യുവജനങ്ങളാണ് സഭയുടെ സമ്പത്ത് : കർദിനാൾ മാർ ജോർജ് ആലഞ്ചേരി

യുവജനങ്ങളാണ് സഭയുടെ സമ്പത്ത് : കർദിനാൾ മാർ ജോർജ് ആലഞ്ചേരി

കൊച്ചി ചലനാത്മകമായ സഭക്ക് യുവജനങ്ങളെ അവഗണിച്ചു മുന്നോട്ടു പോകാനാകില്ലെന്നും പുതിയ കാലത്തു പുതുമയോടെ സഭയെ അവതരിപ്പിക്കാൻ എല്ലാ മേഖലകളിലും ചാലകശക്തികളായിമാറണമെന്നും സിറോ മലബാർ മേജർ ആർച്ച്ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി. ഫ്രാൻസിസ് പാപ്പ ആഹ്വാനം ചെയ്ത യുവജന സിനഡിന്റെ പ്രാരംഭ രേഖയെ ആസ്പദമാക്കി എറണാകുളം-അങ്കമാലി അതിരൂപത സഘടിപ്പിക്കുന്ന പഠനശിബിരങ്ങളുടെ ഉദ്ഘാടനം സുബോധന പാസ്റ്ററൽ സെന്ററിൽ നിർവഹിക്കുകയായിരുന്നു അദ്ദേഹം.

യുവജനങ്ങളെ മുഖ്യ ധാരയിലേക്ക് കൊണ്ട് വരാൻ സഭാസംവിധാനങ്ങൾക്ക് പോരായ്മകൾ സംഭവിച്ചിട്ടുണ്ട്. പൊതുസമൂഹത്തിനും അപ്രകാരം വീഴ്ച പറ്റി. പഴയ ചട്ടക്കൂടിനകത്തേക്കു യുവജനങ്ങളെ ഒതുക്കുകയല്ല ഫ്രാൻസിസ് പാപ്പ  ആഗ്രഹിക്കുന്നത് പോലെ പുതിയ ശൈലികളും സമീപനങ്ങൾ കൊണ്ടും അവരുടെ ഹൃദയം കവരുകയാണ് വേണ്ടതെന്നും കർദിനാൾ അഭിപ്രായപ്പെട്ടു.

തെറ്റും ശരിയും തിരിച്ചറിയുന്നതിനേക്കാൾ ശരികൾക്കിടയിലെ കൂടുതൽ ശരി വിവേചിച്ചറിയുന്നതാണ് യുവജനങ്ങളുൾപ്പെടുന്ന സമൂഹം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയെന്ന് മുഖ്യ പ്രഭാഷണം നടത്തിയ മംഗലപുഴ സെമിനാരി പ്രൊഫസർ റവ.ഡോ. മാർട്ടിൻ കല്ലുങ്കൽ പറഞ്ഞു.

യുവജനങ്ങൾ കൊണ്ടുവരുന്ന മാറ്റങ്ങളെ പ്രതിരോധിക്കാതെ ഉള്കൊള്ളുവാനുള്ള പരിശ്രമം സമൂഹത്തിന്റെ ഭാഗത്തു നിന്ന് ഉണ്ടാകണമെന്ന് പ്രബന്ധം അവതരിപ്പിച്ച സംസ്കൃത സർവകലാശാല പ്രൊഫസർ ഡോ. ജോസ് ആന്റണി പങ്കുവെച്ചു.

തുടർന്ന് നടന്ന പാനൽ ചർച്ചയിൽ ബെന്നി ആന്റണി, സെമിച്ചൻ ജോസഫ്, ബോബി പോൾ, ധനുഷ മേരി, അമല ട്രീസ തുടങ്ങിയവർ  പങ്കെടുത്തു.

സുബോധന ഡയറക്ടർ .ഫാ.ഷിനു ഉതുപ്പാൻ, പ്രോഗ്രാം കോഓർഡിനേറ്റർ റവ.ഫാ. സുരേഷ് മല്പാൻ, പാസ്റ്ററൽ കൗൺസിൽ സെക്രട്ടറി സിജോ പൈനാടത്ത്, .സി.അഞ്ജന സി.എസ്. എൻ, പ്രൊഫ. കെ.ജെ.വര്ഗീസ്,ടിജോ പടയാട്ടിൽ, ഷാജു എം,വി. ബിബിൻ ആന്റണി, ജോയി വാത്തികുളം എന്നിവർ സംഘാടക സമിതി അംഗങ്ങളായിരുന്നു.

You must be logged in to post a comment Login