പതിമൂന്നാം വയസില്‍ സാത്താന് ആത്മാവിനെ തീറെഴുതിക്കൊടുത്ത ഒരാളുടെ അത്ഭുതകരമായ തിരിച്ചുവരവിന്റെ കഥ

പതിമൂന്നാം വയസില്‍ സാത്താന് ആത്മാവിനെ തീറെഴുതിക്കൊടുത്ത ഒരാളുടെ അത്ഭുതകരമായ  തിരിച്ചുവരവിന്റെ കഥ

അത്ഭുതങ്ങള്‍ തീര്‍ന്നിട്ടില്ല എന്നും അടയാളങ്ങള്‍ തോര്‍ന്നിട്ടില്ല എന്നും ഏറ്റു പാടാവുന്ന ഒരു ജീവിതകഥയാണ് ഒരുകാലത്ത് സാത്താന്‍ പുരോഹിതനായിരുന്ന സഖാരി കിംങിന്റേത്. ബാപ്റ്റിസ്റ്റ് കുടുംബത്തിലായിരുന്നു അദ്ദേഹത്തിന്റെ ജനനം. പതിനൊന്നാം വയസില്‍ അധ്യാപികയുടെ ലൈംഗികപീഡനത്തിന് ഇരയാകേണ്ടിവന്നു.

അതിന് മുമ്പേ മാജിക് വിദ്യകളോട് ആകര്‍ഷണമുണ്ടായിരുന്നു. എന്തായാലും ഈ രണ്ട് സംഭവങ്ങളോടെ സഖാരിയുടെ ജീവിതം തല കീഴായ് മറിഞ്ഞു. പതിമൂന്നാം വയസില്‍ സ്വന്തം ആത്മാവിനെ സാത്താന് തീറെഴുതിക്കൊടുത്ത് പുതിയൊരു വഴിയെ അവന്‍ സഞ്ചരിച്ചുതുടങ്ങി.

പതിനഞ്ചാം വയസില്‍ ആഭിചാരകര്‍മ്മങ്ങള്‍ ആരംഭിച്ചു. ഗര്‍ഭചിദ്രത്തിന് സഹായിയായി നില്ക്കുകയായിരുന്നു അത്. അങ്ങനെ നിഷ്‌ക്കളങ്കരക്തം അയാളുടെ കൈകളില്‍ ആദ്യമായി പതിഞ്ഞു.

21 വയസായപ്പോഴേക്കും സാത്താന്‍ ആരാധനയുടെ മുഖ്യ പുരോഹിതനായി മാറിക്കഴിഞ്ഞിരുന്നു. ഏകദേശം 150 ഓളം അബോര്‍ഷനുകള്‍ക്ക് താന്‍ പിന്നീട് കൂട്ടുനില്ക്കുകയോ സഹായിയാകുകയോ ചെയ്തിട്ടുണ്ടെന്നാണ് സഖാരിയുടെ ഏറ്റുപറച്ചില്‍.

ജീവിതത്തില്‍ സന്തോഷവും സമാധാനവും അറിഞ്ഞിട്ടില്ലാത്ത നാളുകളായിരുന്നു അത്. താന്‍ ആത്മാവിനെ സാത്താന് വിറ്റവനാണെന്നും നരകത്തിലേക്ക് പോകേണ്ടവനാണെന്നും ഉള്ള ചിന്ത സഖാരിയെ മഥിച്ചുകൊണ്ടിരുന്നു. അങ്ങനെയുള്ള ഒരു ദിവസമാണ് ഒരു സ്ത്രീ അദ്ദേഹത്തിന് മാതാവിന്റെ ഒരു മെഡല്‍ സമ്മാനിച്ചത്. മാതാവ് തന്നെ നോക്കി പുഞ്ചിരിക്കുന്നതുപോലെ അദ്ദേഹത്തിന് തോന്നി.

വൈകാതെ അയാളുടെ ജീവിതത്തില്‍ അതിശയകരമായ മാറ്റങ്ങളുണ്ടായി തുടങ്ങുകയായിരുന്നു. അയാള്‍ വിശുദ്ധ കുര്‍ബാനയ്ക്ക് പോയിതുടങ്ങി. ആരാധനയില്‍ സംബന്ധിക്കാനാരംഭിച്ചു. ദിവ്യകാരുണ്യത്തില്‍ ഈശോയെ കാണാന്‍ കഴിഞ്ഞു. 18 മണിക്കൂര്‍ വരെ ആരാധനയ്ക്കായി അയാള്‍ നീക്കിവച്ചു.

