എന്നിവരും വേദിയില്‍ സംസാരിച്ചു.

sirach award - abhiക്രിസ്തീയ മാധ്യമ രംഗത്ത് വ്യക്തി മുദ്ര പതിപ്പിച്ച ആറ് കത്തോലിക്കാ എഴുത്തുകാര്‍ക്ക് ക്രിസ്റ്റീന്‍ ‘സിറാക്ക്’ അവാര്‍ഡ് നല്‍കി ആദരിച്ചു. ദീപികയുടെ മുന്‍ എക്‌സിക്യുട്ടീവ് എഡിറ്റര്‍ ടി. ദേവപ്രസാദ്, സിഎന്‍എംഎന്‍-ഹൃദയവയല്‍ മാധ്യമശുശ്രൂഷകളുടെ എഡിറ്റര്‍ അഭിലാഷ് ഫ്രേസര്‍, കെയ്‌റോസ് എഡിറ്റര്‍ സണ്ണി കോക്കപ്പിള്ളില്‍, സണ്‍ഡേ ശാലോം എഡിറ്റര്‍ ജയ്‌മോന്‍ കുമരകം, ആന്റണി ചടയംമുറി എന്നിവര്‍ക്കാണ് സിറാക്ക് പുരസ്‌കാരം സമ്മാനിച്ചത്.

You must be logged in to post a comment Login