ഒടുവില്‍ 2008 ല്‍ കത്തോലിക്കാ വിശ്വാസം സ്വീകരിച്ചു. അങ്ങനെയൊരു ദിവസം പരിശുദ്ധ അമ്മ തന്നോട് ചോദിക്കുന്നതുപോലെ അയാള്‍ക്ക് തോന്നി. നിന്റെ ജോലി എന്നെ സഹായിക്കാന്‍ വേണ്ടി ഉപയോഗിക്കാമോ?

അമ്മയുടെ ചോദ്യത്തിന്റെ അര്‍ത്ഥം അയാള്‍ക്ക് മനസ്സിലായില്ല. ആരാധനയ്ക്കിടെ അതിന് അയാള്‍ക്ക് ഉത്തരം കിട്ടി. നീ നിനക്ക് അറിയാവുന്നത് വച്ച് ചെയ്യുക. സഖാരിക്ക് മാതാവ് ഉദ്ദേശിച്ചത് എന്തെന്ന് മനസ്സിലായി. അബോര്‍ഷനായിരുന്നുവല്ലോ അയാള്‍ ചെയ്തിരുന്ന ജോലി. അതിന്റെ രൂക്ഷതയെക്കുറിച്ച് ലോകത്തോട് പറയാനാണ് മാതാവ് തന്നോട് ആവശ്യപ്പെടുന്നത്.

1973 മുതല്ക്കാണ് യുഎസില്‍ അബോര്‍ഷന്‍ നിയമവിധേയമാക്കിയത്. ഇന്നും അതിന് തടയിടാന്‍ കഴിഞ്ഞിട്ടില്ല. ഈ സാഹചര്യത്തില്‍ അബോര്‍ഷനെതിരെ ശബ്ദിക്കാനും പ്രവര്‍ത്തിക്കാനുമായി അയാള്‍തന്‍റെ ജീവിതം മാറ്റിവച്ചു .

അബോര്‍ഷന്‍ സാത്താനുള്ള ബലിയാണ്. ഇന്ന് ലോകത്തോട് സഖാരി കിംങ് പറയുന്നത് അതാണ് .അജാത ശിശുക്കളെ കൊന്നൊടുക്കാന്‍ സാത്താന്‍ ആവശ്യപ്പെടുന്നത് എന്തുകൊണ്ടാണെന്നറിയാമോ.. ഒക്ടോബര്‍ 28 ന് ഒരു സമ്മേളനത്തില്‍ പങ്കെടുത്തപ്പോള്‍ ആയിരത്തോളം വരുന്ന ആളുകളോടായി സഖാരി ചോദിച്ചു.

സാത്താന് നിഷ്‌ക്കളങ്കതയെ ഭയമാണ്. ആത്മീയശത്രുവിനെ ഭൗതികവസ്തുക്കള്‍ കൊണ്ട് നേരിടാനാവില്ല. അതിന് ആത്മീയ ആയുധം തന്നെ വേണം.ജപമാല പോലെ ഇത്രയും ശക്തമായ ആത്മീയ ആയുധം വേറെയില്ലെന്നാണ് സഖാരി പറയുന്നത്.

അബോര്‍ഷന്‍ സെന്ററുകള്‍ക്ക് മുമ്പില്‍ ദിവ്യകാരുണ്യാരാധനയും ഗ്വാഡലൂപ്പെ മാതാവിന്റെ രൂപവുമായിട്ടുള്ളപ്രദക്ഷിണവും നടത്തണമെന്നാണ് വൈദികരോട് ഇദ്ദേഹം നിര്‍ദ്ദേശിക്കുന്നത്.

ഒരിക്കല്‍ ജീവിച്ച തെറ്റായ വഴിയുപേക്ഷിച്ച് ഇന്ന് നന്മയുടെയും പരിശുദ്ധ അമ്മയുടെയും വഴിയെ സഞ്ചരിക്കുകയാണ് സഖാരി കിംങ്. പ്രമേഹം ഇദ്ദേഹത്തിന്റെ കണ്ണുകളുടെ കാഴ്ചശക്തി നഷ്ടപ്പെടുത്തിയിട്ടുണ്ടെങ്കിലും ആന്തരികമായ ഉള്‍ക്കാഴ്ചകള്‍ ഏറെയുണ്ട് ഇദ്ദേഹത്തിന്.

You must be logged in to post a comment Login